Thursday, April 7, 2011

അലകടലായി ആയിരങ്ങള്‍....

പോരാട്ടവീഥിയില്‍ ആവേശമായി ജനനായകന്‍

കോഴിക്കോട്: സമയം ആറേകാല്‍..... തിരുവമ്പാടിയില്‍ വി എസ് വന്നിറങ്ങുകയാണ്. അസ്തമയസൂര്യന്‍ ചുവപ്പുരാശി പടര്‍ത്തിയ മാനത്തിന് കീഴെ കൂറ്റന്‍ ചെമ്പതാകകളുമായി ആര്‍ത്തിരമ്പുന്ന ജനസഹസ്രം. വിളിപ്പാടകലെയുള്ള വേദിയിലേക്ക് നീങ്ങാന്‍ കാറില്‍ നിന്നിറങ്ങിയ വി എസിനെ കണ്ടതും ഇരമ്പിയാര്‍ക്കയാണ് ജനാവലി. കര്‍ഷകകരും തൊഴിലാളികളും യുവാക്കളും അമ്മമാരും. ഇടതുപക്ഷത്തിന്റെ രണ്ടാംവരവിന് പിന്തുണയും അഭിവാദ്യവുമര്‍പ്പിച്ച ജനതയുടെ സ്നേഹാവേശപ്രകടനത്തിന് നടുവില്‍ വി എസ് അച്യുതാനന്ദന്‍. വേദിയിലേക്ക് നീങ്ങാന്‍ സഖാക്കള്‍ വഴിയൊരുക്കണമെന്ന ആവര്‍ത്തിച്ചുള്ള നേതാക്കളുടെ അഭ്യര്‍ഥന. വളണ്ടിയര്‍മാരും നേതാക്കളും ഇടപെട്ട് വി എസിനെ വേദിയിലെത്തിക്കുമ്പോള്‍ പിന്നിട്ടത് ഇരുപത് മിനുട്ട്. സ്വതസിദ്ധമായ ശൈലിയില്‍ വേദിയില്‍ നിന്ന് നാട്ടുകാരെ കൂപ്പുകൈകളുയുര്‍ത്തി വി എസ് അഭിവാദ്യം ചെയ്തതും പടക്കത്തിന്റെ സ്ഫോടകശേഷിയെ നിര്‍വ്വീര്യമാക്കി പ്രകമ്പനമായ മുദ്രാവാക്യങ്ങള്‍. സഖാക്കളുടെ, നാടിന്റെ ആവേശാഭിവാദനങ്ങളേറ്റുവാങ്ങി ഇടതുപക്ഷത്തിന്റെ മുന്നണിപ്പോരാളിയുടെ പര്യടനം. പുറമേരി മുതല്‍ കോഴിക്കോട് കടപ്പുറംവരെ ബുധനാഴ്ച കോഴിക്കോട് ദര്‍ശിച്ചത് എല്‍ഡിഎഫിന്റെ ജനനായകന്റെ ജൈത്രയാത്രയാത്ര.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ ജനവിധിയുടെ വിളംബരമായിരുന്നു പതിനായിരങ്ങള്‍ അണിനിരന്ന യോഗങ്ങള്‍. ബുധനാഴ്ച രാവിലെ പുറമേരിയില്‍ നിന്നായിരുന്നു വി എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം. പത്തുമണിക്ക് നിശ്ചയിച്ച യോഗത്തിലേക്ക് സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനൊപ്പം വി എസ് എത്തുമ്പോള്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടിരുന്നു. മീനമാസച്ചൂടില്‍ ഉരുകിത്തിളക്കുന്ന ഉച്ചവെയിലിലും തളരാതെ വൃദ്ധര്‍, അമ്മമാര്‍, യുവതി-യുവാക്കള്‍, കത്തുന്ന സൂര്യന്റെ ഉഷ്ണപ്രവാഹത്തിലും തിളച്ചുമറിയുന്ന ആവേശവുമായാണ് കടത്തനാടന്‍ ജനാവലി കേരളത്തിന്റെ മുഖ്യമന്ത്രിയെ വരവേറ്റത്. പുറമേരി രാജാസ് സ്കൂള്‍ ഗ്രൌണ്ടില്‍ വി എസ് എത്തുമ്പോള്‍ ഇരമ്പിയാര്‍ക്കയായിരുന്നു ജനസാഗരം. ജനകീയകേരളത്തിന്റെ സമരനായകന് നാദാപുരത്തിന്റെ, ഒഞ്ചിയത്തിന്റെ സമരപുളകങ്ങള്‍ നെഞ്ചേറ്റുന്ന ജനത നല്‍കിയത് വീരോചിതമായ സ്വീകരണം.

