Thursday, April 7, 2011

അരിക്കായി കേരളം സമരം ചെയ്തപ്പോള്‍ ആന്റണി എവിടെയായിരുന്നു?


കേന്ദ്രത്തില്‍നിന്നുള്ള റേഷന്‍വിഹിതത്തിനായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രിമാരും ധര്‍ണയിരുന്നപ്പോള്‍ ഇപ്പോള്‍ കേരളസ്നേഹം നടിക്കുന്ന എ കെ ആന്റണിയും വയലാര്‍ രവിയും എവിടെയായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു. ബിപിഎല്‍ വിഭാഗത്തിനു മാത്രമേ വിലയിളവോടുകൂടിയ റേഷന് അര്‍ഹതയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തോട് യോജിപ്പുണ്ടോയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എറണാകുളം ജില്ലയിലെ വിവിധ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളില്‍ വൃന്ദ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അനുകൂല സര്‍ക്കാരിനു മാത്രമേ കേന്ദ്രസഹായം കിട്ടൂവെന്നു പറയുന്ന എ കെ ആന്റണി കേന്ദ്ര ഖജനാവ് കുടുംബസ്വത്തല്ലെന്നു മനസ്സിലാക്കണം. കേരളത്തില്‍ 11 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ റേഷന് അര്‍ഹതയുള്ളൂവെന്നാണ് കേന്ദ്രം പറയുന്നത്. റേഷന്‍ വെട്ടിക്കുറച്ചത് യുഡിഎഫ് ഭരണത്തിലായിരുന്നുവെങ്കില്‍ കേന്ദ്രത്തിന്റെ വാക്ക് ഓച്ഛാനിച്ചുനിന്നു കേട്ട് കിട്ടിയതുംകൊണ്ട് പോരുമായിരുന്നു. അരി കിട്ടിയത് എല്‍ഡിഎഫ് ഭരിച്ചതിനാലാണ്. റേഷന്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ എല്ലാവര്‍ക്കും റേഷനരി നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരുവര്‍ഷത്തിനിടെ അഞ്ചുപ്രാവശ്യം പെട്രോളിന്റെ വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരാണ് വിലക്കയറ്റത്തിന് ഉത്തരവാദി. ആദര്‍ശ് ഫ്ളാറ്റിനെപ്പറ്റി കേള്‍ക്കുന്നതുതന്നെ ആദര്‍ശം പറയുന്ന എ കെ ആന്റണിക്ക് ബുദ്ധിമുട്ടാണ്. കേന്ദ്രത്തില്‍ ഒരോ ദിവസവും പുതിയ അഴിമതികള്‍ പുറത്തുവരികയാണ്. 2ജി സ്പെക്ട്രം അഴിമതി കേസില്‍ സിബിഐ അറസ്റ്റ്ചെയ്ത എ രാജയുടെ പാര്‍ടിയായ ഡിഎംകെയ്ക്ക് കഴിഞ്ഞദിവസം സോണിയഗാന്ധി സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും യുപിഎ നേതാക്കളുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ടി എച്ച് മുസ്തഫയുടെ ഹര്‍ജിയോടെ ഉമ്മന്‍ചാണ്ടിയും മുന്‍മന്ത്രി കെ കെ രാമചന്ദ്രന്റെ ടൈറ്റാനിയം വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം പ്രതിസ്ഥാനത്തേക്ക് എത്തുകയാണ്. ഇത് കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കംകെടുത്തുന്നുവെന്നും വൃന്ദ പറഞ്ഞു.

ദേശാഭിമാനി 070411

2 comments:

  1. കോണ്‍ഗ്രസ് അനുകൂല സര്‍ക്കാരിനു മാത്രമേ കേന്ദ്രസഹായം കിട്ടൂവെന്നു പറയുന്ന എ കെ ആന്റണി കേന്ദ്ര ഖജനാവ് കുടുംബസ്വത്തല്ലെന്നു മനസ്സിലാക്കണം.

    ReplyDelete
  2. എ കെ ആന്റണിയുടെയും സോണിയ ഗാന്ധിയുടെയും പ്രസതാവനകള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന് ഡോ. നൈനാന്‍ കോശി പറഞ്ഞു. കേന്ദ്രത്തോട് യോജിപ്പുള്ള സര്‍ക്കാര്‍ വന്നാലേ സഹായിക്കുവെന്നാണ് ഇരുവരും പറയുന്നത്. ഇത് ഫെഡറല്‍ ഭരണ സംവിധാനത്തിന് എതിരാണ്. എല്‍ഡിഎഫ് ചൊക്ളി സൌത്ത് ലോക്കല്‍ റാലി മേക്കരവീട്ടില്‍താഴെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തെക്കുറിച്ച് ഒന്നും ചര്‍ച്ച ചെയ്യേണ്ടെന്നാണ് ആന്റണി പറയുന്നത്. അഴിമതി ഉള്‍പ്പെടെ തുറന്നുപറയുന്നത് കേന്ദ്രമന്ത്രിക്ക് ഇഷ്ടമല്ല. രാജ്യചരിത്രത്തില്‍ ഇത്ര അഴിമതിയും വിലക്കയറ്റവുമുണ്ടായ കാലം മുമ്പില്ല. യുപിഎയുടെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുന്നത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. പ്രതിരോധം ഇല്ലാതായാല്‍ ജനവിരുദ്ധ നയങ്ങളുടെ ആക്കം കൂടും- നൈനാന്‍ കോശി പറഞ്ഞു.

    ReplyDelete