സിപിഐ എം പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ചു
എസ്എല്‍ പുരം: സിപിഐ എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു തകര്‍ത്ത ബജെപിക്കാര്‍ ദമ്പതികളെ മര്‍ദ്ദിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ വനസ്വര്‍ഗത്തുവെളി അജിത്തിന്റെ വീടാണ് തകര്‍ത്തത്. വീടിനുള്ളില്‍കയറി നടത്തിയ ആക്രമണത്തില്‍ അജിത്ത് (24), അച്ഛന്‍ ബോധാനന്ദന്‍ (47), അമ്മ വിജയകുമാരി (45) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ബോധാനന്ദന്‍, വിജയകുമാരി എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പലകയും പനമ്പുംകൊണ്ട് മറച്ച ഷീറ്റുമേഞ്ഞ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ചാണ് അക്രമിസംഘം വീടിനുള്ളില്‍ കയറിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരമ്പുവടിക്ക് തലയില്‍ അടിയേറ്റ ബോധാനന്ദന്‍ ബോധരഹിതനായി വീണു. ബോധാനന്ദനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യയുടെ വലതുകൈ അടിച്ചൊടിച്ചു. ദേഹമാസകലം ഇരുമ്പുവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ അജിത്തിനും അടിയേറ്റു. അച്ഛനെയും അമ്മയെയും സഹോദരനെയും ആക്രമിക്കുന്നതുകണ്ട് മകള്‍ അജിഷ (17) ബോധരഹിതയായി. വീടിനകത്തുണ്ടായിരുന്ന ടെലിവിഷന്‍, ഡിവിഡി എന്നിവയും അടിച്ചുതകര്‍ത്തു. വീടിനുപുറത്തുവച്ചിരുന്ന ബൈക്ക്, രണ്ട് സൈക്കിള്‍, കലം, ചട്ടി തുടങ്ങിയവയും നശിപ്പിച്ചു. പലകതറച്ച അടുക്കളയും ചവിട്ടിപ്പൊളിച്ചു. അരമണിക്കൂറോളം അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. കഞ്ഞിക്കുഴി പട്ടാണിവെളി ദീപു, നിഥി, തളിയാടി ജയേഷ്, കരോട്ടുവെളി മനു, വിഷ്ണു, തത്തനാട്ട് മധു എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് ബോധാനന്ദന്‍ പൊലീസിനു മൊഴി നല്‍കി.
സിപിഐ എം ഏരിയ സെക്രട്ടറി സി കെ ഭാസ്കരന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ജി മോഹനന്‍, സിപിഐ എം കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി പി സാബു എന്നിവര്‍ സംഭവസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. അക്രമിസംഘം കഴിഞ്ഞ കുറെനാളുകളായി വനസ്വര്‍ഗത്ത് കേന്ദ്രീകരിച്ച് ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച എല്‍ഡിഎഫിന്റെ ബോര്‍ഡുകളും ഫ്ളെക്സുകളും കൊടിതോരണങ്ങളും ഇവര്‍ നശിപ്പിച്ചു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ വാര്‍ത്താബോര്‍ഡ്, കൊടി, യുവശക്തി, ദേശാഭിമാനി യൂണിറ്റുകളുടെ കൊടിയും കൊടിമരവും അക്രമിസംഘം തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് വനസ്വര്‍ഗത്ത് പ്രകടനവും സമ്മേളനവും നടത്തിയിരുന്നു. ഇതിനുശേഷം അക്രമികള്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് ബിജെപിക്കാരെ വിളിച്ചുവരുത്തി ഗൂഢാലോചന നടത്തിയാണ് വീടുകയറി ആക്രമിച്ചത്. ആക്രമണത്തിനുശേഷം അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിലരെ വിളിച്ചിരുന്നു. ഫോണില്‍ ബന്ധപ്പെട്ട ചിലരുടെ ഫോണുകള്‍ മാരാരിക്കുളം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാരാരിക്കുളം സിഐയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. വനസ്വര്‍ഗം പ്രദേശത്ത് സമാധാനജീവിതം തകര്‍ക്കുന്ന ബിജെപി അക്രമിസംഘത്തെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി പി സാബു ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡിവൈഎഫ്ഐ കണ്ണര്‍കാട് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
നിര്‍മാണത്തിനിടെ ബോംബ് പൊട്ടിആര്‍എസ്എസ് പ്രവര്‍ത്തകന് പരിക്ക്
ആമ്പിലാട്: പന്ന്യോറ നിട്ടുക്കോമം ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണാലയത്തില്‍ ബാലന്റെ മകന്‍ ഹരീഷി(30)ന് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വിഷു ദിനത്തില്‍ രാത്രി വീടിന് സമീപത്തുള്ള വയലിനരികത്തെ കലുങ്കിനടുത്ത്് ബോംബ് നിര്‍മാണത്തിനിടെ പൊട്ടുകയായിരുന്നു. കൈവിരലുകള്‍ അറ്റുപോയ ഹരീഷ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരു ചെവിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. മദ്യപിച്ചെത്തി മൌവ്വഞ്ചേരി ലീല എന്ന സ്ത്രീയുടെ വീട് ആക്രമിച്ച സംഭവത്തിലും സിപിഐ എം കൊടികളും പ്രചാരണബോര്‍ഡുകളും നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസില്‍ പരാതിയുണ്ട്.
