Friday, August 19, 2011

മന്‍മോഹന്‍ സര്‍ക്കാര്‍ ജനാഭിലാഷം അറിയാതെ ഒറ്റപ്പെടുന്നു

അഴിമതിക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച അന്നാഹസാരെയും കൂട്ടാളികളെയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുക വഴി അഴിമതിയുടെ ചതുപ്പില്‍ ആഴ്ന്നുപോയ യു പി എ ഗവണ്‍മെന്റ് സ്വന്തം ധാര്‍മിക പാപ്പരത്തമാണ് തുറന്നു കാട്ടിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാം യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ജനവികാരം തിരിച്ചറിയാന്‍ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിനു കഴിഞ്ഞില്ലെന്നതു തന്നെ ആ ഗവണ്‍മെന്റിന്റെ ദയനീയമായ ഒറ്റപ്പെടലിന്റെ ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഗവണ്‍മെന്റിനു മാത്രമെ ജനവികാരം തിരിച്ചറിയാന്‍ കഴിയാതെ വരൂ. അത്തരം ഗവണ്‍മെന്റ് സ്വേച്ഛാപരമായി പെരുമാറുക തികച്ചും സ്വാഭാവികം മാത്രം.

മന്‍മോഹന്‍സിംഗ് മന്ത്രിസഭ അഴിമതിയുടെ കൂടാരമായി മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ ആ ഗവണ്‍മെന്റിനു അധികാരത്തില്‍ തുടരാനുള്ള രാഷ്ട്രീയ ധാര്‍മികത തന്നെ നഷ്ടമാക്കിയിരിക്കുന്നു. അഴിമതിക്കെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ നടപടി സ്വീകരിക്കാനും അഴിമതിയുടെ ആ കുതിരാലയം വൃത്തിയാക്കാനും പ്രധാന മന്ത്രിക്കു കഴിയുന്നില്ല. മാത്രമല്ല, അനുദിനം അരങ്ങേറുന്ന അഴിമതികളെ മൂടിവെക്കാനാണ് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് നേതൃത്വവും യത്‌നിക്കുന്നത്. അഴിമതിക്കഥകള്‍ ആത്യന്തികമായി പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ വിരല്‍ ചൂണ്ടുന്നുവെന്നത് സ്‌പെക്ട്രം അഴിമതി സംബന്ധിച്ച കോടതി നടപടികളും കോമണ്‍ വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഇത് രാജ്യത്തിനു തന്നെ അപമാനകരമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഗവണ്‍മെന്റിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനും എതിര്‍ക്കാനുമുള്ള അവകാശം അടിസ്ഥാന പൗരാവകാശമാണ്. അന്നാഹസാരെ ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതിക്കെതിരായ സമരം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വികാരമാണ്. അതിനെതിരെ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പരിഹാസ്യമാണ്. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് വ്യവസഥകള്‍ നിശ്ചയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ശ്രമിക്കുന്നത് സ്വച്ഛാധികാര പ്രവണതയാണ്. അതംഗീകരിക്കാന്‍ ഒരു പരിഷ്‌കൃത സമൂഹവും തയ്യാറാവില്ല. അഴിമതിക്കെതിരെ ഉയരുന്ന ജനവികാരം അംഗീകരിക്കാനും അതിനെ നേരിടാനും ഗവണ്‍മെന്റ് സന്നദ്ധമല്ല. അഴിമതിക്കാരെ സംരക്ഷിക്കാനും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാനുമാണ് ഗവണ്‍മെന്റ് നിരന്തരം ശ്രമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അധികാര പദവികളില്‍ എത്തുന്നവര്‍ അവര്‍ എത്ര തന്നെ ഉന്നതരുമായിക്കൊള്ളട്ടെ, പ്രധാനമന്ത്രി തന്നെയും ആയിക്കൊള്ളട്ടെ, അത്തരക്കാര്‍ പൊതുജന നിരീക്ഷണത്തിനും അവരുടെ മുന്നില്‍ കണക്കുകള്‍ ബോധ്യപ്പെടുത്താനും ബാധ്യസ്ഥരാണ്. പൊതുസമ്പത്തിന്റെ സൂക്ഷിപ്പുകാരായ ഇത്തരക്കാര്‍, പ്രധാനമന്ത്രിയടക്കം, പൊതു നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്.

