Wednesday, August 3, 2011

അഖിലേന്ത്യാ ബാങ്ക് തൊഴിലാളി പണിമുടക്ക് ഈ മാസം അഞ്ചിന്

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഓഗസ്റ്റ് അഞ്ചിന് അഖിലേന്ത്യാ വ്യാപകമായി  പണിമുടക്കുന്നു. ബാങ്കിംഗ് മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും പ്രതിനിധാനം ചെയ്യുന്ന ഒമ്പതു യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പൊതുമേഖലാ-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക് നടത്തുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കണ്‍വീനര്‍ പി കെ ലക്ഷ്മിദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വന്‍കിട സ്വകാര്യ വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കുവാനുള്ള നയം പിന്‍വലിക്കുക, ബാങ്ക് ലയനങ്ങള്‍, വിദേശ മൂലധനം, ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതി ചെയ്തു ഓഹരി വോട്ടവകാശ പരിധി റദ്ദാക്കല്‍, പുറം ജോലി കരാര്‍ സമ്പ്രദായം വേണ്ടെന്നു വയ്ക്കുക, പൊതു മേഖലാ ബാങ്ക് മൂലധനത്തിന് ലോക ബാങ്ക് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കുക, ബി എസ് ആര്‍ ബി പുനഃസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, ഇടപാടുകള്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കുക, ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിപുലീകരിക്കുക, ഖണ്‌ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ നിരാകരിക്കുക, പെന്‍ഷന്‍-സ്റ്റാഫ് ലോണുകള്‍ പരിഷ്‌ക്കരിക്കുക, ബാങ്ക് ഓഫീസര്‍മാരുടെ ജോലി സമയം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ജനകീയ ബാങ്കിംഗ് സമ്പ്രദായങ്ങളുടെയും സംവിധാനങ്ങളുടെയും സംരക്ഷണാര്‍ഥം നടത്തുന്ന പ്രക്ഷോഭത്തിന് കേന്ദ്ര ട്രേഡ് യൂണികനുകളെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പൊതുമേഖലയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുമാണ്. ഈ നിയന്ത്രണങ്ങള്‍ നീക്കുന്നത് ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ ക്ഷീണിപ്പിക്കും. രാജ്യ താത്പര്യങ്ങള്‍ക്കെതിരായ ഇത്തരം നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കളായ പി രാധാകൃഷ്ണന്‍ (എ ഐ ബി ഇ എ), ടി ജോസഫ് ( എ ഐ ബി ഒ സി), എ പി രവീന്ദ്രന്‍ (എന്‍ സി ബി ഇ), ഒ പ്രജിത്ത് കുമാര്‍ (എ ഐ ബി ഒ എ), എം രാജു (ബി ഇ എഫ് ഐ), അജിത്ത് കുമാര്‍ (ഐ എന്‍ ബി ഇ എഫ്), കെ ടി ബാലചന്ദ്രന്‍ ( എന്‍ ഒ ബി ഡബ്ല്യു) എന്നിവരും സംബന്ധിച്ചു.

janayugom 030811

2 comments:

  1. വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഓഗസ്റ്റ് അഞ്ചിന് അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. ബാങ്കിംഗ് മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും പ്രതിനിധാനം ചെയ്യുന്ന ഒമ്പതു യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പൊതുമേഖലാ-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക് നടത്തുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കണ്‍വീനര്‍ പി കെ ലക്ഷ്മിദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete
  2. പൊതുമേഖലാ ബാങ്കിങ് സംവിധാനം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍(യുഎഫ്ബിയു) ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കി. വന്‍കിട സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം പിന്‍വലിക്കുക, ഖണ്ഡേല്‍വാല്‍ കമ്മറ്റി ശുപാര്‍ശ തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ഭാരവാഹികളുമായി യൂണിയന്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് യുഎഫ്ബിയു കണ്‍വീനര്‍

    ReplyDelete