Thursday, April 7, 2011

മമതയുടെ പെരുംനുണകള്‍ തുറന്നുകാട്ടി ഇടതുമുന്നണി

കൊല്‍ക്കത്ത: ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന മമത ബാനര്‍ജിയുടെ പെരുംനുണകള്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുകാട്ടി. മമത ഇടതുമുന്നണിക്കെതിരെ അവതരിപ്പിച്ച 18 നുണകള്‍ക്ക് സിപിഐ എം നേതാവും സംസ്ഥാന ഭവനനിര്‍മാണമന്ത്രിയുമായ ഗൌതം ദേബാണ് ദൃശ്യ-ശ്രവ്യസംവിധാനത്തോടെ വസ്തുതകളും കണക്കുകളും നിരത്തി അക്കമിട്ട് മറുപടി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 5.65 രൂപയ്ക്കാണ് അരി നല്‍കുന്നതെന്നും സംസ്ഥാനസര്‍ക്കാര്‍ 450 കോടി രൂപയുടെ സബ്സിഡി നല്‍കിയാണ് ഇത് രണ്ട് രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നും ഗൌതം ദേബ് രേഖകള്‍ പ്രദര്‍ശിപ്പിച്ച് പറഞ്ഞു.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് കിലോയ്ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണെന്നാണ് മമതയുടെ നുണപ്രചാരണം. ഒരുലക്ഷം തൃണമൂലുകാര്‍ക്കെതിരെ കള്ളക്കേസെന്നത് കെട്ടിച്ചമച്ച കണക്കാണ്. സംസ്ഥാനത്ത് ആകെ 82277 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാത്ത വാറണ്ടുള്ളത്. ഇതില്‍ ക്രിമിനലുകളും ഭരണ-പ്രതിപക്ഷ പാര്‍ടികളിലുള്ളവരുമുണ്ട്.

പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ പകുതിയും വൈദ്യുതീകരിക്കാത്തവയാണെന്നതാണ് മമതയുടെ മറ്റൊരു നുണ. 37910 ഗ്രാമങ്ങളില്‍ 37775 എണ്ണവും വൈദ്യുതീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങള്‍ നിരത്തിയാണ് ഹര്‍ത്താലിനെതിരാണ് തങ്ങളെന്ന മമതയുടെ വാദം ഗൌതംദേബ് പൊളിച്ചത്. കഴിഞ്ഞ രണ്ട് റെയില്‍വേ ബജറ്റുകളിലായി രാജ്യത്താകെ റെയില്‍വേ പദ്ധതികള്‍ക്ക് നീക്കിവച്ചത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. ബംഗാളില്‍ ഒരു ലക്ഷം കോടി രൂപ റെയില്‍ പദ്ധതികള്‍ക്കായി നീക്കിവച്ചെന്ന മമതയുടെ വാദം കള്ളമാണെന്ന് റെയില്‍വേ ബജറ്റ് തന്നെ പറയുന്നുണ്ട്.

മമതയ്ക്ക് രാജ്യസ്നേഹമുണ്ടെങ്കില്‍ ജംഗല്‍മഹലിലും ഡാര്‍ജിലിങ്ങിലും സമാധാനമുണ്ടാക്കുന്ന ഫോര്‍മുല ഇപ്പോള്‍ത്തന്നെ പരസ്യപ്പെടുത്തേണ്ടതാണ് (മൂന്ന് മാസത്തിനകം സമാധാനം കൈവരുത്തുമെന്നാണ് മമത പറയുന്നത്). സംസ്ഥാന പൊലീസ് സേനയിലെ 80 ശതമാനവും സിപിഐ എം കാഡര്‍മാരാണ് എന്നാണ് മമതയുടെ വാദം. എന്നാല്‍, പൊലീസ് സേനയില്‍ നിന്ന് വിരമിക്കുന്നവര്‍ മമതയുടെ വീടിനുമുന്നിലാണ് ക്യൂ നില്‍ക്കുന്നത് (നിരവധി റിട്ടയേഡ് പൊലീസ് ഓഫീസര്‍മാര്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്). ഇടതുമുന്നണി ഹിന്ദുക്കളെ അവഗണിക്കുകയും മുസ്ളിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നെന്ന മമതയുടെ ആരോപണം അപകടകരവും വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ളതുമാണെന്നും ഗൌതം ദേബ് പറഞ്ഞു.
(വി ജയിന്‍)

ദേശാഭിമാനി 070411

1 comment:

  1. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന മമത ബാനര്‍ജിയുടെ പെരുംനുണകള്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുകാട്ടി. മമത ഇടതുമുന്നണിക്കെതിരെ അവതരിപ്പിച്ച 18 നുണകള്‍ക്ക് സിപിഐ എം നേതാവും സംസ്ഥാന ഭവനനിര്‍മാണമന്ത്രിയുമായ ഗൌതം ദേബാണ് ദൃശ്യ-ശ്രവ്യസംവിധാനത്തോടെ വസ്തുതകളും കണക്കുകളും നിരത്തി അക്കമിട്ട് മറുപടി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 5.65 രൂപയ്ക്കാണ് അരി നല്‍കുന്നതെന്നും സംസ്ഥാനസര്‍ക്കാര്‍ 450 കോടി രൂപയുടെ സബ്സിഡി നല്‍കിയാണ് ഇത് രണ്ട് രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നും ഗൌതം ദേബ് രേഖകള്‍ പ്രദര്‍ശിപ്പിച്ച് പറഞ്ഞു.

    ReplyDelete