Friday, August 5, 2011

നിയമക്കുരുക്കിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര നീളുന്നു

തൃശൂര്‍ : അഴിമതിയും പൊതുപണം തിരിമറി നടത്തിയും ജനങ്ങളെ വഞ്ചിച്ചതിന് ജില്ലയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെക്കൂടി നിയമ നടപടിയൊരുങ്ങുന്നതോടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക നീളുന്നു. എംഎല്‍മാരായ തേറമ്പില്‍ രാമകൃഷ്ണന്‍ , ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ കോടതി ജഡ്ജി വി ജയറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് വെള്ളിയാഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ , തോമസ് ഉണ്ണിയാടന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണമുണ്ട്.

കുട്ടികളുടെ ലൈബ്രറിയുടെ സ്ഥലം അനധികൃതമായി മറിച്ചുവിറ്റെന്നാരോപിച്ച് തേറമ്പില്‍ രാമകൃഷ്ണനെതിരെ പൂങ്കുന്നം ഗ്രീന്‍ ഗാര്‍ഡനില്‍ പുത്തന്‍ വീട്ടില്‍ രമേശ് ആണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. അയ്യന്തോളിലുള്ള ചാച്ചാനെഹ്രു ചില്‍ഡ്രന്‍സ് ലൈബ്രറിയും ലക്ഷങ്ങള്‍ വിലമതിക്കുന്ന പതിമൂന്നര സെന്‍റ് സ്ഥലവും 1991ല്‍ തുച്ഛമായ വിലയ്ക്ക് വിറ്റെന്നാണ് ആരോപണം. കേസില്‍ തേറമ്പിലിന് പുറമെ വസ്തു വാങ്ങിയ തൃക്കുമാരകുടം സ്വദേശി രാധാകൃഷ്ണനും ഭാര്യ രമണിയും പ്രതികളാണ്. ഇട്ട്യാണത്ത് പുത്തന്‍മഠത്തില്‍ കൊളാടി ഗോപാലമേനോന്റെ ശവകുടീരം നില്‍ക്കുന്ന 13.50 സെന്‍റ് സ്ഥലം അദ്ദേഹത്തിന്റെ സ്മാരകമായാണ് 1976ല്‍ കുടുംബക്കാര്‍ കുട്ടികളുടെ ലൈബ്രറിക്കായി നല്‍കിയത്. 1976ല്‍ ലൈബ്രറി സ്ഥാപിച്ചു. അതിന്റെ പ്രസിഡന്റായിരുന്നു തേറമ്പില്‍ രാമകൃഷ്ണന്‍ . ഈ പദവി ദുരുപയോഗിച്ചാണ് ഭൂമി കച്ചവടം നടത്തിയത്.

ഗവണ്‍മെന്റിന്റെ വാര്‍ഷിക ഗ്രാന്റ് വാങ്ങി ഇ ഗ്രേഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി പിന്നീട് കെടുകാര്യസ്ഥതമൂലം പ്രവര്‍ത്തനരഹിതമായി. പ്രവര്‍ത്തനരഹിതമായാല്‍ ജില്ല ലൈബ്രറി കൗണ്‍സിലിനെ തിരിച്ചേല്‍പ്പിക്കണമെന്ന ശ്രന്ഥശാലാ നിയമം അട്ടിമറിച്ചാണ് ജനപ്രതിനിധിയായ തേറമ്പില്‍ ഭൂമി കൈമാറ്റം നടത്തിയത്. കുട്ടികളുടെ വായനാശീലം പോഷിപ്പിക്കാനായി നല്‍കിയ സ്ഥലം പ്രതികള്‍ പരസ്പരം ഗൂഢാലോചന നടത്തി വിറ്റ് പണം വസൂലാക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പടിഞ്ഞാറെ കോട്ടയില്‍നിന്നും കലക്ടറേറ്റിലേക്കുള്ള പ്രധാന റോഡിലാണ് ലൈബ്രറിയുണ്ടായിരുന്നത്. ഇന്നത്തെ മാര്‍ക്കറ്റ്വില അനുസരിച്ച് രണ്ടു കോടിയോളം വിലവരുന്ന സ്ഥലം 1,30,000 രൂപയ്ക്കാണ് തീറ് നല്‍കിയത്. ലൈബ്രറി കമ്മിറ്റിയോഗമോ പൊതുയോഗമോ വിളിക്കാതെ തന്നിഷ്ടപ്രകാരമാണ് രാധാകൃഷ്ണന്റെയും ഭാര്യ രമണിയുടേയും പേരില്‍ തീറുനല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ടി എന്‍ പ്രതാപനെതിരെ അഴിമതിയാരോപണവുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത് തളിക്കുളം സ്വദേശി ഇണ്ണാറന്‍ വീട്ടില്‍ ഐ എസ് സുബ്രഹ്മണ്യനാണ്. എംഎല്‍എമാര്‍ക്കുള്ള പ്രത്യേക വികസനഫണ്ടില്‍ നിന്ന് തളിക്കുളം പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് പ്രതാപന്‍തന്നെ ഇറക്കിയ രേഖകളാണ് സുബ്രഹ്മണ്യന്റെ പരാതിക്ക് ആധാരം. ഇതില്‍ പറയുന്നതനുസരിച്ച് 2003-04 സാമ്പത്തിക വര്‍ഷങ്ങളില്‍ തളിക്കുളം പഞ്ചായത്തിലുള്ള എക്സ് സര്‍വീസ് ലീഗ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് സാംസ്കാരിക നിലയം നിര്‍മിക്കാന്‍ 2,21,404 രൂപ പ്രതാപന്‍ നല്‍കി. എന്നാല്‍ വിവരാവകാശ നിയമപ്രകാരം തളിക്കുളം പഞ്ചായത്തില്‍ നിന്ന് ലഭിച്ച രേഖകളില്‍ അത്തരത്തിലൊരു സാംസ്കാരിക നിലയമില്ല. തളിക്കുളം വില്ലേജ് ഓഫീസ് രേഖകളും ഇതാണ് വ്യക്തമാക്കുന്നത്. ഇതിനു പുറമേ തളിക്കുളം സ്നേഹതീരം പാര്‍ക്കില്‍ വിന്‍ സോളാര്‍ ഹൈബ്രിഡ് സിസ്റ്റം ആന്‍ഡ് ആനിമോ മീറ്റര്‍ എന്ന ഉപകരണം സ്ഥാപിക്കാന്‍ 2,25,000 രൂപ ചെലവഴിച്ചതായും രേഖകളില്‍ കാണുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉപകരണം പാര്‍ക്കിലില്ല. പാര്‍ക്കിന്റെ നടത്തിപ്പുകാരായ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെ ചീഫ് എക്സി. ഓഫീസറും ഇത് സാധൂകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി നാട്ടിക എംഎല്‍എയായിരുന്ന ടി എന്‍ പ്രതാപന്‍ അഴിമതി കാട്ടിയെന്നാണ് സുബ്രഹ്മണ്യന്റെ ആരോപണം.

deshabhimani 050811

1 comment:

  1. അഴിമതിയും പൊതുപണം തിരിമറി നടത്തിയും ജനങ്ങളെ വഞ്ചിച്ചതിന് ജില്ലയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെക്കൂടി നിയമ നടപടിയൊരുങ്ങുന്നതോടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക നീളുന്നു. എംഎല്‍മാരായ തേറമ്പില്‍ രാമകൃഷ്ണന്‍ , ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ കോടതി ജഡ്ജി വി ജയറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് വെള്ളിയാഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ , തോമസ് ഉണ്ണിയാടന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണമുണ്ട്.

    ReplyDelete