Wednesday, August 17, 2011

പാമോലിനില്‍ വഴുതി, ഹസാരെയില്‍ തടഞ്ഞ്....

പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ ഇടപെട്ടത് നിവേദനപ്രകാരമെന്ന്

പാമൊലിന്‍ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസികൂട്ട് ചെയ്യാനുള്ള നടപടി തടയാന്‍ ശ്രമിച്ചത് നിവേദനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് നിവേദനം കിട്ടിയാല്‍ കൈകാര്യംചെയ്യുന്ന രീതിയുണ്ട്. അതനുസരിച്ചാണ് ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രാനുമതി തേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അയച്ച കത്ത് പിന്‍വലിക്കുന്നതും കത്തിനാധാരമായ സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുന്നതും സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്തതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ , ആരാണ് നിവേദനം നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ജിജി തോംസണ്‍ നിവേദനം നല്‍കിയോ എന്നാരാഞ്ഞപ്പോള്‍ , വേറെ വിഷയമുണ്ടെങ്കില്‍ ചോദിക്കൂ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കത്ത് പിന്‍വലിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ എല്ലാ നടപടിയും പുറത്തുപറയാന്‍ സാധ്യമല്ലെന്നായിരുന്നു മറുപടി. തീരുമാനമെടുത്താല്‍ പറയാം. പാമൊലിന്‍ കേസില്‍ തനിക്കും കോണ്‍ഗ്രസിനും വ്യക്തമായ നിലപാടുണ്ട്.

ഇടപാടില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതൊന്നും കണ്ടുരസിക്കാന്‍ തനിക്ക് സമയം കിട്ടാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കാസര്‍കോട് കലാപം അന്വേഷിക്കാന്‍ നിയോഗിച്ച നിസാര്‍ കമീഷന്‍ പിരിച്ചുവിട്ടത് മുഖ്യമന്ത്രി ന്യായീകരിച്ചു. കമീഷന്റെ കാലാവധി യുഡിഎഫ് സര്‍ക്കാര്‍തന്നെ നീട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ കമീഷനെ വയ്ക്കാന്‍ അധികാരമുണ്ടെങ്കില്‍ പിരിച്ചുവിടാനും അധികാരമുണ്ടെന്നായിരുന്നു മറുപടി. പിരിച്ചുവിട്ട അറിയിപ്പ് കിട്ടേണ്ട സമയത്ത് കമീഷന് കിട്ടിക്കൊള്ളും. പിരിച്ചുവിടാനുള്ള കാരണം ആരാഞ്ഞപ്പോള്‍ സിറ്റിങ് ജഡ്ജിയെ വയ്ക്കാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നായിരുന്നു പ്രതികരണം. കലാപം അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെടുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

അണ്ണാ ഹസാരെയുടെ സമരം തടഞ്ഞതും അറസ്റ്റും ദേശീയതലത്തിലുള്ള വിഷയമാണെന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇക്കാര്യത്തിലുള്ള അഭിപ്രായം നേരത്തേ പറഞ്ഞിട്ടുണ്ട്. ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് ലോകായുക്തയുമായി ചര്‍ച്ചചെയ്യും. ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പുതിയ ബാച്ചുകള്‍ അനുവദിച്ചത്. ഇക്കാര്യത്തില്‍ വലിയ പരാതിയില്ല. ബാച്ചുകള്‍ അനുവദിച്ചതിലല്ല ചോദിച്ചതിലാണ് അപാകത. സ്വാശ്രയ മെഡിക്കല്‍ പ്രവേശനപ്രശ്നം നീണ്ടുപോകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഉടന്‍ പരിഹരിക്കുമെന്നായിരുന്നു മറുപടി.

deshabhimani 170811

1 comment:

  1. ഇടപാടില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതൊന്നും കണ്ടുരസിക്കാന്‍ തനിക്ക് സമയം കിട്ടാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    ReplyDelete