Saturday, August 6, 2011

ചികിത്സയുടെ പേരില്‍ പിള്ളയെ തുറന്നുവിട്ടു

അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ഒരുമാസത്തെ പരോള്‍ കഴിഞ്ഞു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിനു സൗകര്യം ഒരുക്കിയത്. പിള്ളയുടെ ജയില്‍വാസം നീണ്ടാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഭയന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്തെ നിയമവ്യവസ്ഥയെ പുച്ഛിക്കുന്ന നടപടിയെടുത്തത്. ജയില്‍ എഡിജിപിയുടെയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് ഓഫീസില്‍ കാത്തിരുന്ന് വാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിറക്കുകയായിരുന്നു. പ്രത്യേക ദൂതന്‍വശം രാത്രി ഏഴുമണിക്ക് ഉത്തരവ് ജയിലില്‍ എത്തിച്ചു. ഉടന്‍തന്നെ കുമാരപുരത്തെ വന്‍കിട സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി. സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞുകൊണ്ടുതന്നെ ഇളവ് നേടാനാണ് പിള്ളയുടെ നീക്കം.

ഒരു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 45 ദിവസമാണ് പരോള്‍ ലഭിക്കുക. പിള്ള ഇതിനേക്കാള്‍ ഒരു മാസം കൂടുതല്‍ പരോളില്‍ കഴിഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ ആ കാലയളവുംകൂടി അധികം ജയിലില്‍ കഴിയണമെന്നാണ് വ്യവസ്ഥ. ശിക്ഷ ഇളവ് കിട്ടിയില്ലെങ്കില്‍ ബാക്കി കാലയളവ് ആശുപത്രിയില്‍തന്നെ കഴിയാമെന്ന ലക്ഷ്യവും പുതിയ നീക്കത്തിനു പിന്നിലുണ്ട്. പിള്ളയ്ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന മകള്‍ ബിന്ദു ബാലകൃഷ്ണന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്വകാര്യാശുപത്രിയില്‍ ചികിത്സിക്കണമെന്ന് ജയില്‍വകുപ്പ് ശുപാര്‍ശചെയ്തിരുന്നില്ല. ഇത് അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. മകളുടെ അപേക്ഷയില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കണമെന്നായിരുന്നു ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ ശുപാര്‍ശ. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) കെ ജയകുമാറിന് നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹം അതേപടി മുഖ്യമന്ത്രിക്കു കൈമാറി.

വെള്ളിയാഴ്ച പകല്‍ ഒന്നിനാണ് ജയില്‍ എഡിജിപി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഒപ്പം ജയില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും നല്‍കി. 2010 ജനുവരിയില്‍ പിള്ളയ്ക്ക് ഹൃദ്രോഗ ബാധയുണ്ടായെന്നായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഒമ്പത് രോഗങ്ങള്‍ പിള്ളയെ അലട്ടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ , പരോളിലായിരുന്നപ്പോള്‍ ചികിത്സ ലഭ്യമാക്കിയത് സംബന്ധിച്ച പരാമര്‍ശമില്ല. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് പിള്ള ജയിലില്‍ എത്തിയത്. പരോളിലായിരുന്നപ്പോള്‍ പലസ്ഥലത്തും യാത്രചെയ്ത പിള്ള നിരവധി വാര്‍ത്താ സമ്മേളനവും നടത്തി. ഇപ്പോള്‍ പ്രവേശിപ്പിച്ച സ്വകാര്യാശുപത്രിയില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ല. ആശുപത്രിയിലെ സ്യൂട്ട് വ്യാഴാഴ്ചതന്നെ ബുക്ക് ചെയ്തിരുന്നു. അതിനുശേഷമാണ് ജയിലില്‍ എത്തിയത്. ശിക്ഷ ഇളവ് ചെയ്യണമെന്ന പിള്ളയുടെ അപേക്ഷ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് വിട്ടിരിക്കുകയാണ്.

അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത് ആദ്യമാണ്. ശിക്ഷ ഇളവ് നല്‍കുകയോ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ മകനെ മന്ത്രിസഭയില്‍നിന്നു പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന്,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കരയിലെ വസതിയില്‍ ചെന്നു കണ്ട് ചികിത്സയ്ക്ക് അവസരം ഒരുക്കാമെന്ന് വാക്കുനല്‍കിയിരുന്നു.

deshabhimani 060811

3 comments:

  1. അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ഒരുമാസത്തെ പരോള്‍ കഴിഞ്ഞു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിനു സൗകര്യം ഒരുക്കിയത്.

    ReplyDelete
  2. അഴിമതിക്കേസില്‍ പരമോന്നത നീതിപീഠം ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോളിന്റെയും ചികിത്സയുടെയും പേരില്‍ ജയിലിനുപുറത്ത് വിഹരിക്കാന്‍ സാഹചര്യമൊരുക്കുന്നത് നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു.

    ശിക്ഷ ഇളവുചെയ്യാനുള്ള സര്‍ക്കാര്‍നീക്കം കോടതിയലക്ഷ്യത്തിന്റെ പരിധിയോളമെത്തുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലകൃഷ്ണപിള്ളയ്ക്ക് അപൂര്‍വ രോഗമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധിക്കണം. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നീക്കത്തില്‍ വിശ്വാസ്യത ഉണ്ടാവണമെങ്കില്‍ സംസ്ഥാനത്തിനു പുറത്തുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണം. ഒരു കുറ്റവാളിയെ കോടതി ശിക്ഷിച്ചാല്‍ ശിക്ഷ ഉത്തരവാദിത്തത്തോടെ നടപ്പാക്കേണ്ടത് എക്സിക്യൂട്ടീവിന്റെ കടമയാണ്. പരോള്‍ അനുവദിക്കാനും ചികിത്സയുടെ പേരില്‍ ഇളവുനല്‍കാനും സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും വളരെ ആലോചിച്ചും കാര്യങ്ങള്‍ വിശദമായി പഠിച്ചുംമാത്രമേ ഈ നീക്കം നടത്താവൂ. സര്‍ക്കാരിനെ സംരക്ഷിക്കാന്‍വേണ്ടി പിള്ളയുടെ ശിക്ഷാകാലാവധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ബാലിശവും അപഹാസ്യവുമാണ്. പിള്ളയുടെ ശിക്ഷ പ്രായത്തിന്റെ പേരില്‍ ഇളവുചെയ്യാനാകുമോ എന്നാണ് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. എന്നാല്‍ , പ്രായത്തിന്റെ പേരില്‍ ഇളവ് പറ്റില്ലെന്നും മറ്റു കാര്യങ്ങള്‍ പരിഗണിച്ച് ഇളവുനല്‍കാമെന്നുമുള്ള ഉറപ്പില്ലാത്ത നിയമോപദേശമാണ് എജി നല്‍കിയതെന്നത് ശ്രദ്ധേയമാണെന്നും കേളുനമ്പ്യാര്‍ പറഞ്ഞു.

    ReplyDelete
  3. ചികിത്സയ്ക്കെന്നപേരില്‍ ജയിലില്‍നിന്നിറങ്ങിയ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര ആശുപത്രിയിലെ വിഐപി സ്യൂട്ടില്‍ . ആശുപത്രിയിലെ ഒമ്പതാംനിലയില്‍ പിള്ളയുടെ മുറിയില്‍ മൂന്ന് പൊലീസുകാരാണ് കാവല്‍ . പിള്ളയെ ഹൃദ്രോഗവിദഗ്ധന്‍ ഡോ. വിജയരാഘവന്‍ പരിശോധിച്ചു. ഭാര്യയും മക്കളും മരുമക്കളും പിള്ളയെ സന്ദര്‍ശിച്ചു. ഇടമലയാര്‍ അഴിമതി കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയെ വെള്ളിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

    ReplyDelete