Monday, April 11, 2011

തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും: അജിത

വേങ്ങരയില്‍ സ്ത്രീവേദി പ്രവര്‍ത്തകരെ മുസ്‌ലിംലീഗുകാര്‍ തടഞ്ഞ സംഭവത്തില്‍  തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ യോഗസ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയതും പ്രസ് ക്ലബ് വളഞ്ഞതും യു ഡി എഫ് നേതാക്കളുടെ അറിവോടെയാണ്. ഇക്കാര്യത്തില്‍ യു ഡി എഫിലെ മറ്റ് ഘടക കക്ഷികള്‍ നിലപാട്   വ്യക്തമാക്കണമെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണം നടത്തുന്നത് തടയാന്‍ ക്വട്ടേഷന്‍ സംഘങ്ങളുള്‍പ്പെടെയുള്ളവരാണ് വാഹനങ്ങളിലെത്തി യോഗസ്ഥലം കയ്യേറുകയും തെറിയഭിഷേകം നടത്തുകയും ചെയ്തത്. വോട്ടു കുറയുമെന്ന ഭീതിയില്‍ ആസൂത്രിത നീക്കമായിരുന്നു ഇതിനു പിന്നില്‍. എല്‍ ഡി എഫിനുള്ള മൈക്ക് പെര്‍മിഷനാണ് വേങ്ങരയില്‍ തങ്ങള്‍ ഉപയോഗിച്ചത്. ആശയപ്രചാരത്തിനുള്ള അവകാശം തടയുന്ന ഇത്തരം നടപടിക്കെതിരേ പ്രതികരിക്കണം. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതികരിക്കുകയെന്ന കര്‍ത്തവ്യം തുടരുമെന്നും അജിത പറഞ്ഞു.

പെണ്‍വാണിഭക്കേസ്സില്‍ പങ്കാളിയെന്ന് ആരോപണവിധേയനായ വേങ്ങരയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി  കുഞ്ഞാലിക്കുട്ടിക്കെതിരെ  തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കാനെത്തിയ അജിതക്കുനേരെ നൂറോളം ലീഗുകാര്‍ അക്രമത്തിനൊരുമ്പെടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അജിതയും മറ്റ് സ്ത്രീവേദിപ്രവര്‍ത്തകും വേങ്ങരയിലെത്തിയത്. വേങ്ങര ബസ്സ്സ്റ്റാന്‍ഡിനുസമീപം പൊതുയോഗത്തിന് ചെറിയ വേദി  സജ്ജമാക്കി.   വേങ്ങര പ്രസ് ഫോറത്തിന്റെ ഓഫീസില്‍  പത്രസമ്മേളനം നടത്താനും തീരുമാനിച്ചു.  ഇതിനിടെ ബൈക്കുകളിലും ജീപ്പുകളിലുമായി മുസ്‌ലിംലീഗിന്റെ കൊടിയുമേന്തി  വേങ്ങര ടൗണിലെത്തിയ യുവാക്കള്‍  അജിത പത്രസമ്മേളനം നടത്തുന്ന പ്രസ് ഫോറം ഓഫീസിനുനേരെ നീങ്ങി. ഭീഷണി മുഴക്കുന്ന മുദ്രാവാക്യങ്ങളുമായായി യൂത്ത് ലീഗിന്റെ നേതൃത്വത്തിലായിരുന്നു ലീഗുകാരുടെ വരവ്. പ്രകടനം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ പതാകയും ഉണ്ടായിരുന്നെങ്കിലും ഇടക്ക് വച്ച് കോണ്‍ഗ്രസ് പതാക അപ്രത്യക്ഷമായി. അജിതയെ അസഭ്യം പറഞ്ഞും ഭീഷണിമുഴക്കിയും കുഞ്ഞാലിക്കുട്ടിക്ക് ജയ് വിളിച്ചും പ്രസ് ഫോറം ഓഫീസിനുമുന്നിലേക്ക് അക്രമികള്‍ എത്തിയപ്പോഴേക്കും  സ്ഥലത്തെത്തിയ കുറച്ചുപൊലീസുകാര്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി. പ്രാദേശിക യൂത്ത് ലീഗ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചതെങ്കിലും  നാട്ടുകാരല്ലാത്ത പലരും ജാഥയില്‍ എത്തി. പ്രതിഷേധത്തിന് ആദ്യം രംഗത്തെത്തിയ വേങ്ങരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇതോടെ അപകടം മണത്തറിഞ്ഞ് പിന്‍വാങ്ങി. അജിതക്കെതിരെ അക്രമണം അഴിച്ചുവിടാന്‍ മുസ്‌ലിംലീഗ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ജാഥയിലേക്ക് കടന്നുകൂടിയതെന്ന് പിന്നീട് വ്യക്തമായി. അരമണിക്കൂറിലധികം പ്രസ് ഫോറം ഓഫീസിനുമുന്നില്‍ ഉപരോധം സൃഷ്ടിച്ച് കൊലവിളി നടത്തിയ അക്രമികള്‍ പ്രസ്‌ഫോറം ഓഫീസ് തകര്‍ക്കാനും ശ്രമിച്ചു. എന്തുവന്നാലും പൊതുയോഗം നടത്തണമെന്ന നിലപാട് സ്വീകരിച്ച അജിതയോട് ക്രമസമാധാനപ്രശ്‌നം  ചൂണ്ടിക്കാട്ടി മടങ്ങിപ്പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്.  അജിത വഴങ്ങുന്നില്ലെന്നു കണ്ടതോടെ  പൊതുയോഗത്തിന് മൈക്ക് പെര്‍മിഷന്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് അജിതയുടെ യോഗം റദ്ദാക്കി.

janayugom 110411

No comments:

Post a Comment