അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചതിലൂടെ ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയുമാണ് യുപിഎ സര്‍ക്കാര്‍ തുറുങ്കിലിട്ടത്. ഏറ്റവും ഉദാത്തമായ മുദ്രാവാക്യമുയര്‍ത്തി നിരാഹാരസമരം തുടങ്ങേണ്ടിയിരുന്ന ഹസാരെയെയാണ് കൊടുംകുറ്റവാളികള്‍ കഴിയുന്ന തിഹാറില്‍ അടച്ചത്. അഹന്തയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ഭാഷയിലാണ് കേന്ദ്ര ഭരണാധികാരികള്‍ സംസാരിക്കുന്നത്. സമാധാനപരമായി സമരംനടത്താനുള്ള അവകാശം കോണ്‍ഗ്രസ് ഇന്ത്യക്കാരന് നല്‍കുന്ന ഔദാര്യമല്ല; ജനാധിപത്യ സങ്കല്‍പ്പത്തിന്റെ അടിത്തറകളിലൊന്നാണത്. ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെടുന്ന കാര്യമേ അണ്ണ ഹസാരെ ചെയ്തിട്ടുള്ളൂ. ഗാന്ധിശിഷ്യനായ ആ മനുഷ്യനെ എന്നിട്ടും എന്തിന് അറസ്റ്റ് ചെയ്തു? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിയമങ്ങളെയും വിലക്കുകളെയും കൂസാതെ സമരം നടത്തിയ പാരമ്പര്യമാണ് ഗാന്ധിജിയുടെ കോണ്‍ഗ്രസിന്. ആ പാര്‍ടിയാണ് ഇപ്പോള്‍ നിയമലംഘന സമരം അനുവദിക്കില്ലെന്നു പറയുന്നത്. സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ എങ്ങനെ നിയമലംഘനമാകും? കോണ്‍ഗ്രസിലെ പുത്തന്‍കൂറ്റുകാര്‍ ഗാന്ധിജിയെ മാത്രമല്ല, ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെയാകെ മറക്കുകയാണ്. സമരത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധമുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍ ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അഹന്തനിറഞ്ഞ വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
ഹസാരെയുടെ മാര്‍ഗങ്ങളില്‍ ചിലതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ , അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ രാജ്യസ്നേഹികളായ എല്ലാവരുടെയും മനസ്സിലുള്ളതാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ സമരം രാജ്യത്തിന്റെ ഇന്നത്തെ സുപ്രധാന രാഷ്ട്രീയസമരംതന്നെയാണ്. സിപിഐ എം പരിപാടി വ്യക്തമാക്കുന്നപോലെ, "സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുള്ള കള്ളപ്പണത്തിന്റെ വമ്പിച്ച വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബൂര്‍ഷ്വ-ഭൂപ്രഭു ഭരണകൂടത്തിന്റെ ഉപകരണങ്ങളെല്ലാം അധഃപതിച്ചുപോയിരിക്കുന്നു. ഉദാരവല്‍ക്കരണപ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ വന്‍തോതിലുള്ള അഴിമതിക്ക് വഴിവച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അഴിമതിനിറഞ്ഞ ഒരു ഗൂഢസംഘത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നവരും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും. ജനാധിപത്യത്തെയും പൗരന്മാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കിത്തീര്‍ക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം, ബൂത്ത് പിടിച്ചടക്കല്‍ , തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ തുടങ്ങിയവ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു." ഇത്തരമൊരവസ്ഥയില്‍നിന്ന് പുറത്തുകടക്കാനുള്ള അഭിവാഞ്ഛ എല്ലാ ദേശാഭിമാനികളുടെയും ഹൃദയത്തില്‍ തുടിക്കുന്നുണ്ട്. അതുകൊണ്ടാണ്, അണ്ണ ഹസാരെമുതല്‍ ബാബ രാംദേവുവരെയുള്ളവര്‍ ആരംഭിച്ച സമരങ്ങള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചത്.
അരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിലൂടെ അഴിമതി തടയാം എന്ന തെറ്റായ ധാരണ ആ സമരങ്ങളിലൂടെ പ്രസരിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിലുള്ള അഭിപ്രായഭിന്നത നിലനില്‍ക്കെത്തന്നെ ആ സമരത്തിന്റെ മുദ്രാവാക്യത്തെ ഏറ്റെടുക്കാനും പാര്‍ലമെന്റിലും പുറത്തും അതിനുവേണ്ടി പോരാടാനും ഇടതുപക്ഷം തയ്യാറായിട്ടുണ്ട്. ഹസാരെയെ ഡല്‍ഹി പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിലൂടെ മന്‍മോഹന്‍ സര്‍ക്കാര്‍ ആക്രമിച്ചത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെയാണെന്നും അതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ഇന്ത്യ എന്ന് ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലജ്ജാകരമായ അഴിമതിരാജിനാണ് മന്‍മോഹന്‍ നേതൃത്വം കൊടുക്കുന്നത്. ഭരണ രാഷ്ട്രീയ- ഉദ്യോഗസ്ഥ- കോര്‍പറേറ്റ് കൂട്ടുകെട്ട് രാജ്യത്തെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കുകയാണ്. അഴിമതിക്കഥകള്‍ പേര്‍ത്തും പേര്‍ത്തും പുറത്തുവരുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. ബാബ രാംദേവിന്റെ പരിഹാസ്യമായ സമരരീതിയുടെ പിന്നാലെപോലും ജനങ്ങള്‍ കൂട്ടത്തോടെ ചെല്ലാനുള്ള കാരണം ഉള്ളിലുറയുന്ന ആ രോഷമാണ്. ഹസാരെസംഘം രാഷ്ട്രീയ പാര്‍ടികളോട് ശത്രുതാ മനോഭാവം കാട്ടുന്നു. ഇപ്പോള്‍ രാജ്യം ചര്‍ച്ചചെയ്യുന്ന പല അഴിതികളും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ് പുറത്തുവന്നത് എന്നതും അഴിമതിക്കെതിരായി പാര്‍ലമെന്റിലും പുറത്തും നിരന്തരമായ സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നതും വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങളിലെ അനൗചിത്യവും അസാംഗത്യവും ശ്രദ്ധിക്കപ്പെടാതെ പോകരുത്. അരാഷ്ട്രീയതയല്ല അഴിമതിതടയാനുള്ള മാര്‍ഗം. അടിമുടി ജനവിരുദ്ധമായ നവലിബറല്‍ നയങ്ങള്‍ക്കെതിരായതും അഴിമതിക്കെതിരായതുമായ പോരാട്ടങ്ങള്‍ കണ്ണിചേര്‍ക്കപ്പെടേണ്ടതാണ്. അഴിമതി മൂടിവയ്ക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ളതാണ് യുപിഎ നേതൃത്വത്തിന്റെ ഹസാരെ വിരുദ്ധ നീക്കങ്ങള്‍ . അത് രാജ്യത്തിന് ആപത്താണ്. ഹസാരെയ്ക്കെതിരായ സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന്റെ അട്ടിമറിതന്നെയായി കണക്കാക്കി അതിനെതിരെ ജനരോഷം ഉയരണം. ഹസാരെയെ വിട്ടയക്കാന്‍ മാത്രമല്ല, അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാനുള്ള സമീപനവും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകണം. യുപിഎ നേതൃത്വത്തെ അത്തരമൊരു നിലപാടിലേക്കെത്തിക്കാനുള്ള പ്രതിഷേധാഗ്നി ആളിക്കത്തിയേ തീരൂ.
deshabhimani editorial 170811
അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചതിലൂടെ ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയുമാണ് യുപിഎ സര്‍ക്കാര്‍ തുറുങ്കിലിട്ടത്. ഏറ്റവും ഉദാത്തമായ മുദ്രാവാക്യമുയര്‍ത്തി നിരാഹാരസമരം തുടങ്ങേണ്ടിയിരുന്ന ഹസാരെയെയാണ് കൊടുംകുറ്റവാളികള്‍ കഴിയുന്ന തിഹാറില്‍ അടച്ചത്. അഹന്തയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ഭാഷയിലാണ് കേന്ദ്ര ഭരണാധികാരികള്‍ സംസാരിക്കുന്നത്. സമാധാനപരമായി സമരംനടത്താനുള്ള അവകാശം കോണ്‍ഗ്രസ് ഇന്ത്യക്കാരന് നല്‍കുന്ന ഔദാര്യമല്ല; ജനാധിപത്യ സങ്കല്‍പ്പത്തിന്റെ അടിത്തറകളിലൊന്നാണത്.
ReplyDelete'ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിയമങ്ങളെയും വിലക്കുകളെയും കൂസാതെ സമരം നടത്തിയ പാരമ്പര്യമാണ് ഗാന്ധിജിയുടെ കോണ്‍ഗ്രസിന്. ആ പാര്‍ടിയാണ് ഇപ്പോള്‍ നിയമലംഘന സമരം അനുവദിക്കില്ലെന്നു പറയുന്നത്.'
ReplyDeleteആണോ...? നിയമങ്ങളെയും വിലക്കുകളെയും തകര്‍ത്തെറിഞ്ഞ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള ‘ഗാന്ധിജിയുടെ കോണ്‍ഗ്രസ്’ ഇപ്പോഴും നിലവിലുണ്ടോ.... വിലക്കുകളും വിലങ്ങുകളും അടിച്ചേല്പിച്ച അടിയന്തരാവസ്ഥയുടെ ഭാണ്ഡം പേറുന്ന ‘ഗാണ്ഢി’ജിയുടെ അല്ലാതെ...?