Friday, August 19, 2011

ഇംപീച്ച്മെന്റ് പ്രമേയത്തിന് അംഗീകാരം

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അഴിമതി ആരോപണവിധേയനായ ഒരു ന്യായാധിപന്‍ രാജ്യസഭയില്‍ഇംപീച്ച്മെന്റിന് വിധേയമായി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്രസെന്നിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയം മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ സഭ പാസാക്കി. ബിഎസ്പി പ്രമേയത്തെ എതിര്‍ത്തു. 189 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 17 പേര്‍മാത്രം. നടപ്പുസമ്മേളനത്തില്‍ ലോക്സഭയും പ്രമേയം പരിഗണിക്കും. ഇരുസഭയിലുമായി 50 ശതമാനത്തിലധികം വോട്ട് പ്രമേയത്തിന് അനുകൂലമായി ലഭിക്കണം. ഇരുസഭയും പാസാക്കി അയക്കുന്ന പ്രമേയത്തില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താകുന്ന രണ്ടാമത്തെ ജഡ്ജിയായി ജസ്റ്റിസ് സെന്‍ മാറും. എന്നാല്‍ രാഷ്ട്രപതിയുടെ പുറത്താക്കല്‍ വിജ്ഞാപനത്തെ പിന്നീട് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാം.

പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. റിസീവറെന്നനിലയില്‍ ലഭിച്ച പണം തിരിമറി നടത്തിയതിന് ചെക്കുകളുടെ രേഖകളടക്കം തെളിവുകളും ജെയ്റ്റ്ലി സഭയില്‍ സമര്‍പ്പിച്ചു. പ്രമേയത്തോട് തന്റെ പാര്‍ടി യോജിക്കുന്നില്ലെന്ന് ബിഎസ്പിയുടെ സതീശ്ചന്ദ്ര മിശ്ര പറഞ്ഞു. ഇത് ചരിത്രമുഹൂര്‍ത്തമാണെന്നും സഭ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ടെന്നും യെച്ചൂരി മറുപടിയില്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയം വോട്ടിനിടാന്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി നിര്‍ദേശിച്ചു. വന്‍ഭൂരിപക്ഷത്തില്‍ പ്രമേയം പാസായ ഉടന്‍ അംഗങ്ങള്‍ അഭിനന്ദനങ്ങളുമായി യെച്ചൂരിയെ സമീപിച്ചു. ചര്‍ച്ചയില്‍ ഉടനീളം സന്നിഹിതനായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യെച്ചൂരിയെ അഭിനന്ദിച്ചു.
(എം പ്രശാന്ത്)

ചരിത്രമുഹൂര്‍ത്തത്തിന് വേദിയായി രാജ്യസഭ

ന്യൂഡല്‍ഹി: രണ്ടുദിവസങ്ങളിലായി ഏഴേകാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷമാണ് ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭ പാസാക്കിയത്. 18 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്മെന്റ് പ്രക്രിയ ഉന്നതമായ സംവാദനിലവാരത്താല്‍ വേറിട്ടുനിന്നു. ഒരു ജഡ്ജി നേരിട്ട് സഭയിലെത്തി സ്വന്തം ഭാഗം വിശദീകരിച്ചതും ചരിത്രത്തില്‍ ആദ്യം. സഭാംഗങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ഏറെ ആത്മവിശ്വാസത്തോടെയാണ് ജസ്റ്റിസ് സെന്‍ തന്റെ ഭാഗം വിശദീകരിച്ചത്.

എന്നാല്‍ സീതാറാം യെച്ചൂരിയും അരുണ്‍ ജെയ്റ്റ്ലിയും രാംജെത്മലാനിയുമൊക്കെ ആരോപണങ്ങളുടെ വിശദാംശം വിവരിക്കുകയും സെന്നിന്റെ കപടവാദങ്ങളെ പൊളിക്കുകയും ചെയ്തതോടെ സഭ പ്രമേയത്തിന് അനുകൂലമായ അന്തരീക്ഷത്തിലെത്തി. പക്ഷേ, ചര്‍ച്ചയിലുടനീളം കോണ്‍ഗ്രസ് അംഗങ്ങളില്‍ താല്‍പ്പര്യമില്ലായ്മ പ്രകടമായിരുന്നു. പ്രമേയത്തെ അനുകൂലിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രമേയത്തോട് എന്തുനിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ബുധനാഴ്ച അവ്യക്തത പുലര്‍ത്തിയ കോണ്‍ഗ്രസ്, പിന്നീട് ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷം നിലപാട് മാറ്റി. സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന ഘട്ടത്തില്‍ ഉന്നത ന്യായാധിപന്റെ അഴിമതിക്കെതിരായ പ്രമേയത്തില്‍നിന്ന് മാറിനില്‍ക്കുന്നത് പ്രതിച്ഛായ കൂടുതല്‍ മോശമാക്കുമെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റിയത്. ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോള്‍ , സുദര്‍ശന്‍ നാച്ചിയപ്പനാണ് നിലപാട് വിശദീകരിച്ചത്. സെന്നിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ച് നാച്ചിയപ്പന്‍ താന്‍ പ്രമേയത്തെ പിന്തുണയ്ക്കുകയാണെന്ന് അറിയിച്ചു. വോട്ടെടുപ്പുഘട്ടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പലരും ഹാജരായതുമില്ല. 250 അംഗ സഭയില്‍ ഹാജരായ അംഗങ്ങളുടെ എണ്ണം 206 ആയി കുറഞ്ഞതിന് പ്രധാന കാരണവും ഇതുതന്നെ.

