Saturday, August 20, 2011

അവശ്യസാധനങ്ങളുടെ വിലവര്‍ധന രൂക്ഷം

സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയം

ഓണം, റംസാന്‍ ഉത്സവകാലമായതോടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ചിങ്ങം വന്നെത്തിയതോടെ തന്നെ പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ലോറികള്‍ പണിമുടക്ക് ആരംഭിച്ചതോടെ വില ഇനിയും ഉയരാനാണ് സാധ്യത. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നവിധം ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. സാധാരണ ഉത്സവ കാലങ്ങളില്‍ സപ്ലൈകോയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പ്രത്യേക വിപണികള്‍ തുറക്കാറുണ്ടെങ്കിലും തലസ്ഥാന നഗരത്തില്‍ പോലും ഇതുവരെ വിപണികള്‍ തുറന്നിട്ടില്ല. പച്ചക്കറിക്ക് പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണ്. 10 ശതമാനത്തോളം വിലവര്‍ധനയാണ് കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായിട്ടുള്ളത്. പഴവര്‍ഗങ്ങള്‍ക്ക് 50 ശതമാനവും പൂക്കള്‍ക്ക് 70 ശതമാനവുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

പാവയ്ക്ക, ഏത്തയ്ക്ക, പയര്‍, മുളക്, കടല, ഇഞ്ചി, ചേമ്പ് തുടങ്ങിയവയ്‌ക്കെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ വന്‍തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് 30 രൂപയായിരുന്ന ഏത്തയ്ക്കയുടെ വില ഇപ്പോള്‍ 40 രൂപയാണ്. ചില ചെറുകിട വ്യാപാരികള്‍ 42 രൂപവരെ ഈടാക്കുന്നുമുണ്ട്. 35 രൂപയായിരുന്ന പാവയ്ക്കയുടെ വില 44 മുതല്‍ 46 വരെയായി ഉയര്‍ന്നു. 105 രൂപയായിരുന്ന വറ്റല്‍ മുളകിന്റെ ഇപ്പോഴത്തെ വില 116 രൂപയാണ്. 40 രൂപയായിരുന്ന വലിയ മുളകിന് മൂന്ന് ദിവസം കൊണ്ട് 16 രൂപ വര്‍ധിച്ചു. അമരക്കയ്ക്ക് 60 മുതല്‍ 65 രൂപവരെയാണ് വില. ഒരാഴ്ച മുമ്പുവരെ 70 രൂപയായിരുന്ന വെള്ളക്കടലയുടെ വില 86 രൂപയായും ഇഞ്ചിയുടെ വില 45 രൂപയായും ഉയര്‍ന്നു. ചേമ്പിന് 45 മുതല്‍ 50 വരെയാണ് വില. കഴിഞ്ഞയാഴ്ച 24 രൂപയായിരുന്ന കാരറ്റിന്റെ വില ഇപ്പോള്‍ 28 രൂപയായി. ബീറ്റ്‌റൂട്ടിന്റെ വില ഗുണനിലവാരമനുസരിച്ച് 16 മുതല്‍ 20 രൂപവരെയാണ്. ഗുണനിലവാരം കൂടിയ സവാളയുടെ വില 16 രൂപയാണ്.
വഴുതനങ്ങയ്ക്ക് 28 രൂപയായപ്പോള്‍ കത്രിക്കയുടെ വില 35 രൂപയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പടവലത്തിന് 24 രൂപയും നാടന്‍ ഇനത്തിന് 30 രൂപയുമാണ്. കാബേജിന് 14 മുതല്‍ 16 രൂപവരെയാണ് വില. കറിവേപ്പില വില കിലോയ്ക്ക് 35 രൂപയായി ഉയര്‍ന്നപ്പോള്‍ പച്ചക്കറി വാങ്ങുന്നതിനൊപ്പം ഒരു പിടി കറിവേപ്പില നല്‍കിയിരുന്നത് കച്ചവടക്കാര്‍ അവസാനിപ്പിച്ചു. ഒരു പിടി കറിവേപ്പിലയ്ക്ക് രണ്ട് മുതല്‍ അഞ്ചു രൂപവരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. കറിവേപ്പില കിലോയ്ക്ക് 35 രൂപയാണ്.

