Thursday, April 7, 2011

ആന്റണി ജനങ്ങളുടെ ഓര്‍മശക്തി പരീക്ഷിക്കരുത്

യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്ന 'സ്റ്റാര്‍' ക്യാമ്പയിനറാണ് രാജ്യരക്ഷാ മന്ത്രി എ കെ ആന്റണി. എല്‍ ഡി എഫിനെ കടന്നാക്രമിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും പര്യടനം തുടരുകയാണ് അദ്ദേഹം. കര്‍ഷകരുടെ ബ്രഹ്മാസ്ത്രം കൊണ്ട് ഇടതു കോട്ടകള്‍ തകരുമെന്ന് വയനാട്ടില്‍വെച്ച് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. യു ഡി എഫ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് വയനാട്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയതാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാവാന്‍ കാരണമെന്നും ആന്റണി പ്രസ്താവിച്ചു. കഴിഞ്ഞ യു ഡി എഫ് ഭരണത്തിന് നേതൃത്വം നല്‍കിയ ആന്റണി അക്കാലത്തെ ഭരണത്തിന്റെ ദുരന്തംപേറി കാര്‍ഷികമേഖല തകര്‍ന്നതും 1500 ല്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തതും സൗകര്യപൂര്‍വം മറന്നു! 2001-2006 ആന്റണി-ഉമ്മന്‍ചാണ്ടി ഭരണം കേരളത്തെ കണ്ണീര് കുടിപ്പിച്ചു. 2001-04ല്‍ ആന്റണിയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ സാമൂഹ്യ മനസാക്ഷിയെ നടുക്കിയ കര്‍ഷക ആത്മഹത്യയ്ക്ക് നാട് സാക്ഷ്യം വഹിച്ചത് അപ്പോഴാണ്. ഈ ദുരന്തം ആണ് നിയമസഭയില്‍  എല്‍ ഡി എഫ് എം എല്‍ എമാര്‍ ഉന്നയിച്ചപ്പോള്‍ കര്‍ഷക ആത്മഹത്യ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആന്റണിയും കൃഷിമന്ത്രി കെ ആര്‍ ഗൗരിയമ്മയും മറുപടി പറഞ്ഞത്.  ആന്റണിയുടെ ഇന്നത്തെ വീമ്പ് പറച്ചിലില്‍ കഴിഞ്ഞ യു ഡി എഫ് ഭരണത്തിന്റെ കെടുതികള്‍ ജനങ്ങള്‍ വിസ്മരിക്കുമെന്ന് കരുതരുത്. കണ്ണടച്ച് ഇരുട്ടാക്കലാണത്.

എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിതള്ളി. കര്‍ഷക കുടുംബങ്ങള്‍ക്ക് 50,000 രൂപ നല്‍കി, കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിച്ചു. കാര്‍ഷിക മേഖലയുടെ രക്ഷയ്ക്കും ഉല്‍പാദന വര്‍ധനവിനും ഉതകുന്ന ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിന് ഇടയാക്കി. കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യയില്ലെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ കാര്‍ഷിക മേഖലയില്‍ സ്വീകരിച്ച നടപടികളാണ് കര്‍ഷക ആത്മഹത്യയ്ക്ക് വിരാമമിടാനും കാര്‍ഷിക മേഖലയില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാക്കാനും ഇടയാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായമാണ് ആത്മഹത്യ ഇല്ലാതാക്കിയതെന്ന് അവകാശപ്പെടുന്ന ആന്റണി കര്‍ണാടകയിലും തമിഴ്‌നാട്ടിലും വിദര്‍ഭ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലും കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും നടക്കുന്നതെന്തുകൊണ്ടാണെന്നതിനു മറുപടി പറയണം. അവിടെ കേന്ദ്ര സഹായമില്ലെ? കര്‍ഷക ദ്രോഹ നിലപാട് സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതിന്റെ ഫലമായി രാജ്യത്ത് രണ്ട് ലക്ഷത്തില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. എന്തിന് ഇക്കാര്യം മറച്ചുവെയ്ക്കുന്നു?

ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നെല്ലിന്റെ സംഭരണവില 50 പൈസ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയത്. അഞ്ച് പൈസപോലും വര്‍ധിപ്പിക്കില്ല എന്ന ധിക്കാരപരമായ മറുപടിയായിരുന്നു അന്ന് ഭരണക്കാര്‍ക്ക്. എല്‍ ഡി എഫ് നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്ന് 14 ആക്കി ഉയര്‍ത്തി. ഇന്ത്യയില്‍തന്നെ നെല്ലിന് ഉയര്‍ന്ന സംഭരണവില കേരളത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും അഞ്ചര ലക്ഷം കൃഷിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയതും കേരളത്തില്‍ തന്നെ. പലിശരഹിത വായ്പ നല്‍കി കൃഷി പ്രോത്സാഹിപ്പിച്ചു. കൃഷിക്കാരന് ഉല്‍പാദന വര്‍ധനവിന് ശക്തമായ പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകൃതിദുരന്തത്തില്‍ കൃഷിനാശമുണ്ടായി കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരന്തര ശ്രമം നടത്തുകയുണ്ടായി. കര്‍ഷകരെ കുറിച്ച് വേവലാതിപ്പെടുന്ന ആന്റണിക്ക് അന്ന് മൗനവ്രതമായിരുന്നു. കഴിഞ്ഞ ദിവസമാണ് കാര്‍ഷികമേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാര്‍ഷിക മേഖല അമേരിക്കന്‍ കമ്പനിയുടെ നിയന്ത്രണത്തിലാക്കുന്നതിനാണ് ഇത് വഴിയൊരുക്കുക. നമ്മുടെ ഭക്ഷ്യ സുരക്ഷ പോലും അപകടപ്പെടുത്തുന്ന ഈ നിലപാടിനെ കുറിച്ച് ആന്റണിക്ക് വല്ലതും പറയാനുണ്ടോ? കാര്‍ഷിക മേഖലയില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നാണ് ആന്റണിയുടെ കണ്ടുപിടിത്തം. ഇത്തരം കരാറുകളുടെ ആപത്ത് നാം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂ എന്നതാണ് വസ്തുത. ഒന്നാം യു പി എ ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം നടക്കാതെ പോയ എല്ലാ പിന്തിരിപ്പന്‍ നയങ്ങളും ഇപ്പോള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ് കോണ്‍ഗ്രസ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെന്ന് വയനാട്ടില്‍ വച്ച് ആന്റണി ആവര്‍ത്തിക്കുന്നു. എന്തൊരു ആദിവാസിപ്രേമം? മുത്തങ്ങയില്‍ ഭൂമി ചോദിച്ച ആദിവാസികളെ വെടിവച്ച് കൊന്നത് ആന്റണിയുടെ ഭരണത്തിലായിരുന്നു. ജോഗി കൊല്ലപ്പെട്ടു. ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് എല്‍ ഡി എഫ് നല്‍കിയതും. 15,000 ആദിവാസി കോളനികള്‍ക്ക് കൈവശരേഖ നല്‍കി. 35000 ആദിവാസകള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതും എല്‍ ഡി എഫ് ഭരണത്തിലാണ്.

രണ്ടാം യു പി എ ഭരണം അധികാരത്തില്‍ വന്ന ഉടനെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടു രൂപയ്ക്ക് ഗോതമ്പും മൂന്നു രൂപയ്ക്ക് അരിയും നല്‍കുമെന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം കോണ്‍ഗ്രസ് മറന്നു. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ഒരു രൂപയ്ക്ക് ഒരു കിലോ അരി നല്‍കുമെന്നാണ് യു ഡി എഫിന്റെ പ്രഖ്യാപനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിറകോട്ട് പോയപ്പോള്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കി പട്ടിണിയില്ലാത്ത കേരളം കെട്ടിപ്പടുക്കാന്‍ നടപടികള്‍ സ്വീകരിച്ച എല്‍ ഡി എഫ് തീരുമാനത്തെ അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനെ അവര്‍ ആയുധമാക്കി. ഒരു രൂപയ്ക്ക് അരി ആളെ പറ്റിക്കുന്ന ആത്മാര്‍ഥതയില്ലാത്ത പ്രഖ്യാപനമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. വോട്ട് തട്ടാനുള്ള ഒരു നമ്പര്‍. എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ ഒരു കഷണം പിണ്ണാക്ക് കൊടുക്കാത്തവരാണോ, വീട്ടില്‍ ചെന്നാല്‍ എണ്ണ കൊടുക്കുന്നത്?

