Friday, April 1, 2011

ഒരു വാര്‍ത്താ സ്‌ഫോടനത്തിന്റെ കപട മുഖം

കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ വോട്ടഭ്യര്‍ഥന നടത്തുന്നതിനിടയില്‍ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി സി ദിവാകരന്‍ വോട്ടറെ കയ്യേറ്റം ചെയ്തുവെന്ന സ്‌ഫോടനാത്മകമായ വാര്‍ത്തയുമായാണ് ബുധനാഴ്ചത്തെ ചില പത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്തയിലെ വിസ്‌ഫോടനത്തിന്റെ ചോരമണം മാത്രം ആസ്വദിക്കുന്ന ഈ പത്രങ്ങള്‍ ആ വര്‍ത്തയില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കാന്‍പോലും മെനക്കെട്ടില്ല. എന്നാല്‍ ആ രംഗങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകന്‍ ഇഗ്നേഷ്യസ് പെരേര മാര്‍ച്ച് 31 ന് പേരുവച്ചെഴുതിയ റിപ്പോര്‍ട്ടില്‍  ഈ പത്രവാര്‍ത്തകളുടെ കപടമുഖം പിച്ചിച്ചീന്തുന്നു. കരുനാഗപ്പള്ളി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ ഉയരുന്ന ചോദ്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഈ റിപ്പോര്‍ട്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
നിയമസഭാ സ്ഥാനാര്‍ഥി കൂടിയായ സംസ്ഥാനത്തെ ഒരു മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വോട്ടെറെ കയ്യേറ്റം ചെയ്തു എന്ന തീപിടിപ്പിക്കുന്ന പത്രവാര്‍ത്ത കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ വിവാദമായി മാറി. എന്നാല്‍ ദൃക്‌സാക്ഷി എന്ന നിലയില്‍ കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ യഥാര്‍ഥത്തില്‍ നടന്നത് ഇതില്‍ പറഞ്ഞിട്ടുള്ളതിനു നേര്‍ വിപരീതമാണെന്ന് ഉത്തമ ബോധ്യത്തോടെ പറയാന്‍ കഴിയും.

കരുനാഗപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി കൂടിയായ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സി ദിവാകരന്‍ പത്ര റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെട്ടതുപോലെ ജെ സുധാകരനെ കയ്യേറ്റം ചെയ്തിട്ടില്ല. എന്നാല്‍ മന്ത്രിയുടെ പിന്നാലെ വന്നവരില്‍ ഒരാള്‍ അയാളെ കയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്. പൊലീസിന് നല്‍കിയ മൊഴിയിലും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രിയുടെ സ്റ്റേഷന്‍ സന്ദര്‍ശനസമയത്ത് ഈ ലേഖകന്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. മന്ത്രി റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നു പുറത്തിറങ്ങി എട്ട് മണിയോടെ വാഹനത്തില്‍ കയറുന്നതുവരെ സ്റ്റേഷനില്‍ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം മന്ത്രി പോയതിനുശേഷം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ബഹളം ഉണ്ടായി. മന്ത്രിയേയും എല്‍ ഡി എഫിനെയും പരിഹസിച്ചു സംസാരിച്ച സുധാകരനെ ഒരാള്‍ കയ്യേറ്റം ചെയ്തതാണ് കാരണം. പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവമെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരനെ കയ്യേറ്റം ചെയ്ത ആളാരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. തൊടിയൂര്‍ സ്വദേശിയായ സുനിലാണത്.