അന്യസംസ്ഥാനത്തെ ഏജന്റുമാരാണ് പച്ചക്കറി വില നിയന്ത്രിക്കുന്നത്. ഓണക്കാലമായതിനാല്‍ വില ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയിലെ സംഭരണ വില വര്‍ധിച്ചാല്‍ അതിന് ആനുപാതികമായി ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകളിലെ പച്ചക്കറിയുടെ വിലയും വര്‍ധിക്കും. ഫലത്തില്‍ വരുന്ന ഉത്സവകാലം വിലക്കയറ്റത്തിന്റെ നാളുകളാകും. പഴവര്‍ഗങ്ങള്‍ക്കും താങ്ങാനാകാത്ത വിലയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സാധാരണഗതിയിലുള്ള ഇറക്കുമതി നടന്നിട്ടും വില കുറയാത്തത് കടുത്ത ആശങ്ക ഉയര്‍ത്തുന്നു. കിലോയ്ക്ക് 60 രൂപയായിരുന്ന ആപ്പിളിന് വില 120 രൂപവരെയെത്തി. ഓസ്ട്രിയന്‍, ചൈന ആപ്പിളുകള്‍ക്ക് 100 ഉം ഓസ്‌ട്രേലിയനും വാഷിംഗടണിനും 120 ഉം 140 ഉം വീതുവമാണ് വില. ഓറഞ്ചിന് 75 ഉം മുന്തിരിക്ക് 60 രൂപയുമാണ് വില. മാമ്പഴത്തിന് കിലോയ്ക്ക് 40 രൂപയാണ്. പച്ചമാങ്ങയ്ക്ക് അന്‍പതും. ഓണമെത്തുമ്പോഴേക്കും മാമ്പഴവില 70 രൂപവരെ ഉയരാമെന്ന് വ്യാപാരികള്‍ പറയുന്നു. മുന്തിരിക്ക് 80 മുതല്‍ 100 രൂപവരെയാണ് വില. പച്ച മുന്തിരിക്ക് 120 രൂപയാണ് വില. നേരത്തെ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന റംബൂട്ടാന്‍ ഇപ്പോള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിലയ്ക്ക് കുറവില്ല. കിലോയ്ക്ക് 180 മുതല്‍ 200 രൂപവരെയാണ് വില. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന സീതാപ്പഴത്തിന് 30 രൂപയാണ്.
പൂക്കളുടെ വില ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. പിച്ചി, മുല്ല, അരളി പൂക്കള്‍ക്കാണ്് ഏറ്റവും അധികം വിലവര്‍ധിച്ചത്. കിലോയ്ക്ക് 600 രൂപയായിരുന്ന പിച്ചിക്ക് 1000 രൂപയും 300 രൂപയായിരുന്ന മുല്ലയ്ക്ക് 500 ആയും വര്‍ധിച്ചു. അരളിയുടെ വില 400 രൂപയാണ്. താമര, കോഴിപ്പൂവ്, റോസ്, ആസ്ട്ര, ഗഌഡി, ആന്തൂറിയം, ട്യൂബ് റോസ് തുടങ്ങിയവയക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇവയുടെ വിലയും ഉയര്‍ന്നു. വിനായക ചതുര്‍ഥി പ്രമാണിച്ച് അന്യസംസ്ഥാനങ്ങളില്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കൂടിയതാണ് വിലവര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ധന വര്‍ധനവില വര്‍ധനയ്ക്കും ബസ് ചാര്‍ജ് വര്‍ധനയ്ക്കും പിറകെ അവശ്യസാധന വില വര്‍ധന കൂടിയാകുമ്പോള്‍ ഇക്കൊല്ലത്തെഓണം, റംസാന്‍ ഉത്സവകാലം ജനങ്ങള്‍ക്ക് ദുരിതകാലമാകുമെന്നുറപ്പായി.
(രാജേഷ് വെമ്പായം)

janayugom 200811

1 comment:

  1. ഓണം, റംസാന്‍ ഉത്സവകാലമായതോടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ചിങ്ങം വന്നെത്തിയതോടെ തന്നെ പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ലോറികള്‍ പണിമുടക്ക് ആരംഭിച്ചതോടെ വില ഇനിയും ഉയരാനാണ് സാധ്യത. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നവിധം ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. സാധാരണ ഉത്സവ കാലങ്ങളില്‍ സപ്ലൈകോയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പ്രത്യേക വിപണികള്‍ തുറക്കാറുണ്ടെങ്കിലും തലസ്ഥാന നഗരത്തില്‍ പോലും ഇതുവരെ വിപണികള്‍ തുറന്നിട്ടില്ല. പച്ചക്കറിക്ക് പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണ്. 10 ശതമാനത്തോളം വിലവര്‍ധനയാണ് കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായിട്ടുള്ളത്. പഴവര്‍ഗങ്ങള്‍ക്ക് 50 ശതമാനവും പൂക്കള്‍ക്ക് 70 ശതമാനവുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

    ReplyDelete