സബ്‌സിഡി നല്‍കി ഇനി ഭക്ഷ്യധാന്യങ്ങളില്ല, പകരം പണം നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട് പൊതുവിതരണതത്വം തന്നെ തകര്‍ക്കുന്നതാണ്. ഇതിലൂടെ സംഭരണ വിതരണ സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്ന വിലക്കയറ്റം സൃഷ്ടിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. ഊഹക്കച്ചവടക്കാര്‍ക്കും അവധിവ്യാപാരക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കമ്പോളത്തില്‍ അഴിഞ്ഞാടുന്നതിനുള്ള അവസരമുണ്ടാക്കി. സര്‍ക്കാര്‍ പിന്‍മാറി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടി. ലിറ്ററിന് 45.52 രൂപയായിരുന്ന പെട്രോളിന് മന്‍മോഹന്‍സിംഗ് ഏഴ് തവണ വിലകൂട്ടി. ഇന്ന് ലിറ്ററിന് 61 രൂപ 75 പൈസയാണ്. അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ പെട്രോളിയം വില കൂട്ടാനും ഡീസലിന്റെയും വില നിയന്ത്രണം സമ്പൂര്‍ണമായി എടുത്തുകളയാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വില നിര്‍ണയാവകാശം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയാണ്. ഇതിലൂടെ മൂലധനശക്തികള്‍ക്ക് കമ്പോളത്തില്‍ സൈ്വരവിഹാരം നടത്താനും ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാവുകയാണ്. വന്‍തോതില്‍ വിലക്കയറ്റം ഇനിയും ഉണ്ടാവും എന്നാണ് ഇത് കാണിക്കുന്നത്.

എന്നാല്‍ വിലക്കയറ്റം തടയുന്നതിന് കേരളം ഇന്ത്യയ്ക്ക് മാതൃക കാണിക്കുകയാണ്. അതിശക്തമായ പൊതുവിതരണ സംവിധാനത്തിന്റെ ഇടപെടലിലൂടെ ഇന്ത്യയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏറ്റവും വിലക്കുറവുള്ള സംസ്ഥാനം കേരളമാണ്. വിലക്കയറ്റത്തില്‍ 17-ാം സ്ഥാനത്ത്. ''വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്റെ കൈയില്‍ മാന്ത്രിക വടിയില്ല: കേരളം കൈക്കൊണ്ട മാതൃക ഇതരസംസ്ഥാനത്തും പിന്‍തുടരണം''. കേന്ദ്രമന്ത്രി ചിദംബരം ലോകസഭയില്‍ നടത്തിയ പ്രസ്താവനയാണിത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ വൈര നിര്യാതനബുദ്ധിയോടെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അരിവിഹിതം 85 ശതമാനം വെട്ടിക്കുറച്ചു. ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ എതിര്‍ത്തില്ല. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നിരവധി തവണ കേന്ദ്രമന്ത്രിമാരെ കണ്ടു. സര്‍വകക്ഷി പ്രതിനിധികള്‍ നിവേദനം നടത്തി. വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. അതിനുശേഷം എല്‍ ഡി എഫ് ജനപ്രതിനിധികള്‍ ഡല്‍ഹിയില്‍ നിരാഹാരസമരം നടത്തി. അതിനെ ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ സാഹചര്യങ്ങളെ അതിജീവിച്ച് കമ്പോളത്തില്‍ ഇടപെടാനും നിത്യോപയോഗ സാധനവില കുറച്ച് വിതരണം ചെയ്യാനും കേരളത്തിന് കഴിഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 700 കോടിയില്‍ നിന്ന് 2500 കോടിയായി ഉയര്‍ന്നു. ഒരു കിലോ അരി 2 രൂപയ്ക്ക് 42 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍. 600 കോടി രൂപയാണ് കേരളസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്.

കേന്ദ്രസഹായം കേരളത്തിലെ ജനജീവിതം മെച്ചപ്പെടുത്തിയെന്നാണ് മറ്റൊരു വാദം. ജനസംഖ്യാനുപാതികമായി ഇപ്പോഴും കേന്ദ്ര നിരക്കില്‍ കേരളത്തിന് നല്‍കാത്തതെന്ത്? കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന ഹൈക്കോടതി ബഞ്ച്, ഐ ഐ ടി, പാലക്കാട് കോച്ച് ഫാക്ടറി, വിഴിഞ്ഞം പോര്‍ട്ട്, കൊച്ചിന്‍ മെട്രോ, ചേര്‍ത്തല വാഗണ്‍ ഫാക്ടറി - എല്‍ ഡി എഫിനെതിരെ വായ്ത്താരിയുമായി കേരളത്തില്‍ കറങ്ങുന്ന ആന്റണിക്കും കൂട്ടര്‍ക്കും ഇതിലൊക്കെ എന്ത് ചെയ്യാനാവും?

