സ്വാതന്ത്ര്യസമര ചരിത്രസ്മൃതിയിലെ പ്രൗഢോജ്വലമായ അധ്യായങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ് സമ്മേളനം. 1938 ഡിസംബര്‍ 22ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി തീരുമാനമനുസരിച്ചായിരുന്നു സമ്മേളനം. ഒരുക്കങ്ങള്‍ പുരോഗമിക്കവെ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ സമ്മേളനം നിരോധിച്ചു. പ്രസംഗവേദി തകര്‍ത്ത് സമ്മേളനസ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. എന്നാല്‍ , നിരോധനം ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്വാതന്ത്ര്യദാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളിലൊരാളായ പട്ടം താണുപിള്ളയുടെ അധ്യക്ഷതയില്‍ സമ്മേളനം ചേരാനാണ് തീരുമാനിച്ചത്. എന്നാല്‍ , ഒരുക്കങ്ങള്‍ക്കിടെ സമ്മേളനത്തലേന്ന് പട്ടത്തെ പൊലീസ് അറസ്റ്റുചെയ്തു. പട്ടത്തിനുപകരം എ നാരായണപിള്ളയെ സമ്മേളനാധ്യക്ഷനായി നിര്‍ദേശിച്ചശേഷം പട്ടം അറസ്റ്റിന് വിധേയനായി.
എന്നാല്‍ , സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയില്‍നിന്ന് തമ്പാനൂരിലെത്തിയ നാരായണപിള്ളയെയും പൊലീസ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് സമ്മേളന പ്രതിനിധികളും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ച് പ്രകടനമായി വട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ ചേരേണ്ട യോഗം തമ്പാനൂരില്‍ നടത്താന്‍ നാരായണപിള്ളയും സംഘവും തീരുമാനിച്ചു. ജില്ലാ മജിസ്ട്രേട്ട് പരമേശ്വരപ്പണിക്കര്‍ , പട്ടാളമേധാവി വാട്ക്സിന്‍ , പൊലീസ് കമീഷണര്‍ എന്നിവര്‍ നോക്കിനില്‍ക്കെ പട്ടം താണുപിള്ള എഴുതിനല്‍കിയ പ്രസംഗം നാരായണപിള്ള വായിക്കാന്‍ തുടങ്ങി. അക്കമ്മ ചെറിയാന്‍ , കെ ആര്‍ ഇലങ്കത്ത്, എം അച്യുതന്‍ എന്നിവരും സംസാരിച്ചു.
ഇതേസമയംതന്നെ സമ്മേളനസ്ഥലമായ വട്ടിയൂര്‍ക്കാവില്‍ വന്‍ജനാവലി ഒത്തുചേര്‍ന്നിരുന്നു. മൈതാനത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം പേര്‍ വട്ടിയൂര്‍ക്കാവില്‍ എത്തിച്ചേര്‍ന്നു. പൊലീസിന്റെയും പട്ടാളത്തിന്റെയും വന്‍സംഘവും നിറതോക്കുകളുമായി നിലയുറപ്പിച്ചു. സമ്മേളനസ്ഥലത്തേക്ക് വട്ടിയൂര്‍ക്കാവിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് പ്രത്യേകം പരിശീലനം നേടിയ വളന്റിയര്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. പേരൂര്‍ക്കട ഭാഗത്തുനിന്ന് വന്ന 200 പേരടങ്ങിയ വളന്റിയര്‍ സംഘം മണ്ണന്തല കരുണാകരന്റെ നേതൃത്വത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സമ്മേളന സ്ഥലത്തെത്തി. മൈതാനത്ത് സ്ഥാപിച്ചിരുന്ന കമുകിന്‍ മുകളില്‍ കയറി മണ്ണന്തല ദേശീയപതാക കെട്ടി. പൊലീസിനും പട്ടാളത്തിനും എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ നിമിഷങ്ങള്‍ക്കകം മണ്ണന്തല താഴെയിറങ്ങി. അന്തരീക്ഷം ഉജ്വല മുദ്രാവാക്യങ്ങളാല്‍ മുഖരിതം. തിരുപുറം കുഞ്ഞന്‍നാടാരെ അധ്യക്ഷനാക്കി അവിടെയും യോഗം ആരംഭിച്ചു. പട്ടം താണുപിള്ള എഴുതി തയ്യാറാക്കി നല്‍കിയിരുന്ന പ്രസംഗം അവിടെയും വായിച്ചു. തുടര്‍ന്ന് ബാലരാമപുരം രാമന്‍പിള്ള, പൊന്‍കുന്നത്തെ എ കെ പാച്ചുപിള്ള, പരുത്തിപ്പള്ളി അച്യുതന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഈസമയം പൊലീസും പട്ടാളവും ചേര്‍ന്ന് സമ്മേളനത്തിനെത്തിയവരെ തല്ലിയോടിക്കാന്‍ തുടങ്ങിയിരുന്നു. ജനങ്ങളും ശക്തിയായി പ്രതികരിച്ചതോടെ പൊലീസിന് പിന്‍വാങ്ങേണ്ടിവന്നു. പോരാട്ടവഴികളിലെ അവിസ്മരണീയാനുഭവമായിരുന്നു ഇതെന്ന് മണ്ണന്തല പറഞ്ഞു.
ആറുവര്‍ഷത്തിനുശേഷം 1942 ആഗസ്ത് 14ന് അര്‍ധരാത്രി മണ്ണന്തല കരുണാകരനും ചെറുവയ്ക്കല്‍ പരമേശ്വരന്‍നായരും ചേര്‍ന്ന് സെക്രട്ടറിയറ്റിനുമുകളിലും യൂണിവേഴ്സിറ്റി കോളേജിനുസമീപത്തും ദേശീയപതാക ഉയര്‍ത്തി. സെക്രട്ടറിയറ്റിനുമുകളില്‍ ഉയര്‍ത്തിയിരുന്ന വെള്ളക്കൊടി മാറ്റി ദേശീയപതാക ഉയര്‍ത്തി. പിറ്റേന്ന് ഉച്ചയോടെ പതാക കാണാന്‍ പുളിമൂട് ഭാഗത്തുനിന്ന് സെക്രട്ടറിയറ്റിനുമുന്നിലേക്ക് വന്ന മണ്ണന്തലയെ പൊലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയതിനും വളന്റിയര്‍ ക്യാപ്റ്റനായതിനും അറസ്റ്റുചെയ്ത മണ്ണന്തലയെയും പുതുപ്പള്ളി രാഘവനെയും പേരൂര്‍ക്കടയില്‍ അമ്പലംമുക്കിലെ പൊലീസ് ഔട്ട് പോസ്റ്റിലും പിന്നീട് കാവല്‍നിന്ന പൊലീസുകാരനെ മര്‍ദിച്ച് സെല്ലിലാക്കി പൂട്ടിയതിന് മണ്ണന്തലയെ വട്ടിയൂര്‍ക്കാവിലെ ക്യാമ്പിലേക്കും മാറ്റി. അന്നത്തെ പൊലീസ് ക്യാമ്പുകളാണ് ഇന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്.
(സിക്കന്തര്‍ ജാന്‍)
deshabhimani 150811

സ്വാതന്ത്ര്യസമര ചരിത്രസ്മൃതിയിലെ പ്രൗഢോജ്വലമായ അധ്യായങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ് സമ്മേളനം. 1938 ഡിസംബര്‍ 22ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി തീരുമാനമനുസരിച്ചായിരുന്നു സമ്മേളനം. ഒരുക്കങ്ങള്‍ പുരോഗമിക്കവെ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ സമ്മേളനം നിരോധിച്ചു. പ്രസംഗവേദി തകര്‍ത്ത് സമ്മേളനസ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. എന്നാല്‍ , നിരോധനം ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്വാതന്ത്ര്യദാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു
ReplyDelete