സദസ്സിലെത്തിയ വി എസ് സ്നേഹഹാരങ്ങള്‍ ഏറ്റുവാങ്ങി വേഗം പ്രസംഗത്തിലേക്ക്. കേന്ദ്രത്തിലേപ്പോലെ വളര്‍ച്ച കേരളം കൈവരിക്കില്ലെന്ന് പറഞ്ഞ എ കെ ആന്റണി കേരളത്തില്‍ വന്ന് നടത്തുന്ന ഉപദേശങ്ങള്‍ക്ക് കളിയാക്കല്‍ . ഒന്നേമുക്കാല്‍ ലക്ഷംകോടിയുടെ 2ജിസ്പെക്ട്രവും രണ്ടുലക്ഷംകോടിയുടെ എസ്ബാന്‍ഡ് അഴിമതിപോലെയാണോ വളരേണ്ടത്. കോടികളുടെ കോടികളുടെ കൊടിയ അഴിമതി....നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ചുമുള്ള വിഎസ് സ്റ്റൈലിലേക്ക് പ്രസംഗം നീണ്ടതും കരഘോഷവര്‍ഷം. സ്ഥാനാര്‍ഥികളായ കെ കെ ലതിക, ഇ കെ വിജയന്‍, സി കെ നാണു എന്നിവര്‍ക്ക് വോട്ടഭ്യര്‍ഥിച്ച് അടുത്തകേന്ദ്രത്തിലേക്ക്.

പയ്യോളിയിലെത്തുമ്പോള്‍ കൃത്യം ഒരുമണി. അപ്പോള്‍ പയ്യോളിറെയില്‍പ്പാതയിലൂടെ ചൂളംവിളിച്ചുംകുതിച്ചുംപാഞ്ഞ ഏറനാട് എക്സ്പ്രസ്. മിന്നല്‍വേഗത്തില്‍ പായുന്ന വണ്ടിയുടെ വേഗപ്രവാഹം ആവാഹിച്ചതുപോലെ വി എസ് എത്തിയതും പയ്യോളി ഇളകിമറിഞ്ഞു. ചന്ദനമരംകട്ടുമുറിച്ച് ചന്ദനത്തൈലംവാറ്റിവിറ്റ് അഴിമതിപ്പണമുണ്ടാക്കിയ കുഞ്ഞാലിമാര്‍, നാട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പെണ്‍വാണിഭവീരന്മാരുടെ ഭരണം നമുക്കുവേണോ....വി എസിന്റെ ചോദ്യത്തിന് പ്രതികരണമായി വാനിലുയരുന്ന മുഷ്ടികളും കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളും. തിഹാര്‍ജയിലിലൊരു രാജയും പൂജപ്പുരയിലൊരു പിള്ളയും ..പൊതുസ്വത്ത് കട്ടുതിന്ന കള്ളന്മാര്‍, ഇനി കണ്ണൂരിലും വിയ്യൂരിലുമെല്ലാമുള്ള ജയിലുകളിലേക്ക് പോകാന്‍ യുഡിഎഫ്നേതാക്കളുടെ ക്യൂവാണ്...ക്യൂവാണ്...ക്യൂവാണ്. വിഎസ് പ്രസംഗത്തില്‍ ഫോമിലെത്തിയതും ചിരിച്ചും തലയാട്ടിയും കൈയടിച്ചും ആവേശം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലം സ്ഥാനാര്‍ഥികള്‍ കെ ദാസനും കെ കുഞ്ഞമ്മദിനും വോട്ടഭ്യര്‍ഥിച്ച് പ്രസംഗം നിര്‍ത്തി.

