Wednesday, August 3, 2011

അമേരിക്കന്‍ സമ്പദ്ഘടന കരകയറുന്നില്ല

ന്യൂയോര്‍ക്ക്: മഹാമാന്ദ്യത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നു കരകയറാമെന്നുള്ള അമേരിക്കയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. 2011 മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസങ്ങളില്‍ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് 1.3 ശതമാനം മാത്രമായിരുന്നു. 1.9 ശതമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. സാമ്പത്തിക വിദഗ്ധന്മാരുടെ പ്രതീക്ഷകള്‍ക്ക് വളരെ താഴെയാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.

2007 - 2009 കാലത്ത് അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യം ആദ്യം കണക്കാക്കിയിരുന്നതിലുമേറെ ആഴമുള്ളതായിരുന്നുവെന്നും അതില്‍ നിന്നുമുള്ള കരകയറല്‍ വളരെ ദുര്‍ബ്ബലമായിട്ടാണ് പുരോഗമിക്കുന്നതെന്നും 2007 നെ അപേക്ഷിച്ച് അമേരിക്കന്‍ സമ്പദ്ഘടന വളരെ ചുരുങ്ങിപ്പോയിരിക്കുന്നുവെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമ്പദ്ഘടനയെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്ന വേളയില്‍ത്തന്നെയാണ് ഇപ്പോഴത്തെ സ്ഥിതിവിവരകണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്.

ഇപ്പോഴത്തെ രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ അടുത്ത മൂന്നുമാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ദുരിതമായിരിക്കും ഫലമെന്ന് പ്രമുഖ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ നൈഗല്‍ ഗാള്‍ട്ട് പറയുന്നു. അമേരിക്കയിലെ ഉപഭോക്താക്കളുടെ ക്രയശേഷി സമീപ മാസങ്ങളിലായി വല്ലാതെ ചുരുങ്ങിവരുന്നത് സാമ്പത്തിക വിദഗ്ധരെ അസ്വസ്ഥരാക്കുന്നു. വാണിജ്യ വകുപ്പിന്റെ കണക്കുപ്രകാരം മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസക്കാലത്ത് 0.1 ശതമാനം മാത്രമാണ് ഉപഭോഗം വര്‍ധിച്ചത്.

സമ്പദ്ഘടനയുടെ മെല്ലെപ്പോക്ക് അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് സൃഷ്ടിച്ചിട്ടുള്ളത്. ജൂണ്‍മാസത്തിലെ കണക്കുപ്രകാരം 14 ദശലക്ഷം പേരാണ് തൊഴില്‍രഹിതര്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും തൊഴില്‍ ലഭിക്കുന്നതിനുള്ള കാലയളവിന്റെ ദൈര്‍ഘ്യം ഇതിനു മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധമാണ് വര്‍ധിച്ചിരിക്കുന്നത്.

വായ്പാപരിധി ബില്‍ അമേരിക്കന്‍ പ്രതിനിധിസഭ പാസ്സാക്കി

വാഷിംഗ്ടണ്‍: പൊതുകടത്തിന് പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടുളള ബില്‍ അമേരിക്കന്‍ പ്രതിനിധിസഭ പാസ്സാക്കി. ബില്‍ സെനറ്റ് പാസ്സാക്കുകയും പ്രസിഡന്റ് ബാരക് ഒബാമ ഒപ്പുവയ്ക്കുകയും ചെയ്യുന്നതോടെ നിയമമാകുമെന്ന് കരുതപ്പെടുന്നു

ബഡ്ജറ്റ് കണ്‍ട്രോള്‍ ആക്ട് 2011 എന്നു പേരിട്ട ബില്‍ 161നെതിരെ 269 വോട്ടുകള്‍ക്കാണ് പ്രതിനിധിസഭ പാസ്സാക്കിയത്. റിപ്പബ്‌ളിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ ഒരു ദിവസം നീണ്ടുനിന്ന സമവായചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഗബ്രിയേലാ ഗിഫോര്‍ഡ്‌സ് എന്ന വനിതാ അംഗത്തിന്റെ സാന്നിധ്യം സഭയില്‍ ആഹ്‌ളാദാരവങ്ങളുയര്‍ത്തി. കഴിഞ്ഞ ജനുവരിയില്‍ കൊലപാതകശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടശേഷം ആദ്യമായാണ് ഗിഫോര്‍ഡ്‌സ് പ്രതിനിധിസഭയില്‍ പങ്കെടുക്കുന്നത്.
 ബില്‍ നാളെ സെനറ്റിന്റെ പരിഗണനയ്ക്ക് വരും. അതിനുശേഷമാകും പ്രസിഡന്റിന്റെ പരിഗണനയ്ക്കയക്കുക. സര്‍ക്കാരിന് കടമെടുക്കാന്‍ പറ്റുന്ന തുക 14,300 കോടി ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്തുവര്‍ഷത്തിനിടയില്‍ പൊതുകടത്തില്‍ 2400 കോടി ഡോളര്‍ കുറവുവരുത്താനും ബില്‍ വിഭാവനം ചെയ്യുന്നു. വോട്ടെടുപ്പ് നടപടികളെ തുടര്‍ന്ന് പ്രതിനിധിസഭ നീണ്ട വേനല്‍ അവധിക്കായി പിരിഞ്ഞു.

അമേരിക്കന്‍ ട്രഷറി വകുപ്പിലെ പണമിടപാടുകളില്‍ തടസ്സം നേരിട്ട് 12 മണിക്കൂറൂകള്‍ക്ക് ശേഷമാണ് പ്രതിനിധിസഭ ബില്‍ പാസ്സാക്കിയത്. റിപ്പബ്‌ളിക്കന്‍ ഭൂരിപക്ഷമുളള പ്രതിനിധിസഭ നേരത്തേ പാസാക്കിയ ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുളള സെനറ്റ് തളളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന നിരവധി സമവായചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് കരുതപ്പെട്ടിരുന്ന വായ്പാപരിധിബില്‍ പാസ്സായത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലേയും പല അംഗങ്ങളും ബില്ലിലെ പല വ്യവസ്ഥകളോടും കടുത്ത വിയോജിപ്പുളളവരാണ്.

janayugom 030811

1 comment:

  1. മഹാമാന്ദ്യത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നു കരകയറാമെന്നുള്ള അമേരിക്കയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. 2011 മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസങ്ങളില്‍ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് 1.3 ശതമാനം മാത്രമായിരുന്നു. 1.9 ശതമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. സാമ്പത്തിക വിദഗ്ധന്മാരുടെ പ്രതീക്ഷകള്‍ക്ക് വളരെ താഴെയാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.

    ReplyDelete