എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ കീടനാശിനി ലോബിയുടേതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിക്കുള്ള എതിര്‍സത്യവാങ്മൂലത്തില്‍ ഇടക്കാല നിരോധനം പിന്‍വലിക്കണമെന്നും ഹര്‍ജി പൂര്‍ണമായും തള്ളണമെന്നുമാണ് കീടനാശിനി ലോബിക്കു വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവുകൂടിയായ മനു അഭിഷേക് സിങ്വി കോടതിയില്‍ വാദിച്ചത്. ഈ നിലപാട് വിവാദമായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അയച്ച കത്തില്‍ അഭിഷേക് സിങ്വി തന്റെ വാദങ്ങളും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും തമ്മില്‍ ഒരു വൈരുധ്യവുമില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കുമ്പോള്‍ വക്കീലും വക്താവും തമ്മില്‍ അന്തരമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തന്നെയാണ് സിങ്വി അവതരിപ്പിച്ചതെന്നതും കാണാം.
കീടനാശിനി ലോബിയുടെ ചുവടുപിടിച്ച് തയ്യാറാക്കിയ സത്യവാങ്മൂലമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിക്കുകയും ഉല്‍പ്പാദകരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് കൃഷിമന്ത്രാലയത്തോടും ഐസിഎആറിനോടും നിര്‍ദേശിക്കുകയുംചെയ്തു. ദേശീയതലത്തില്‍ വിദഗ്ധ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഐസിഎംആര്‍ -ഐസിഎആര്‍ വിദഗ്ധരടങ്ങുന്ന സംയുക്ത സമിതിയെ ചുമതലപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍പോലുള്ള മാരക കീടനാശിനികളുടെ ഉപയോഗം ഉയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച കോടതി ഒരു കൊച്ചുകുട്ടിക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അത് സമ്പൂര്‍ണ നിരോധനത്തിന് മതിയായ കാരണമാണെന്ന് വ്യക്തമാക്കുകയുംചെയ്തിരുന്നു. സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങളിലും നിരോധനത്തിലും കേന്ദ്രസര്‍ക്കാര്‍ എത്രമാത്രം അസ്വസ്ഥരായിരുന്നെന്ന് തുടര്‍ന്നുള്ള നടപടികള്‍ വ്യക്തമാക്കുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനോ അവയെപ്പറ്റി ചര്‍ച്ചചെയ്യാനോ ഒരു നടപടിയും സ്വീകരിക്കാതെ ബദലില്ല എന്ന പല്ലവി ആവര്‍ത്തിച്ചത് കോടതിയുടെ വിമര്‍ശത്തിന് ഇടയാക്കി. കേന്ദ്ര കൃഷിമന്ത്രാലയവും ഐസിഎആറും ചേര്‍ന്ന് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഔദ്യോഗിക പ്രതിനിധികളുടെ യോഗം 2011 ജൂണ്‍ 3ന് ഡല്‍ഹിയില്‍ ചേര്‍ന്നെങ്കിലും ബദലിനെപ്പറ്റി ഒരക്ഷരം ചര്‍ച്ചചെയ്യാതെ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുകയാണ് ചെയ്തത്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഗ്രാമീണ വികസന വകുപ്പ് മുഖേന നോ പെസ്റ്റിസൈഡ് മാനേജ്മെന്റ് പദ്ധതിയിലൂടെ 35,000 ഏക്കര്‍ സ്ഥലത്ത് മാരക കീടനാശിനികള്‍ ഉപയോഗിക്കാതെ ബദല്‍ മാര്‍ഗങ്ങള്‍ ഫലപ്രദമായി വികസിപ്പിച്ച് കൃഷി ചെയ്തുവരുന്നതിന്റെ പഠനറിപ്പോര്‍ട്ട് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും ഐസിഎആറിന്റെയും പക്കലുള്ളപ്പോഴാണ് അത് പരിഗണിക്കാതെ ബദലില്ല എന്ന പച്ചക്കള്ളം കോടതിയില്‍ ബോധിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ മനുഷ്യരിലും ജന്തുക്കളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിസ്ഥിതിക്ക് കോട്ടം വരുമെന്നുമുള്ളതിന് ഇനിയും ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നതാണ് ഇവരുന്നയിക്കുന്ന മറ്റൊരു വാദം. എന്‍ഡോസള്‍ഫാന്‍ ഇരകളായി മരണത്തിന് കീഴടങ്ങിയവരോടും ജീവച്ഛവങ്ങളായി തീരാദുരിതം പേറുന്നവരോടും അവരെ സംരക്ഷിക്കുന്നവരോടുമുള്ള പൊറുക്കാനാകാത്ത നീതികേടാണിത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനതന്നെയുണ്ട്. ഐസിഎംആര്‍ ഉള്‍പ്പെടെയുള്ളവര്‍ കാസര്‍കോട്ട് നടത്തിയിട്ടുള്ള പഠനങ്ങളില്‍ എന്‍ഡോസള്‍ഫാനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നിരിക്കെ അവ പരിഗണിക്കാതെ കീടനാശിനി ലോബി തല്ലിക്കൂട്ടിയ കമ്മിറ്റികളുടെ പഠന