പയ്യോളിയില്‍ നിന്നും കോഴിക്കോട്ടെത്തി ഭക്ഷണം കഴിച്ച് അല്‍പം വിശ്രമം. നാലരക്ക് കോഴിക്കോട് പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടി. എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച തീര്‍ച്ചയെന്ന് വ്യക്തമാക്കി നയവും പരിപാടിയും വലതുപക്ഷത്തിന്റെ കൊള്ളരുതായ്മകളും വിശദീകരിക്കുന്നു. വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമേകി തിരുവമ്പാടിക്ക് മടങ്ങുമ്പോള്‍ അഞ്ചേമുക്കാല്‍. അരമണിക്കൂറോളം പ്രസംഗിച്ച് മലയോരത്തിന്റെ ഹൃദയാഭിവാദനത്തിന് നന്ദിപറഞ്ഞും തിരുവമ്പാടി സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിനെയും കൊടുവള്ളിയിലെ സ്ഥാനാര്‍ഥി എം മെഹബൂബിനെയും വിജയിപ്പിക്കാനഭ്യര്‍ഥിച്ചും മടക്കം. സമാപനകേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തുമ്പോള്‍ രാത്രി എട്ടുമണി. പൂഴിവാരിയിട്ടാല്‍ വീഴാത്തത്ര ജനം. അറബിക്കടലിന് സമാന്തരമായി അലകടലായി ഇടതുപക്ഷത്തിന്റെ കര്‍മ്മധീരരായ പ്രവര്‍ത്തകര്‍. മന്ത്രി എളമരം കരീം(ബേപ്പൂര്‍), എ പ്രദീപ്കുമാര്‍ എംഎല്‍എ(കോഴിക്കോട് നോര്‍ത്ത്), സി പി മുസാഫര്‍ അഹമ്മദ്(കോഴിക്കോട് സൌത്ത്), അഡ്വ. പിടിഎ റഹീം എംഎല്‍എ(കുന്നമംഗലം), എ കെ ശശീന്ദ്രന്‍(എലത്തൂര്‍) എന്നിവര്‍ക്ക് വോട്ട്തേടിയും ചെറുപ്രസംഗം. രാത്രി ഒമ്പതോടെ ഗസറ്റ്ഹൌസിലേക്ക്. വ്യാഴാഴ്ച രാവിലെ വീണ്ടും കുതിക്കയാണ്. ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാക്കി മലപ്പുറത്തേക്ക്. എണ്‍പത്തിയാറിലും ക്ഷീണിക്കാതെ ഉശിരാര്‍ന്ന യൌവനത്തിന്റെ വീറോടെ.

അലകടലായി ആയിരങ്ങള്‍....