deshabhimani 190811

3 comments:

  1. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അഴിമതി ആരോപണവിധേയനായ ഒരു ന്യായാധിപന്‍ രാജ്യസഭയില്‍ഇംപീച്ച്മെന്റിന് വിധേയമായി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്രസെന്നിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയം മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ സഭ പാസാക്കി. ബിഎസ്പി പ്രമേയത്തെ എതിര്‍ത്തു. 189 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 17 പേര്‍മാത്രം. നടപ്പുസമ്മേളനത്തില്‍ ലോക്സഭയും പ്രമേയം പരിഗണിക്കും. ഇരുസഭയിലുമായി 50 ശതമാനത്തിലധികം വോട്ട് പ്രമേയത്തിന് അനുകൂലമായി ലഭിക്കണം. ഇരുസഭയും പാസാക്കി അയക്കുന്ന പ്രമേയത്തില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താകുന്ന രണ്ടാമത്തെ ജഡ്ജിയായി ജസ്റ്റിസ് സെന്‍ മാറും. എന്നാല്‍ രാഷ്ട്രപതിയുടെ പുറത്താക്കല്‍ വിജ്ഞാപനത്തെ പിന്നീട് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാം.

    ReplyDelete
  2. ജുഡീഷ്യറിയാകെ അഴിമതിയെന്ന് സ്ഥാപിക്കുകയല്ല കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്രസെന്നിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ ലക്ഷ്യമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്നവര്‍ക്ക് സന്ദേശമായി പ്രമേയം മാറണം. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മുന്നിലെന്ന് തെളിയിക്കാനുള്ള അവസരമാണിത്. കൊല്‍ക്കത്ത ഫാന്‍ കമ്പനി കേസില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന 70 ലക്ഷം രൂപയും അദ്ദേഹം തിരിമറി നടത്തി. ഇത് അന്വേഷണവിധേയമാക്കണം. സെന്‍ ഉന്നയിക്കുന്ന ഗൂഢാലോചന വാദത്തില്‍ കഴമ്പില്ല. - യെച്ചൂരി പറഞ്ഞു. സ്വതന്ത്രഇന്ത്യയില്‍ ഒരു ജഡ്ജി സര്‍വീസില്‍നിന്ന് ആദ്യമായി നീക്കംചെയ്യപ്പെട്ടത് 1949 ഏപ്രില്‍ 22നാണ്. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശിവപ്രസാദിനെ ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരി പിരിച്ചുവിട്ടു. പിന്നീട്, സുപ്രീംകോടതി ജസ്റ്റിസ് വി രാമസാമിയെ ഇംപീച്ച് ചെയ്യാന്‍ 1993 മെയ്് 11ന് ലോക്സഭയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിരായി വോട്ട്ചെയ്ത് പരാജയപ്പെടുത്തി. ഉന്നതങ്ങളിലെ അഴിമതി തടയുന്നതില്‍ പാര്‍ലമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഘട്ടമാണിതെന്ന പൊതുവികാരമാണ് ജസ്റ്റിസ് സെന്നിനെതിരായ പ്രമേയചര്‍ച്ചയില്‍ പ്രകടമായത്. ഉന്നത നീതിപീഠത്തിലെ അഴിമതി തടയാന്‍ സുശക്തമായ ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപംനല്‍കണമെന്ന് കോണ്‍ഗ്രസിതര പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസ് പേരിനുമാത്രം പങ്കാളികളായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

    ReplyDelete
  3. കുറ്റവിചാരണ പ്രമേയം ലോക്‌സഭയും അംഗീകരിച്ചാല്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന്, കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്‍. പ്രമേയം രാജ്യസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ജസ്റ്റിസ് സെന്‍ പറഞ്ഞു.

    ലോക്‌സഭയിലും തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുമെന്ന് ജസ്റ്റിസ് സെന്‍ അറിയിച്ചു. അവിടെയും പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ സുപ്രിം കോടതിയെ സമീപിക്കും. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലാത്തതിനാല്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് സൗമിത്ര സെന്‍ പറഞ്ഞു. തനിക്കെതിരായ ആക്ഷേപം സംബന്ധിച്ച വസ്തുതകള്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ കഴിഞ്ഞില്ല. ഒന്നര മണിക്കൂര്‍ മാത്രമാണ് തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കപ്പെട്ടതെന്ന് സെന്‍ പറഞ്ഞു. അതേസമയം ജസ്റ്റിസ് സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ലോക്‌സഭ എന്നു പരിഗണനയ്‌ക്കെടുക്കും എന്നതു സംബന്ധിച്ച് വ്യക്തതയായില്ല. തീയതി സംബന്ധിച്ച് ജസ്റ്റിസ് സെന്നിനെ വിവരം അറിയിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. രാജ്യസഭയിലേതുപോലെ തന്റെ വാദമുഖങ്ങള്‍ ലോക്‌സഭയിലും അവതരിപ്പിക്കുന്നുണ്ടോയെന്ന് അദ്ദേഹത്തോട് ആരായുമെന്ന് മന്ത്രി അറിയിച്ചു.

    രാജ്യസഭയില്‍ സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയതായി ലോക്‌സഭ സെക്രട്ടറി ജനറല്‍ ടി കെ വിശ്വനാഥന്‍ ഇന്നലെ സഭയെ ഔപചാകികമായി അറിയിച്ചു.

    ReplyDelete