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നാടിന് മാതൃകയാണെന്നാണ് ആന്റണിയുടെ വാദം. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി രാജ്യരക്ഷ കൈകാര്യം ചെയ്യുന്ന അദ്ദേഹം ഓര്‍ക്കുന്നോ? രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കുന്നതിനായി പണിത ഫ്‌ളാറ്റുകള്‍ കൈവശപ്പെടുത്തിയതിലൂടെ അരലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടോ? ഈ തീവെട്ടിക്കൊള്ളയില്‍ പങ്കാളികളായ വിലാസ്‌റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡേയും കേന്ദ്ര മന്ത്രിസഭയില്‍ എന്നോടൊപ്പം ഇരിക്കുമ്പോള്‍ അവരെ ഒഴിവാക്കണമെന്ന് പറയാനെങ്കിലും നാക്ക് പൊങ്ങാത്തതെന്ത്? 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കള്ളപ്പണക്കേസുകള്‍ - അഴിമതിക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും ഭരണമാണ് കേന്ദ്രത്തിലുള്ളത്. ഈ ഭരണം നാടിന് മാതൃകയാവുന്നതെങ്ങനെ?

കേരളത്തില്‍ നിലവിലുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താനും സംസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ബദല്‍ സമീപനം സ്വീകരിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ജനനം മുതല്‍ മരണംവരെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിന്, പട്ടിണിക്കാരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്. കേരളത്തിന്റെ പുരോഗതിക്ക് ഭരണതുടര്‍ച്ച വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

സി എന്‍ ചന്ദ്രന്‍ ജനയുഗം 060411

1 comment:

  1. യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്ന 'സ്റ്റാര്‍' ക്യാമ്പയിനറാണ് രാജ്യരക്ഷാ മന്ത്രി എ കെ ആന്റണി. എല്‍ ഡി എഫിനെ കടന്നാക്രമിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും പര്യടനം തുടരുകയാണ് അദ്ദേഹം. കര്‍ഷകരുടെ ബ്രഹ്മാസ്ത്രം കൊണ്ട് ഇടതു കോട്ടകള്‍ തകരുമെന്ന് വയനാട്ടില്‍വെച്ച് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. യു ഡി എഫ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് വയനാട്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയതാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാവാന്‍ കാരണമെന്നും ആന്റണി പ്രസ്താവിച്ചു. കഴിഞ്ഞ യു ഡി എഫ് ഭരണത്തിന് നേതൃത്വം നല്‍കിയ ആന്റണി അക്കാലത്തെ ഭരണത്തിന്റെ ദുരന്തംപേറി കാര്‍ഷികമേഖല തകര്‍ന്നതും 1500 ല്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തതും സൗകര്യപൂര്‍വം മറന്നു! 2001-2006 ആന്റണി-ഉമ്മന്‍ചാണ്ടി ഭരണം കേരളത്തെ കണ്ണീര് കുടിപ്പിച്ചു. 2001-04ല്‍ ആന്റണിയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ സാമൂഹ്യ മനസാക്ഷിയെ നടുക്കിയ കര്‍ഷക ആത്മഹത്യയ്ക്ക് നാട് സാക്ഷ്യം വഹിച്ചത് അപ്പോഴാണ്. ഈ ദുരന്തം ആണ് നിയമസഭയില്‍ എല്‍ ഡി എഫ് എം എല്‍ എമാര്‍ ഉന്നയിച്ചപ്പോള്‍ കര്‍ഷക ആത്മഹത്യ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആന്റണിയും കൃഷിമന്ത്രി കെ ആര്‍ ഗൗരിയമ്മയും മറുപടി പറഞ്ഞത്. ആന്റണിയുടെ ഇന്നത്തെ വീമ്പ് പറച്ചിലില്‍ കഴിഞ്ഞ യു ഡി എഫ് ഭരണത്തിന്റെ കെടുതികള്‍ ജനങ്ങള്‍ വിസ്മരിക്കുമെന്ന് കരുതരുത്. കണ്ണടച്ച് ഇരുട്ടാക്കലാണത്.

    ReplyDelete