Saturday, August 20, 2011

ശ്രീചിത്രാ ഹോമിലെ ട്യൂഷന്‍ അധ്യാപകര്‍ക്കെതിരെ മന്ത്രിക്ക് പരാതി

തിരുവനന്തപുരം ശ്രീചിത്രാ ഹോമില്‍ പഠിപ്പിക്കാനെത്തുന്നവരെക്കുറിച്ച് അന്തേവാസികളായ വിദ്യാര്‍ഥികള്‍ മന്ത്രി എം കെ മുനീറിനോട് പരാതി പറഞ്ഞു. പാഠ്യഭാഗങ്ങളല്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതും അന്ധവിശ്വാസവും ഭീതിയും പരത്തുന്ന ഓജോ ബോര്‍ഡുപോലുള്ള കളികള്‍ക്ക്നിര്‍ബന്ധിക്കുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ചില അധ്യാപകരെ ഒഴിവാക്കണമെന്നും കുട്ടികള്‍ മന്ത്രിയോട് പറഞ്ഞു. വെള്ളിയാഴ്ച ഹോം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കുട്ടികള്‍ മന്ത്രിയോട് പരാതി പറഞ്ഞത്.

ചിത്രാഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പരാതികള്‍ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം 24ന് എംഎല്‍എമാര്‍ , കലക്ടര്‍ , മറ്റു ജനപ്രതിനിധികള്‍ , വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്രണ്ട് എല്‍സി എബ്രഹാമിനോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൗണ്‍സിലര്‍മാരായ പി അശോക്കുമാര്‍ , പി രാജേന്ദ്രന്‍നായര്‍ എന്നിവരും ട്യൂഷന്‍ എടുക്കാനെത്തുന്ന ചില അധ്യാപകരെക്കുറിച്ച് മന്ത്രിയോട് പരാതി പറഞ്ഞു.

ശ്രീചിത്രാ ഹോമിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാന്‍ വനിതകളടക്കം 12 അധ്യാപകരാണ് സ്ഥാപനത്തിലെത്തുന്നത്. ഇതില്‍ ചില പുരുഷ അധ്യാപകര്‍ വൈകിട്ട് ആറരമണിക്കുശേഷമാണ് ഹോമിലെത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് സൂപ്രണ്ട് ഇവരെ അറിയിച്ചിരുന്നു. വിലക്ക് ലംഘിച്ച് ഹോമില്‍ വരുന്ന അധ്യാപകരെ പുറത്താക്കണമെന്ന് ഹോം ചെയര്‍മാന്‍കൂടിയായ കലക്ടര്‍ക്ക് സൂപ്രണ്ട് കത്തും നല്‍കി. ഓജോ ബോര്‍ഡ് കളിപ്പിച്ചതിനെതുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് വിറയലോടെ പനിയുമുണ്ടായി. ഇതനുസരിച്ച് തീരുമാനം ഉണ്ടാകുന്നതുവരെ അധ്യാപകര്‍ ക്ലാസ് എടുക്കാന്‍ വരേണ്ടതില്ലെന്ന് സൂപ്രണ്ട് ഇവര്‍ക്ക് അറിയിപ്പും നല്‍കി. എന്നാല്‍ , അധ്യാപകരുടെ വരവ് തടഞ്ഞതോടെ ശ്രീചിത്രാ ഹോമിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ഗൂഢശ്രമങ്ങള്‍നടത്തുകയാണ് ഇപ്പോള്‍ .

deshabhimani 200811

1 comment:

  1. തിരുവനന്തപുരം ശ്രീചിത്രാ ഹോമില്‍ പഠിപ്പിക്കാനെത്തുന്നവരെക്കുറിച്ച് അന്തേവാസികളായ വിദ്യാര്‍ഥികള്‍ മന്ത്രി എം കെ മുനീറിനോട് പരാതി പറഞ്ഞു. പാഠ്യഭാഗങ്ങളല്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതും അന്ധവിശ്വാസവും ഭീതിയും പരത്തുന്ന ഓജോ ബോര്‍ഡുപോലുള്ള കളികള്‍ക്ക്നിര്‍ബന്ധിക്കുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ചില അധ്യാപകരെ ഒഴിവാക്കണമെന്നും കുട്ടികള്‍ മന്ത്രിയോട് പറഞ്ഞു. വെള്ളിയാഴ്ച ഹോം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കുട്ടികള്‍ മന്ത്രിയോട് പരാതി പറഞ്ഞത്.

    ReplyDelete