നിയമ നിര്‍മാണത്തിനുള്ള ആത്യന്തിക അവകാശം പാര്‍ലമെന്റിനു തന്നെയാണ്. അതാവട്ടെ പൊതുജനാഭിലാഷത്തിന്റെ പ്രകടനമായിരിക്കണം. ഇവിടെ ആ പൊതുജനാഭിലാഷത്തെ നിരാകരിക്കാനും ഉന്നതന്മാരെ അഴിമതി കേസുകളില്‍ നിന്നും സംരക്ഷിക്കാനുമാണ് യു പി എ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അതാണ് അന്നാഹസാരെക്കും കൂട്ടാളികള്‍ക്കും മുഖ്യധാരാ രാഷ്ട്രീയ ജീവിതത്തിനു പുറത്ത് പ്രസക്തി നല്‍കുന്നത്. യു പി എയുടെയും കോണ്‍ഗ്രസിന്റെയും നിലപാട് അരാഷ്ട്രീയ വാദത്തിനാണ് കരുത്തു നല്‍കുന്നത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസും വസ്തുതകള്‍ തിരിച്ചറിയാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തില്‍ അവര്‍ ഒറ്റപ്പെടുകതന്നെയായിരിക്കും ഫലം.

രാജ്യത്തെ അഴിമതി സംബന്ധിച്ച് പാര്‍ലമെന്റില്‍ സി പി ഐ അടക്കം ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് ജനാധിപത്യ ശക്തികളും നിരന്തരം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ആ ശബ്ദങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തു പോരുന്നത്. സര്‍ക്കാരിന്റെ ആ നിലപാടുകളാണ് പാര്‍ലമെന്റിനെ തന്നെ അപ്രസക്തമാക്കുന്നതും അരാഷ്ട്രീയവാദത്തിനു കരുത്തു പകരുന്നതും. കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ടിതമായ ഇന്ത്യന്‍ ജനാധിപത്യം പ്രസക്തമായി നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ വേദിയായി പാര്‍ലമെന്റിനെ മാറ്റിയെടുക്കേണ്ടതുണ്ട്. അഴിമതിക്കെതിരായ ജനവികാരം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും ഗവണ്‍മെന്റ് തയ്യാറാവണം. പകരം അത്തരം ജനവികാരത്തിനെതിരെ അധികാര ദുര്‍വിനിയോഗവും അടിച്ചമര്‍ത്തലും നടത്തുന്നത് ബുദ്ധിശൂന്യതയാണ്. അതിനു ഒരു ജനാധിപത്യ സമൂഹത്തിനും വിജയിക്കാനാവില്ല.

janayugom editorial 180811

2 comments:

  1. അഴിമതിക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച അന്നാഹസാരെയും കൂട്ടാളികളെയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുക വഴി അഴിമതിയുടെ ചതുപ്പില്‍ ആഴ്ന്നുപോയ യു പി എ ഗവണ്‍മെന്റ് സ്വന്തം ധാര്‍മിക പാപ്പരത്തമാണ് തുറന്നു കാട്ടിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാം യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ജനവികാരം തിരിച്ചറിയാന്‍ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിനു കഴിഞ്ഞില്ലെന്നതു തന്നെ ആ ഗവണ്‍മെന്റിന്റെ ദയനീയമായ ഒറ്റപ്പെടലിന്റെ ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഗവണ്‍മെന്റിനു മാത്രമെ ജനവികാരം തിരിച്ചറിയാന്‍ കഴിയാതെ വരൂ. അത്തരം ഗവണ്‍മെന്റ് സ്വേച്ഛാപരമായി പെരുമാറുക തികച്ചും സ്വാഭാവികം മാത്രം.

    ReplyDelete
  2. അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അണ്ണാ ഹസാരെ രാംലീല മൈതാനത്തെത്തി നിരാഹാരം ആരംഭിച്ചു. രാവിലെ മുതല്‍ മൈതാനിയില്‍ തിങ്ങിനിറഞ്ഞ അനുയായികള്‍ ആവേശത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. തുടര്‍ന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുപിഎ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജന്‍ലോക്പാല്‍ ബില്ല് അംഗീകരിക്കാതെ മൈതാനം വിട്ടുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പൊരുതുന്ന മനസ്സ് ഇന്ത്യന്‍ ജനത കൈവിടരുതെന്നും യുവജനങ്ങളുടെ വമ്പിച്ച പിന്തുണ ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ ജയില്‍ വാസത്തിനുശേഷം വെള്ളിയാഴ്ച പകല്‍ 11.30ഓടെയാണ് അദ്ദേഹം തിഹാര്‍ ജയിലിനു പുറത്തെത്തിയത്്. അഴിമതിക്കെതിരെയുള്ള രണ്ടാം സ്വാതന്ത്ര്യസമരം 16ന് ആരംഭിച്ചെന്നും അഴിമതിവിരുദ്ധ ജനവികാരം തന്റെ കാലശേഷവും തുടരുമെന്നും പുറത്തു തമ്പടിച്ച നൂറുകണക്കിന് അനുയായികളോട് അദ്ദേഹം പറഞ്ഞിരുന്നു. നിരാഹാരസമരത്തിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഹസാരെയെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത്. ജയിലിലും നിരാഹാരമനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു.

    ReplyDelete