കോഴിക്കോട്: നഗരത്തിലെ എല്ലാ വഴികളും കടപ്പുറത്തേക്കായിരുന്നു. കടലിലേക്ക് പുഴകള്‍ ചെന്നുചേരുംപോലെ കൈയില്‍ ചെങ്കൊടിയേന്തിയ കുട്ടികളും സ്ത്രീകളുമടക്കമുള്ള പതിനായിരങ്ങള്‍ വിശാലമായ കടപ്പുറത്തെ പൂഴിപ്പരപ്പിലേക്ക് ചെന്നുചേര്‍ന്നു. മെല്ലെ മെല്ലെ കടലിനു സമാന്തരമായി മറ്റൊരു മനുഷ്യക്കടല്‍. കേരളത്തിന്റെ സമരനായകന്‍ വി എസ് അച്യുതാനന്ദന്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച ആറുമണിയാവുമ്പോഴേക്കും കടല്‍ക്കരയില്‍ മഹാസമുദ്രം. ആവേശം അണപൊട്ടിയപോലെ സ്റ്റേജിനുമുന്നില്‍ കെട്ടിയ ബാരിക്കേഡുകള്‍ ദേഭിച്ചും ജനം ഇരമ്പി. മുന്നണിയുടെ നേതാക്കള്‍ പ്രസംഗിച്ചുതുടങ്ങുമ്പോള്‍ സൂര്യന്‍ കടലിലേക്ക് താഴ്ന്നുതുടങ്ങി. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാറിന്റെയും മലീമസമായ കേരളത്തിലെ യുഡിഎഫിന്റെയും ജീര്‍ണിച്ച കഥകള്‍ നേതാക്കള്‍ വിവരിച്ചപ്പോള്‍ ജനം സശ്രദ്ധം കേട്ടിരുന്നു. അതിനിടയിലും എല്ലാവരുടെയും കണ്ണ് സ്റ്റേജിനു സമീപത്തെ കവാടത്തിലേക്കായിരുന്നു. പുന്നപ്രയുടെ സമരനായകന്‍ കവാടത്തിലൂടെ കടന്നുവരുന്നുണ്ടോ എന്ന് എല്ലാവരും ഇടക്കിടെ തിരയുന്നു. മനുഷ്യസാഗരത്തിന്റെ മറുകരയില്‍ ചെങ്കൊടികള്‍ അപ്പോഴും ഓളംവെട്ടുന്നുണ്ടായിരുന്നു. പൊടുന്നനെ കവാടത്തിനരികെ തൊണ്ടകീറുന്ന മുദ്രവാക്യം വിളികള്‍. പിന്നെ കടലോരം മുഴുവന്‍ ആര്‍ത്തിരമ്പി. പക്ഷേ അത് മറ്റെന്തോ കാരണത്താലായിരുന്നു.
ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എളമരം കരീമിന്റെ കുറിക്കുകൊള്ളുന്ന പ്രസംഗം തുടരുന്നതിനിടെ വീണ്ടും ആരവം. സ്റ്റേജിനുസമീപത്തായി വന്നുചേര്‍ന്ന കറുത്ത ഇന്നോവ കാറിനുനേരെ ആര്‍ത്തലച്ചുവരുന്ന ജനക്കൂട്ടം. നിയന്ത്രിക്കാനാവാതെ പെടാപ്പാടുപെടുന്ന നേതാക്കളും പ്രവര്‍ത്തകരും സിറ്റി കമീഷണര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും. സമയം 7.50. വി എസിന് വേദിയിലേക്ക് വഴിയൊരുക്കിക്കൊടുക്കാന്‍ നേതാക്കള്‍ മൈക്കിലൂടെ അഭ്യര്‍ഥിച്ചിട്ടും ജനം പിന്മാറിയില്ല. ആര്‍ത്തിരിമ്പിയെത്തിയ ജനത്തിനു നടുവിലൂടെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനടക്കമുള്ളവര്‍ ചേര്‍ന്ന് വി എസിനെ വേദിയിലേക്ക് എത്തിക്കുമ്പോള്‍ സമയം എട്ട് കഴിയുന്നു.

വേദിയിലേക്ക് കയറി സ്വതഃസിദ്ധമായ ശൈലിയില്‍ വിഎസ് ഇരുകൈകളുമുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍ സദസ്സ് ആര്‍ത്തിരമ്പി. നിലയ്ക്കാത്ത മുദ്രാവാക്യം വിളികള്‍കൊണ്ട് കടപ്പുറം മുഖരിതമായി. നീട്ടിയും കുറുക്കിയും പ്രസംഗം തുടങ്ങിയതോടെ ജനത്തിന് അടങ്ങാത്ത ആവേശം. ഓരോ വാക്കും തലകുലുക്കിയും ചിരിച്ചും ചിന്തിച്ചും ജനം ആസ്വദിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളെ മഹാഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ അഭ്യര്‍ഥന. കേന്ദ്രത്തിലെയുെം കേരളത്തിലെയും കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ 8.25. പ്രസംഗം നിര്‍ത്തിയ വി എസിനെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്ക് കൂട്ടിയവരോട് ചെറുചിരി. പുറത്തിറങ്ങിയപ്പോഴും ആദ്യ അനുഭവംതന്നെ. ഒരുക്കി നിര്‍ത്തിയ കാറിലേക്ക് മുഖ്യമന്ത്രിയെ കയറ്റാന്‍ പൊലീസിന് അക്ഷരാര്‍ഥത്തില്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികള്‍ക്കിടയില്‍ പതിയെ അദ്ദേഹത്തിന്റെ കാര്‍ ഇഴഞ്ഞുനീങ്ങി.

