കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്രാസെന്നിനെ ഇംപീച്ച് ചെയ്യുന്നതിന് അനുകൂലമായി രാജ്യസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ വോട്ടുചെയ്യുകവഴി അഴിമതിക്കും ഭരണഘടനാ ലംഘനത്തിനുമെതിരെ രാജ്യം നിര്‍ണായക കാല്‍വയ്പാണ് നടത്തിയത്. പൊതുജീവതത്തിലെ അഴിമതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന അഭൂതപൂര്‍വമായ ജനകീയ വികാരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയുടെ നടപടി ശ്രദ്ധേയമാകുന്നു. പ്രമേയത്തെ അനുകൂലിച്ച് മൂന്നില്‍ രണ്ട് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോഴും പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഹാജരാവാതിരുന്നതും ബഹുജന്‍ സമാജ് പാര്‍ട്ടി ഇംപീച്ച്മെന്റ് പ്രമേയത്തെ എതിര്‍ത്തുവോട്ട് ചെയ്തതും കേന്ദ്ര ഭരണ മുന്നണിക്കു നേതൃത്വം നല്കുന്ന കോണ്‍ഗ്രസി (ഐ) നു അനുവദിക്കപ്പെട്ട 70 മിനിറ്റില്‍ 15 മിനിറ്റ് മാത്രം അവര്‍ ചര്‍ച്ചയ്ക്കുവേണ്ടി വിനിയോഗിച്ചതും അര്‍ഥഗര്‍ഭമാണ്.
ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇതിനുമുമ്പ് നടന്ന ഇംപീച്ച്മെന്റ് നടപടി കോണ്‍ഗ്രസിന്റെ നിലപാടുമൂലം ആവശ്യമായ പിന്തുണയില്ലാതെ പരാജയപ്പെടുകയാണുണ്ടായത്. സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസ്വാമിക്കെതിരായ ഇംപീച്ച്മെന്റ് നടപടിയാണ് 1993 മെയ് 11 നു കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. ഇപ്പോള്‍ രാജ്യസഭ പാസാക്കിയ പ്രമേയം ലോക്സഭയുടെ നടപ്പു സമ്മേളനത്തില്‍ തന്നെ പരിഗണിക്കും. പ്രമേയം പാസാകണമെങ്കില്‍ സഭയില്‍ ഹാജരുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം ലഭിക്കണം. അതാവട്ടെ സഭയുടെ മൊത്തം അംഗസംഖ്യയില്‍ അമ്പതു ശതമാനത്തിലധികം ആയിരിക്കയും വേണം.
ജസ്റ്റിസ് സെന്നിനെതിരായ ഇംപീച്ച്മെന്റിനു നിധാനമായ സംഭവത്തിനു ഏതാണ്ട് ഇരുപതുവര്‍ഷക്കാലം പഴക്കമുണ്ട്. ഇപ്പോഴത്തെ രാജ്യസഭാ നടപടിയെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ 'വൈകി എത്തിയ നീതി, നീതി നിഷേധമാണെന്നതു ബന്ധപ്പെട്ട എല്ലാവരും തിരിച്ചറിയേണ്ട വസ്തുതയാണ്. നീതി നിര്‍വഹണ മേഖലയിലെ അത്യുന്നതര്‍ നടത്തുന്ന അഴിമതികളും ഭരണഘടനാ ലംഘനങ്ങളും പൊതുജന നിരീക്ഷണത്തില്‍ വരുമ്പോള്‍പോലും നിയമത്തിന്റെ ഹസ്തങ്ങളില്‍ നിന്നും അവര്‍ ഏതാണ്ടെല്ലായിപ്പോഴും രക്ഷപ്പെടുന്നുവെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ്. സുപ്രിം കോടതിയിലെ മുന്‍ ജസ്റ്റിസ് വി രാമസ്വാമി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനകരന്, ആരോപണ വിധേയനായ സുപ്രിം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസും ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് തുടങ്ങി പൊതുജന സമക്ഷം സംശയത്തിന്റെ കരിനിഴലില്‍ നില്ക്കുന്ന ഒരുപിടി ഉന്നത ന്യായാധിപന്മാരുടെ പട്ടിക നമുക്ക് മുന്നിലുണ്ട്. അത്തരം ന്യായാധിപരില്‍ ഒരാള്‍ക്കെതിരെയുള്ള ന്യായവിധി എന്ന നിലയിലാണ് രാജ്യസഭാ പ്രമേയം പ്രസക്തമാകുന്നത്.
ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ രംഗങ്ങളിലെ അഴിമതികൊണ്ടു പൊറുതിമുട്ടിയ ജനത പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭരണഘടനാ സ്ഥാപനമാണ് നീതിപീഠം. ന്യായാധിപന്മാര് തന്നെ അഴിമതിക്കാരാവുക എന്നത് വേലിതന്നെ വിളവുതിന്നുന്നതിനു തുല്യമാണ്. അത്തരം ന്യായാധിപന്മാര് പാര്‍ലമെന്റിന്റെയും എക്സിക്യുട്ടീവിന്റെയും അധികാര മേഖലകളിലേയ്ക്ക് കടന്നുകയറ്റം കൂടി നടത്തിയാല്‍ സമൂഹത്തിന്റെ ഭദ്രമായ നിലനില്പുതന്നെയാവും വെല്ലുവിളിക്കപ്പെടുക.
ന്യായാധിപരെ അവര്‍ തന്നെ നിയമിക്കുന്നതും അവര്‍ എത്രതന്നെ ഗൗരവതരമായ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടാലും ശിക്ഷിക്കപ്പെടില്ലെന്നതും ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല. ഏറെ സമയ ദൈര്‍ഘ്യം ആവശ്യമുള്ളതും സങ്കീര്‍ണ നടപടി ക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ പാര്‍ലമെന്ററി ഇംപീച്ച്മെന്റ് നടപടികളുടെ സ്ഥാനത്ത് നിയമലംഘനം നടത്തുന്ന ഉന്നത ന്യായാധിപന്മാരെ മാതൃകാപരവും സമയബന്ധിതവുമായി ശിക്ഷിക്കാനും ന്യായാധിപ നിയമന പ്രക്രിയ സുതാര്യവും വ്യവസ്ഥാപിതവുമാക്കാനും ഉതകുന്ന കാലാനുസൃത നിയമങ്ങള്‍ രാജ്യത്തിനു അനിവാര്യമാണ്. ഇപ്പോള്‍ തന്നെ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള നീതിന്യായ മാനദണ്ഡങ്ങളും ബോധ്യപ്പെടുത്തലും സംബന്ധിച്ച ബില്‍ നിയമമാക്കുന്നതിനും ന്യായാധിപ നിയമനങ്ങള്‍ സംബന്ധിച്ച കമ്മീഷന് നിയമത്തിനും ഇനി കാലതാമസം വരുത്തിക്കൂട.
രാഷ്ട്രീയ-ഉദ്യോഗസ്ഥ രംഗത്തെ ഉന്നതന്മാരുടെ അഴിമതി നിയന്ത്രിക്കുന്നതിനാവശ്യമായ സമഗ്ര ലോക്പാല്‍ ബില്ലിനൊപ്പം തന്നെ നീതിപീഠത്തിലെ അഴിമതി അവസാനിപ്പിക്കാനും അതിനെ ജനാധിപത്യവല്‍ക്കരിക്കാനും ആവശ്യമായ അടിയന്തര നിയമ നിര്‍മാണം ഇന്നിന്റെ ആവശ്യമാണ്. ഇപ്പോള്‍ രാജ്യത്ത് അഴിമതിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ വികാരം അത്തരം നിയമ നിര്‍മാണത്തിനു വഴി ഒരുക്കുക തന്നെ ചെയ്യും.
janayugom editorial 200811

ReplyDelete