റിപ്പോര്‍ട്ടുകളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് പരാതികളുള്ളതെന്നും പഠനങ്ങള്‍ നടത്തിയിട്ടുള്ളതെന്നുമാണ് മറ്റൊരു വാദം. മറ്റ് സംസ്ഥാനങ്ങളില്‍ പഠനം നടത്താത്തതുകൊണ്ട് അവിടെ മാരക കീടനാശിനികള്‍ ദുരിതം വിതയ്ക്കുന്നില്ലെന്ന തെറ്റായ അനുമാനത്തില്‍ സൗകര്യപൂര്‍വം എത്തുകയാണ്. അതുപോലെ ശാസ്ത്രീയ നിരീക്ഷണത്തെയും അപഗ്രഥനത്തെയും വെല്ലുവിളിക്കുന്ന തരത്തിലാണ് കണക്കുകള്‍ അവതരിപ്പിക്കുന്നത്. കാസര്‍കോട്ടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ യഥാര്‍ഥ കണക്കെടുക്കാതെ രോഗികളുടെ എണ്ണത്തെ ആ പഞ്ചായത്തിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തി ദുരന്തബാധിതരുടെ ശതമാനം വളരെ കുറച്ചുകാണിക്കുക എന്ന തന്ത്രവും പ്രയോഗിക്കുന്നുണ്ട്. ജില്ലയിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്താത്തത് ഭാഗ്യം. 2005 മുതല്‍ 2011 വരെ 50,645 സാമ്പിള്‍ പരിശോധിച്ചെന്നും അതില്‍ 0.04 ശതമാനത്തില്‍ മാത്രമാണ് മാരകമായ തോതില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിട്ടുള്ളതെന്നും പറയുന്നു. ഇത് തികച്ചും തെറ്റാണ്. മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അഭിപ്രായം പറയുന്നതിനുള്ള അവകാശം കൃഷിമന്ത്രാലയത്തിന് നല്‍കിയിരിക്കുന്നതും ശരിയല്ല. എന്‍ഡോസള്‍ഫാനെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്ന് വാദിക്കുന്നവര്‍ കാണാതെ പോകുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പോപ് (പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്) റിവ്യൂ കമ്മിറ്റിയുടെ 2011 ഏപ്രിലില്‍ ജനീവയില്‍ കൂടിയ അഞ്ചാം സ്റ്റോക്ഹോം ഉച്ചകോടി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കാന്‍ തീരുമാനിച്ചു എന്ന കാര്യമാണ്. അവിടെ ഇന്ത്യ കൈക്കൊണ്ട നാണംകെട്ട നിലപാട് ആരും മറന്നുകാണില്ല. എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കിരയാവുന്ന മനുഷ്യരിലും ജന്തുക്കളിലും ഇതിന്റെ ജൈവസാന്ദ്രത (ബയോ അക്കുമുലേഷന്‍) വളരെ കൂടുതലാണെന്നുള്ളതും ഈ കീടനാശിനി തളിക്കുന്നിടത്തുമാത്രം ഒതുങ്ങിനില്‍ക്കാതെ വളരെ ദൂരേക്ക് എത്തിപ്പെടാനുള്ള സാധ്യതയുമാണ് അവര്‍ കണക്കിലെടുത്തത്. എന്‍ഡോസള്‍ഫാന്റെ ലോകവ്യാപക നിരോധനം 2012 ഏപ്രില്‍ 30ന് നിലവില്‍ വരുമെങ്കിലും ഇന്ത്യ, ഓസ്ട്രേലിയ, കനഡ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഈ തീരുമാനം നടപ്പാക്കണമെങ്കില്‍ അവിടങ്ങളിലെ പാര്‍ലമെന്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്്. ഇന്ത്യ 22 വിളകള്‍ക്ക് ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ 2012 ഒക്ടോബര്‍വരെ സാവകാശം നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
യുപിഎ സര്‍ക്കാര്‍ ഇതുവരെ ഈ തീരുമാനം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്നതിനുള്ള നടപടി ആരംഭിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ ഇന്ത്യയില്‍ നിരോധനം നടപ്പാകാനുള്ള സാധ്യത കുറവാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതിചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനികളുടെ മറ്റൊരാവശ്യം. 2012 ഏപ്രില്‍ 30 ന് ശേഷം മിക്ക രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി അവസാനിക്കും. ഇളവുകള്‍ക്കുവേണ്ടി രജിസ്റ്റര്‍ചെയ്യുന്ന രാജ്യങ്ങളിലേക്ക് മാത്രമേ പിന്നീട് കയറ്റുമതി സാധ്യമാകൂ. ഇതുവരെയും ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കയറ്റുമതി നില്‍ക്കാനാണ് സാധ്യത. ചുരുക്കത്തില്‍ , ഉല്‍പ്പാദിപ്പിക്കുന്നത് മുഴുവന്‍ ഇന്ത്യയില്‍ തന്നെ ചെലവഴിക്കുന്ന സ്ഥിതി സൃഷ്ടിക്കപ്പെടും. യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാസര്‍കോട്ടെ ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയും കേന്ദ്ര നിലപാടിനൊപ്പം തന്നെയാണ്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കുശേഷം കേരളത്തിലെ ചില മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം നിരുത്തരവാദപരവും ഇരകളെയും എന്‍ഡോസള്‍ഫാനെതിരെ നിലകൊള്ളുന്ന മനുഷ്യസ്നേഹികളെയും അപമാനിക്കുന്നതുമാണ്. എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതയ്ക്കുന്നതെന്നതിന് ശാസ്ത്രീയമായ തെളിവില്ല എന്ന കേന്ദ്രനിലപാട് ചിലര്‍ ആവര്‍ത്തിച്ചതോടൊപ്പം പുതിയ പഠനസമിതിയെ ഉടനെ നിയോഗിക്കും എന്നും പ്രഖ്യാപിക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന കല്ലുവച്ച നുണയും മന്ത്രി അടൂര്‍ പ്രകാശ് തട്ടിവിടുകയുണ്ടായി. ഇടതുമുന്നണി സര്‍ക്കാര്‍ ആരോഗ്യവകുപ്പിലൂടെയും സാമൂഹ്യക്ഷേമ വകുപ്പിലൂടെയും കാസര്‍കോട്ട് നടപ്പാക്കിയ ആരോഗ്യ-ആശ്വാസ-ക്ഷേമ പദ്ധതികളെപ്പറ്റി മനസിലാക്കാന്‍ ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് സമയം കിട്ടാതെ പോയതാകാം. അതല്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഇടതുമുന്നണി അധികാരത്തിലെത്തിയ ഉടനെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം അനുവദിച്ചിരുന്നു. ഇരകളുടെ വീട്ടില്‍ പോയി ചികിത്സിക്കുന്ന മൊബൈല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. സൗജന്യമായി മരുന്നുകളും തുടര്‍ചികിത്സയും നല്‍കി.
11 പിഎച്ച്സികളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ചു. സമഗ്ര സര്‍വേ നടത്തി ഇരകളുടെ ലിസ്റ്റ് തയ്യാറാക്കി അവരെ രോഗാവസ്ഥ അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറികളായി തിരിച്ച് സ്മാര്‍ട്ട്കാര്‍ഡ് നല്‍കി. ഇരകള്‍ക്ക് 2000 രൂപയും സഹായിക്ക് 500 രൂപയും പെന്‍ഷന്‍ അനുവദിച്ചു. സൗജന്യ റേഷന്‍ നല്‍കി. നാലു പഞ്ചായത്തുകള്‍ക്ക് വാഹനങ്ങളും ഓരോ പഞ്ചായത്തിനും പ്രത്യേക ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപയും നല്‍കി. ഡോ. അഷീലിനെ അസി. നോഡല്‍ ഓഫീസറായി നിയമിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇതൊന്നും ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറിവുള്ളതും കാസര്‍കോട്ടെ ജനങ്ങളുടെ അനുഭവത്തിലുള്ളതുമാണ്. യുഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളെയാകെ തകര്‍ക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. ഇരകള്‍ക്ക് ആശ്വാസം പകരാന്‍ മുന്നില്‍ നിന്നിരുന്ന ഡോ. അഷീലിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ തുടക്കമാണ്. ആരോഗ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചില സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്മാറുന്നതിന്റെ സൂചനകളും കണ്ടുതുടങ്ങി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മനുഷ്യത്വരഹിത നിലപാടുകള്‍തന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റേതുമെന്നത് അപലപനീയമാണ്. ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്റെ സമ്പൂര്‍ണ നിരോധനത്തിന് കൂടൂതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ അനിവാര്യമാണ്.
പി കെ ശ്രീമതി deshabhimani 200811
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ കീടനാശിനി ലോബിയുടേതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിക്കുള്ള എതിര്‍സത്യവാങ്മൂലത്തില്‍ ഇടക്കാല നിരോധനം പിന്‍വലിക്കണമെന്നും ഹര്‍ജി പൂര്‍ണമായും തള്ളണമെന്നുമാണ് കീടനാശിനി ലോബിക്കു വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവുകൂടിയായ മനു അഭിഷേക് സിങ്വി കോടതിയില്‍ വാദിച്ചത്. ഈ നിലപാട് വിവാദമായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അയച്ച കത്തില്‍ അഭിഷേക് സിങ്വി തന്റെ വാദങ്ങളും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും തമ്മില്‍ ഒരു വൈരുധ്യവുമില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കുമ്പോള്‍ വക്കീലും വക്താവും തമ്മില്‍ അന്തരമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തന്നെയാണ് സിങ്വി അവതരിപ്പിച്ചതെന്നതും കാണാം.
ReplyDelete