മന്‍മോഹന്‍സിങ്ങിന്റെ ഭരണം ഗാന്ധിയന്മാര്‍ക്കും സഹിക്കാനാവുന്നില്ല: വി എസ്

കോഴിക്കോട്: മന്‍മോഹന്‍സിങ്ങിന്റെ കീഴില്‍ അഴിമതി അസഹനീയമായി വര്‍ധിച്ചത് കാണാന്‍ കഴിയാത്തതിനാല്‍ പ്രമുഖ ഗാന്ധിയന്മാര്‍പോലും നിരാഹാരമനുഷ്ഠിക്കുന്ന അവസ്ഥയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കടപ്പുറത്ത് ചേര്‍ന്ന ബേപ്പൂര്‍, കോഴിക്കോട് സൌത്ത്, നോര്‍ത്ത്, എലത്തൂര്‍, കുന്നമംഗലം, ബാലുശേരി മണ്ഡലങ്ങളുടെ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പെക്ട്രം അഴിമതിയില്‍ 1.76 കോടി, ബഹിരാകാശവുമായി ബന്ധപ്പെട്ട മറ്റൊരു സ്പെക്ട്രത്തില്‍ രണ്ടുലക്ഷം കോടി, കാര്‍ഗില്‍ പട്ടാളക്കാരുടെ വിധവകള്‍ക്കുവേണ്ടി പടുത്തുയര്‍ത്തിയ ഫ്ളാറ്റുകള്‍ പണിതീര്‍ന്നിട്ടും ഒരു വീടുപോലും പട്ടാളക്കാരുടെ വിധവകള്‍ക്കു നല്‍കിയിട്ടില്ല. ഫ്ളാറ്റുകളോരോന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും അവരുടെ ഭാര്യമാരും വീതിച്ചെടുക്കുന്നു. ഇങ്ങനെ പോവുന്നു അഴിമതി ആരോപണങ്ങള്‍. ഇതില്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ല സാക്ഷാല്‍ ഗാന്ധിയന്മാര്‍പോലും ദുഃഖിതരാണ്. കൊടിയ അഴിമതികാട്ടിയ രാജയെ പ്രധാനമന്ത്രി തൊടുന്നില്ല. അദ്ദേഹം കോഗ്രസിന്റെ ഘടകകക്ഷിയായ ഡിഎംകെ പാര്‍ടിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിസ്സംഗത കണ്ട് സുപ്രീംകോടതി വെറുതെയിരുന്നില്ല. രാജയെ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അതുപോലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരു മാന്യന്‍ കഴിയുന്നുണ്ട്. പേര് ആര്‍ ബാലകൃഷ്ണപിള്ള. മറ്റൊരാള്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സജീവന്‍. ഇവര്‍ക്കും ശിക്ഷ നല്‍കിയത് സുപ്രീം കോടതിയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും വിയ്യൂര്‍, കണ്ണൂര്‍ ജയിലിലേയ്ക്കും അടയ്ക്കേണ്ടവര്‍ ഒന്നിനുപിറകെ ഒന്നായി വരുന്നുണ്ട്. അതില്‍ ചിലര്‍ സ്ഥാനാര്‍ഥികളാണ്. അവര്‍ക്ക് വോട്ട് കൊടുത്ത് പാഴാക്കരുത്. എനിക്ക് ആരോടും പ്രതികാരദാഹമില്ല. പൊതുമുതല്‍ കട്ടുതിന്നുന്നവരോടും നമ്മുടെ സഹോദരിമാരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും എനിക്ക് സന്ധിയില്ല. നമ്മുടെ കടമ ഈ കള്ളന്മാരെ പിടിക്കുകയെന്നുള്ളതാണ്. പിടിക്കണമെങ്കില്‍ ഇന്നു നിലനില്‍ക്കുന്ന കേരളത്തിലെ ഗവണ്‍മെന്റിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എളമരം കരീം, എ പ്രദീപ്കുമാര്‍, സി പി മുസാഫര്‍ അഹമ്മദ്, എ കെ ശശീന്ദ്രന്‍, പിടിഎ റഹീം, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്ക് അഭിമാനാര്‍ഹമായ വിജയം സമ്മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ വി ശശാങ്കന്‍ അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം അമര്‍ജിത് സിങ്കൌര്‍, എളമരം കരീം, ടി പി പീതാംബരന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ടി രാജന്‍ സ്വാഗതം പറഞ്ഞു. പുറമേരിയില്‍ സത്യന്‍ മൊകേരി അധ്യക്ഷനായി. ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ, പി സതീദേവി, മന്ത്രി ബിനോയ്വിശ്വം, പി മോഹനന്‍, സി മൊഹസിന്‍, ഒ രാജന്‍, സി എച്ച് നാരായണന്‍, കെ ജി ഹമീദ്, സെബാസ്റ്റ്യന്‍, സ്ഥാനാര്‍ഥികളായ കെ കെ ലതിക, സി കെ നാണു, ഇ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ പി കുഞ്ഞമ്മത്കുട്ടി സ്വാഗതം പറഞ്ഞു. പയ്യോളിയില്‍ എം നാരായണന്‍ അധ്യക്ഷനായി. പി വിശ്വന്‍ എംഎല്‍എ, മുക്കം മുഹമ്മദ്, അഹമ്മദ് ദേര്‍കോവില്‍, ടി സത്യചന്ദ്രന്‍, ഇ കെ അജിത്, സ്ഥാനാര്‍ഥികളായ കെ കുഞ്ഞമ്മദ്, കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു. ടി ചന്തു സ്വാഗതം പറഞ്ഞു. തിരുവമ്പാടിയില്‍ പി കെ കണ്ണന്‍ അധ്യക്ഷനായി. ഇ രമേശ്ബാബു, മുക്കം മുഹമ്മദ്, സി മൊഹസിന്‍, നാസര്‍കൊളായി, വി എ സെബാസ്റ്റ്യന്‍, ജോയ് അഗസ്റ്റിന്‍, സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസ് എന്നിവര്‍ സംസാരിച്ചു. ജോളി ജോസഫ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 070411

1 comment:

  1. സ്വതസിദ്ധമായ ശൈലിയില്‍ വേദിയില്‍ നിന്ന് നാട്ടുകാരെ കൂപ്പുകൈകളുയുര്‍ത്തി വി എസ് അഭിവാദ്യം ചെയ്തതും പടക്കത്തിന്റെ സ്ഫോടകശേഷിയെ നിര്‍വ്വീര്യമാക്കി പ്രകമ്പനമായ മുദ്രാവാക്യങ്ങള്‍. സഖാക്കളുടെ, നാടിന്റെ ആവേശാഭിവാദനങ്ങളേറ്റുവാങ്ങി ഇടതുപക്ഷത്തിന്റെ മുന്നണിപ്പോരാളിയുടെ പര്യടനം. പുറമേരി മുതല്‍ കോഴിക്കോട് കടപ്പുറംവരെ ബുധനാഴ്ച കോഴിക്കോട് ദര്‍ശിച്ചത് എല്‍ഡിഎഫിന്റെ ജനനായകന്റെ ജൈത്രയാത്രയാത്ര.

    ReplyDelete