സംഭവത്തിനുശേഷം സുധാകരന്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിക്കുകയും തന്നെ ഒരാള്‍ കയ്യേറ്റം ചെയ്തതായി പരാതിപ്പെടുകയും ചെയ്തു. അപ്പോള്‍ മന്ത്രിയുടെ പേര് സൂചിപ്പിച്ചില്ല. അക്കാര്യം സ്റ്റേഷന്‍ മാസ്റ്ററും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം സുധാകരന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ മന്ത്രി തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് പറഞ്ഞിട്ടുള്ളത്. ആ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പൊലീസിന് സുധാകരന്‍ നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറയുന്നു. താന്‍ മറ്റു യാത്രക്കാരോടൊപ്പം റയില്‍വേ സ്റ്റേഷനില്‍ ഒരു ബഞ്ചില്‍ ഇരിക്കുകയായിരുന്നു. ഈസമയം മന്ത്രി വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടെത്തി. താനൊഴിച്ച് സീറ്റില്‍ ഇരുന്നവരെല്ലാം മന്ത്രിയെകണ്ട് എഴുന്നേറ്റു. താന്‍ മാത്രം എഴുന്നേറ്റില്ല. വോട്ട് ചെയ്യണമെന്ന് മന്ത്രി തന്നോട് നേരിട്ട് അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ യു ഡി എഫ് ആണെന്നും അതുകൊണ്ട് വോട്ട് ചെയ്യുകയില്ലെന്നും പറഞ്ഞു. ഇത് മന്ത്രിയെ ക്ഷുഭിതനാക്കി. തന്റെ കോളറിനു പിടിക്കുകയും കൈയിലുണ്ടായിരുന്ന കവര്‍ തട്ടിപ്പറിക്കുകയും ചെയ്തു. താന്‍ ഏത് സര്‍ക്കാര്‍ ഓഫീസിലാണ് ജോലി ചെയ്യുന്നതെന്ന് മന്ത്രി ചോദിച്ചു. ഇക്കാര്യം മന്ത്രിയെന്തിന് അന്വേഷിക്കണമെന്ന് മറുപടി പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം അടിക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

ജനയുഗം 010411

4 comments:

  1. കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ വോട്ടഭ്യര്‍ഥന നടത്തുന്നതിനിടയില്‍ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി സി ദിവാകരന്‍ വോട്ടറെ കയ്യേറ്റം ചെയ്തുവെന്ന സ്‌ഫോടനാത്മകമായ വാര്‍ത്തയുമായാണ് ബുധനാഴ്ചത്തെ ചില പത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്തയിലെ വിസ്‌ഫോടനത്തിന്റെ ചോരമണം മാത്രം ആസ്വദിക്കുന്ന ഈ പത്രങ്ങള്‍ ആ വര്‍ത്തയില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കാന്‍പോലും മെനക്കെട്ടില്ല. എന്നാല്‍ ആ രംഗങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകന്‍ ഇഗ്നേഷ്യസ് പെരേര മാര്‍ച്ച് 31 ന് പേരുവച്ചെഴുതിയ റിപ്പോര്‍ട്ടില്‍ ഈ പത്രവാര്‍ത്തകളുടെ കപടമുഖം പിച്ചിച്ചീന്തുന്നു. കരുനാഗപ്പള്ളി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ ഉയരുന്ന ചോദ്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഈ റിപ്പോര്‍ട്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

    ReplyDelete
  2. പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത സഖാക്കള്‍ വല്ലപ്പോഴെങ്കിലും സത്യം പ്രചരിപ്പിക്കാന്‍ മെനക്കെട്ടാപ്പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നത് തികച്ചും ദുഖകരമാണ്.. ;)

    ReplyDelete
  3. സത,
    കൈകൾ കൊണ്ട് കണ്ണ്പൊത്തിയാൽ ഇരുട്ടാവില്ല... കണ്ണിലെ ഇരുട്ടുകയറു. ഹ ഹ ഹ

    ReplyDelete
  4. നുണയെപ്പറ്റി പറയാന്‍ സംഘപരിവാറുകാരനേക്കാള്‍ മറ്റാര്‍ക്കുണ്ട് യോഗ്യത? പച്ചക്കള്ളം പച്ചക്കള്ളം എന്ന് ആവര്‍ത്തിച്ച് സത്യത്തെ പച്ചക്കള്ളമാക്കിക്കളയാമെന്ന പൂതി വിടരുത്. വിട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയമില്ലാതാവുമല്ലോ.

    ReplyDelete