നന്തിയില്‍ ആര്‍എസ്എസ് അക്രമം: വീട് തകര്‍ത്തു
പയ്യോളി: നന്തി ഇരുപതാംമൈല്‍സില്‍ വീടിന് നേരെ വീണ്ടും ആര്‍എസ്എസ് അക്രമം. സിപിഐ എം അനുഭാവിയായ ഭഗവതി ഒഴവ് നിലം ഗ്രീന്‍വ്യൂവില്‍ അശോകന്റെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ ആര്‍എസ്എസ് സംഘം അടിച്ചുതകര്‍ത്തത്. വീടിന്റെ നാലുഭാഗത്തുമുള്ള 26 ജനറല്‍ ചില്ലുകള്‍ മുഴുവന്‍ തകര്‍ത്തു. ശബ്ദം കേട്ട് അശോകന്റെ ഭാര്യ പുഷ്പ ബോധമറ്റ് വീണു. ചില്ലുകളില്‍ തട്ടി മുറിവേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ഗവമെന്റാശുപത്രയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ കക്കൂസ് ടാങ്കിലേക്കും മറ്റുമുള്ള പൈപ്പുലൈനുകള്‍ അടിച്ച് തകര്‍ത്തു. വീട്ടുവളപ്പിലെ വാഴകളും കവുങ്ങുകളും വെട്ടി നശിപ്പിച്ചു.
പുലര്‍ച്ചെ മൂന്നോടെയാണ് പത്തോളം വരുന്ന ആര്‍എസ്എസ് സംഘം അക്രമം നടത്തിയത്. അശോകനും ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിലുണ്ടായത്. സമീപത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം തിരിച്ചുപോയത്. നിലത്തെ ടൈല്‍സ് മുഴുവന്‍ കുത്തിയിളക്കിയിട്ടുണ്ട്. ഇരുമ്പ് പൈപ്പുകൊണ്ടും മഴു ഉപയോഗിച്ചുമാണ് ജനലുകള്‍ തകര്‍ത്തത്. അക്രമത്തിന് ഉപയോഗിച്ച മഴു വീട്ടിനകത്തുനിന്ന് കണ്ടെടുത്തു. ബഹളംകേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. തലേദിവസമാണ് പോവതിവയലില്‍ ജനാര്‍ദനന്റെ വീട് ബിജെപി സംഘം ആക്രമിച്ച് തകര്‍ത്തത്. അശോകന്റെ ഭാര്യ പുഷ്പ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ആക്രമണത്തില്‍ സിപിഐ എം മൂടാടി ലോക്കല്‍കമ്മറ്റി പ്രതിഷേധിച്ചു. വീടുകള്‍ക്കു നേരെ നിരന്തരം ആര്‍എസ്എസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും മൂടാടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വന്‍, കെ ദാസന്‍, ഏരിയാ സെക്രട്ടറി ടി ചന്തു, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ ജീവാനന്ദന്‍ തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
യൂത്ത് കോണ്‍ഗ്രസ് ആക്രമണം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തുറവൂര്‍: യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കുത്തിയതോട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നികര്‍ത്തില്‍ സുരേഷ് (30), കണിച്ചുകാട്ട് ഷിജിമോന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ കുത്തിയതോട് നായില്ലത്തു കോളനിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനുപിന്നില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുത്തിയതോട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ ചാരുപറമ്പ് കോളനിയില്‍ ജോയിച്ചന്‍ (24), നായില്ലത്തു കോളനിയില്‍ അജേഷ് (25), ചാരുപറമ്പ് കോളനിയില്‍ ദിനേശന്‍ (31) എന്നിവര്‍ ചേര്‍ന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. കുത്തിയതോട് പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍സംഘത്തെ ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്ഐ കുത്തിയതോട് മേഖലാ പ്രസിഡന്റ് എന്‍ സാജിയും സെക്രട്ടറി എസ് രതീഷും ഏരിയ പ്രസിഡന്റ് വി സോജകുമാറും സെക്രട്ടറി ടി എം ഷെറീഫും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരാജയഭീതിപൂണ്ട് യുഡിഎഫ് ആക്രമണം; സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോട്ടയം: പരാജയഭീതിയില്‍ യുഡിഎഫ് നേതൃത്വം മണ്ഡലത്തില്‍ വ്യാപക ആക്രമണം നടത്തുന്നു. അടൂരില്‍ നിന്നടക്കം ഗുണ്ടകളെയെത്തിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ചത്. ബൂത്തുകള്‍ ക്രമീകരിക്കുന്ന പ്രവര്‍ത്തകരെ ചിലയിടങ്ങളില്‍ ഓടിച്ചിട്ട് ആക്രമിച്ചു. നാട്ടകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മുനിസിപ്പല്‍ കൌണ്‍സിലറുമായ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സിപിഐ എം കണ്ണാടിക്കടവ് ബ്രാഞ്ച് സെക്രട്ടറി പാക്കില്‍ പാടത്ത്ചിറ സണ്ണി മാത്യു (39), സിബി (49) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കുറിച്ചി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നാട്ടകം കണ്ണാടിക്കടവിന് സമീപം പകല്‍ 12.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ അടൂരില്‍നിന്നുള്ള ഗുണ്ടാസംഘം ക്രൈംവാരിക സ്ത്രീകള്‍ക്ക് വിതരണം ചെയ്തു. ഇത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് മര്‍ദനത്തിന് കാരണം. നാട്ടകം സുരേഷും സംഘവും പ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നു. അടുത്ത വീട്ടില്‍ അഭയം പ്രാപിച്ച പ്രവര്‍ത്തകരെ വലിച്ചിഴച്ച് സൈക്കിള്‍ ചെയിനും കമ്പിവടിയും ഉപയോഗിച്ച് മര്‍ദിച്ചു. നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.
