Tuesday, April 5, 2011

കോടതിയില്‍ സത്യവാങ്ങ്മൂലം....മാധ്യമങ്ങളില്‍ അസത്യവാങ്ങ്മൂലം..

കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോണ്‍ഗ്രസിന്റെ കള്ളക്കളി തുറന്നുകാട്ടി: ഐസക്

ആലപ്പുഴ: ലോട്ടറിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ സ്വീകരിച്ച കള്ളക്കളികള്‍ വെളിച്ചത്തായെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രസ്താവനയില്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തെ സംബന്ധിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം യഥാവിധി അറിയിച്ചില്ല എന്ന് പ്രചാരണം നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വായടപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് സിബിഐ അന്വേഷണം വൈകിക്കാനും അട്ടിമറിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവെന്നത് ഈ സത്യവാങ്മൂലത്തോടെ വ്യക്തമായി.

സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം ഇറക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വാദഗതിയിലെ പൊള്ളത്തരം ഇന്നത്തെ കോടതിനിരീക്ഷണത്തോടെ വ്യക്തമായി. സിബിഐ അന്വേഷണത്തിന് പ്രത്യേക വിജ്ഞാപനം ആവശ്യമില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ നിര്‍ബന്ധിതനായി. ലോട്ടറി കൊള്ളക്കാര്‍ക്കെതിരെ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും മാപ്പുപറയണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ സമീപനമാണ് സ്വീകരിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ രണ്ടരക്കൊല്ലക്കാലം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ 2006ല്‍തന്നെ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം അറിയിച്ചു ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്യസംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത് കോടതിയില്‍ ഹാജരായത് ചിദംബരത്തിനോ അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനോ ഓര്‍മയില്ല എന്നാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. അദ്ദേഹത്തിനും കോണ്‍ഗ്രസിനും ഇത് ഓര്‍മയുണ്ടാവില്ല. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ക്ക് ചിദംബരം മുതല്‍ മനു അഭിഷേക് സിങ്വി വരെയുള്ള കോണ്‍ഗ്രസുകാര്‍ അന്യസംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത് ഹൈക്കോടതിയില്‍ ഹാജരായത് മറക്കാനാവില്ല. കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ജനങ്ങളുടെ ഓര്‍മയെ വെല്ലുവിളിക്കരുത്.

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ നടപടികളെയും അഭിനന്ദിക്കാന്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ നിര്‍ബന്ധിതനായി. അന്യസംസ്ഥാന ലോട്ടറിക്കാര്യത്തില്‍ ഇതോടെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും കള്ളക്കളി ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

ദേശാഭിമാനി 060411

1 comment:

  1. ലോട്ടറിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ സ്വീകരിച്ച കള്ളക്കളികള്‍ വെളിച്ചത്തായെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രസ്താവനയില്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തെ സംബന്ധിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം യഥാവിധി അറിയിച്ചില്ല എന്ന് പ്രചാരണം നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വായടപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് സിബിഐ അന്വേഷണം വൈകിക്കാനും അട്ടിമറിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവെന്നത് ഈ സത്യവാങ്മൂലത്തോടെ വ്യക്തമായി.

    ReplyDelete