ലീഗ് അക്രമത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്
പാപ്പിനിശേരി: ലീഗ് അക്രമത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ഇരിണാവ് ആനാംകൊവ്വലിലെ പി പി ഷംനാദി (25) നാണ് പരിക്കേറ്റത്. പാപ്പിനിശേരി വെസ്റ്റ് അറബി കോളേജിന് സമീപത്ത്വച്ച് വെള്ളിയാഴച രാത്രി ഒമ്പതിന് ലീഗുകാരായ ഷാഹിര്‍, അലി എന്നിവരുടെ നേതൃത്വത്തിലുള്ള സഘമാണ് ആക്രമിച്ചത്. മാരകായുധങ്ങള്‍ കൊണ്ടുള്ള അക്രമത്തില്‍ ഇടതുകാലിന്റെ അസ്ഥി പൂര്‍ണമായി ഒടിഞ്ഞു. കമ്പിപ്പാരകൊണ്ടുള്ള കുത്തേറ്റ് തലക്കും ഗുരുതര പരിക്കുണ്ട്. ഷംനാദ് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിണാവിലെ ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) അംഗമായ ഷംനാദിനെ ആക്രമിച്ചതില്‍ പാപ്പിനിശേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചു
മയ്യില്‍: ചെത്തുതൊഴിലാളിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മാതോടം പുതിയപറമ്പ് യൂണിറ്റ് പ്രസിഡന്റ് പി പി ഷജിത്തി (35) നെയാണ് ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച പകല്‍ പതിനൊന്നിന് കണ്ണാടിപ്പറമ്പ് ടൌണില്‍വച്ചാണ് ആക്രമണം. ചെത്തുതൊഴില്‍ കഴിഞ്ഞ് ഹോട്ടലില്‍ കയറിയപ്പോഴാണ് ആറംഗ എസ്ഡിപിഐ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷജിത്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ല് പൊട്ടി. തലയില്‍ പന്ത്രണ്ടിടത്ത് മുറിവുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരായ കണ്ണാടി പറമ്പിലെ ഷരീഫ്, ഷജീര്‍, റയീസ്, ഷംസാദ് എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.
പെരിയയില്‍ സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
കാഞ്ഞങ്ങാട്: പെരിയയില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. പെരിയയിലെ ചുമട്ട് തൊഴിലാളി വെള്ളന്തട്ടയിലെ നാരായണന്‍ (29), പെരിയയിലെ അനീഷ് (21), റിനീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച സന്ധ്യയോടെ പെരിയ ബസ്സ്റ്റോപ്പില്‍ നില്‍ക്കവെയായിരുന്നു ആക്രമം. കോണ്‍ഗ്രസുകാരായ പ്രശാന്ത്, മുരളി, രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നാരായണനെ വടിവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയതായിരുന്നു അനീഷും റിനീഷും. നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കെഎല്‍ 60 എ 1530 ആള്‍ട്ടോ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണന്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഒരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടത്തിയ അക്രമത്തില്‍ സിപിഐ എം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചു. ഉദുമ മണ്ഡലത്തില്‍ യുഡിഎഫിന്റെ ദയനീയ പരാജയം മുന്നില്‍ കണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സിപിഐ എം ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ദേശാഭിമാനി
സിപിഐ എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു തകര്‍ത്ത ബജെപിക്കാര്‍ ദമ്പതികളെ മര്‍ദ്ദിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ വനസ്വര്‍ഗത്തുവെളി അജിത്തിന്റെ വീടാണ് തകര്‍ത്തത്. വീടിനുള്ളില്‍കയറി നടത്തിയ ആക്രമണത്തില്‍ അജിത്ത് (24), അച്ഛന്‍ ബോധാനന്ദന്‍ (47), അമ്മ വിജയകുമാരി (45) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ബോധാനന്ദന്‍, വിജയകുമാരി എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete