കാസര്‍കോട്: എന്‍ഡോസള്‍ഫാനെതിരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ ജനകീയ പോരാട്ടത്തിനും സമരങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പുല്ലുവില. ഒരു ജില്ലയാകെ കൊടിയ ദുരന്തം വിതച്ച എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി കാസര്‍കോട്ടെ ദുരന്തത്തിനു കാരണമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന് എന്‍ഡോസള്‍ഫാന്‍ കമ്പനിയോടുള്ള കടപ്പാടും പ്രീതിയും അടിവരയിട്ടുറപ്പിക്കുന്ന നടപടിയാണിത്. സുപ്രിംകോടതിയില്‍ ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ ബലത്തിലാണെന്നും 2006-ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ ദുരന്തത്തിനു കാരണം എന്‍ഡോസള്‍ഫാനല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട നിലപാട് മൂന്നുമാസത്തിനകം അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാടിനെതിരെ ജില്ലയില്‍ പ്രതിഷേധാഗ്നിപടരും.
1983-മുതല്‍ കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെ തുരത്താന്‍ ഹെലിക്കോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി കൊല്ലത്തില്‍ മൂന്നുതവണകളിലായി 17 വര്‍ഷംമുടങ്ങാതെ തളിച്ചു. ഇതിന്റെ ഫലമായി കാസര്‍കോട് ജില്ലയില്‍ 11 പഞ്ചായത്തുകളിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മേഖലയിലെ മനുഷ്യരിലും ജീവജാലങ്ങളിലും അപൂര്‍വമായ രോഗങ്ങള്‍ വ്യാപകമായി കണ്ടു തുടങ്ങി. പദ്രെ, സ്വര്‍ഗ, വാണിനഗര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ കാന്‍സര്‍ രോഗികളുടെയും ത്വക്ക് രോഗികളുടെയും കേന്ദ്രമായി മാറിയതിനെത്തുടര്‍ന്ന് വാണിനഗര്‍ പി എച്ച് സി ഡോക്ടര്‍ മോഹന്‍ കുമാറും സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീപദ്രെയും മറ്റും ആദ്യകാലങ്ങളില്‍ രംഗത്തുവന്നു. എന്‍ഡോസള്‍ഫാനാണ് ഈ മേഖലയിലെ വ്യാപകമായ രോഗങ്ങള്‍ക്ക് കാരണമെന്ന് മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. ആയിരത്തിലധികം പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേര്‍ തീരാരോഗ ബാധിതരാകുകയും ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പെരിയ ലീലകുമാരിയമ്മയുടെ സഹോദരന്‍ ഇതിനിടെ എന്‍ഡോസള്‍ഫാന്‍മൂലം രോഗം പിടിപെട്ട് മരിച്ചത് പുതിയ വഴിത്തിരിവായി. അതായിരുന്നു ലീലാകുമാരിയമ്മയെ എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി നിയമയുദ്ധം നയിക്കാന്‍ പ്രേരിപ്പിച്ച സംഭവവം. രാജ്യത്തുതന്നെ ഭോപ്പാല്‍ ദുരന്തത്തിനുശേഷം ഏറ്റവും വലിയ വിഷദുരന്തമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം അറിയപ്പെട്ടു. 2002-ല്‍ കേരള ഹൈക്കോടതിയും 2004 -ല്‍ സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. അപ്പോഴും കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നത് സജീവ ചര്‍ച്ചയായി. പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇതിനിടെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് ദുരിതത്തിന്റെ ഭീകരത കണ്ട് ബോധ്യപ്പെട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു. 11 പഞ്ചായത്തുകളിലായി 13000 ഏക്കര്‍ സ്ഥലത്താണ് കീടനാശിനി തളിച്ചത്. ഇന്നാട്ടിലെ മണ്ണും വെള്ളവും മനുഷ്യനും മറ്റു ജന്തുജാലങ്ങളും ഇതേത്തുടര്‍ന്ന് മലീമസമായി. സമീപത്തെ 15 പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്റെ പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇവിടങ്ങളിലുള്ളവര്‍ പലതരത്തിലുള്ള രോഗങ്ങള്‍ക്കടിപ്പെട്ടു. നിരവധി പേര്‍ കാന്‍സര്‍രോഗികളായി. പലരും മരിച്ചു. ജനിതകവൈകല്യങ്ങളോടെ ജനിച്ചവരും നിരവധിയാണ്. രക്തത്തിലും അമ്മമാരുടെ മുലപ്പാലിലും കീടനാശിയുടെ അളവ് വന്‍തോതിലായി. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും അതു നിരോധിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാരും കൃഷിമന്ത്രാലയവും വാദിച്ചുകൊണ്ടിരിക്കുന്നു.
നാലുമാസം മുമ്പ് കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെത്തിയ കേന്ദ്രകൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ വീണ്ടും വിഷം കുത്തിവെയ്ക്കുന്നതായി. എന്‍ഡോസള്‍ഫാന്‍ മനുഷ്യന് ഹാനികരമല്ലെന്നും കാര്‍ഷിക മേഖലയില്‍ വളരെയേറെ ഗുണം ചെയ്തുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ, ഇരകളുടെ അമ്മമാര്‍ നല്‍കിയ സങ്കടഹര്‍ജിക്ക് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞവര്‍ഷം റോമിലും ഈ വര്‍ഷം ജനീവയിലും നടന്ന ലോക കീടനാശിനി റവ്യു കമ്മിറ്റിയില്‍ 26 ഓളം രാജ്യങ്ങള്‍ എന്‍കഡോസള്‍ഫാന്‍ നിരോധിക്കണെന്ന് വാദിച്ചപ്പോള്‍ ഇന്ത്യ ഈ കീടനാശിനിക്ക് വേണ്ടി വാദിച്ചത് ലോകത്തെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഇത്തവണയും നിരോധിക്കില്ലെന്ന ഉറച്ചതീരുമാനത്തിലാണ് ഇന്ത്യ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനിലേക്ക് പ്രതിനിധികളെ അയച്ചത്. പക്ഷെ തങ്ങളുടെ ഒപ്പം നില്‍ക്കുമെന്ന കരുതിയ അപൂര്‍വം രാജ്യങ്ങള്‍പോലും എന്‍ഡോസള്‍ഫാന് എതിരായിനിന്നതാണ് ഇന്ത്യയുടെ നീക്കം പൊളിഞ്ഞത്.
(നാരായണന്‍ കരിച്ചേരി )
എന്‍ഡോസള്‍ഫാന് വക്കാലത്തുമായി കേന്ദ്രം
ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
അനുമതിയില്ലാതെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കേരളത്തില്‍ ദുരന്തത്തിന് വഴിവെച്ചത്. എന്‍ഡോസള്‍ഫാന്‍ നേരിട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഒരു പഠന റിപ്പോര്‍ട്ടിലും പറയുന്നില്ല. കേരളത്തിലേത് വേറിട്ട സംഭവമാണ്. എന്‍ഡോസള്‍ഫാന്‍ പലരാജ്യങ്ങളിലും നിരേധിച്ചിരിക്കുന്നത് സംശയത്തിന്റെ പശ്ചാത്തലത്തിലാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല നിരോധനം. കാര്‍ഷിക വൃത്തി കുറഞ്ഞ രാജ്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷംകൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. 2006ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനവും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നുവെന്നും കേന്ദ്ര കൃഷി വകുപ്പ് ഡയറക്ടര്‍ വന്ദനാ ജെയ്ന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മുലത്തില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ച് പഠനം നടത്തിയ സമിതിയുടെ പുതിയ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടിയെടുക്കാന്‍ സാധിക്കൂ. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഒക്യുപേഷണല്‍ ഹസാര്‍ഡ്‌സ് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പൂര്‍ണമായിരുന്നില്ല. സുപ്രിം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷം അന്തിമ തീരുമാനം എടുക്കുന്നതാകും ഉചിതം. എന്‍ഡോസള്‍ഫാന്‍ നിരോധനമാവശ്യപ്പെട്ട് ഡി ഐ എഫ് ഐ നല്‍കിയ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസര്‍ഫാന്‍ അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ നിരവധി പഴുതുകളും നിബന്ധനകളും ബാക്കിവച്ചുകൊണ്ടാണ് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നാണം കെട്ടാണെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഇന്ത്യ സമ്മതംമൂളിയത്. എന്നാല്‍ ഇതിന്റെ പിന്നില്‍ ഇത്രയും വലിയ ചതി ബാക്കിയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതേയില്ല. 2010 സെപ്തംബറില്‍ ലോക കീടനാശിനി നിരോധന കരാര്‍ സംബന്ധിച്ചു ചേര്‍ന്ന സ്റ്റോക്ക്‌ഹോം സമ്മേളനത്തിലും എന്‍ഡോസള്‍ഫാന് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചതിന്റെ ഫലമായി ഈ വിഷം നിരോധിച്ചുകൊണ്ട് അന്നും തീരുമാനമെടുക്കാനായിരുന്നില്ല.
അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, കാനഡ, ബ്രിട്ടന്‍, റഷ്യ, കുവൈത്ത്, ശ്രീലങ്ക അടക്കം 80 ലധികം രാജ്യങ്ങള്‍ നിരോധിച്ചപ്പോഴും ഇന്ത്യ മാത്രമാണ് നിരോധിക്കില്ലെന്ന് ഉറപ്പിച്ചുപറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് തെളിയിക്കുന്ന 200 ഓളം ശാസ്ത്രീയ പഠനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ നിലവിലുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം രാജ്യമാകെ ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഇതുവരെയായി 16 ഓളം കമ്മിഷനുകളാണ് പഠിക്കാനായി കാസര്‍കോട്ടെത്തിയത്. ഇതില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡോ ദുബെ, മാലി തുടങ്ങിയ കമ്മിഷനുകള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ കാര്യമായ പഠനം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നേരത്തേ ഡോ അച്യുതന്‍ കമ്മിഷനും ഡോ ശിവരാമന്‍ കമ്മിഷനും മറ്റും നടത്തിയ വ്യക്തമായ കണ്ടെത്തലുകള്‍ മറച്ചുവച്ചുളളതായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.
(റെജി കുര്യന്‍)
മനുഷ്യത്വരഹിതം: എ ഐ വൈ എഫ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടാണെന്ന് എ ഐ വൈ എഫ്. സംസ്ഥാന സെക്രട്ടറി കെ രാജനും പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പറഞ്ഞു.
സത്യവാങ്മൂല നിലപാടുകള്‍ ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വീണ്ടും ഇരകളെ സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ എന്നും മറ്റുമുള്ള സര്‍ക്കാര്‍ നിലപാട് കേരള ജനത പുച്ഛിച്ച് തള്ളും.
ജീവിതാനുഭവത്തില്‍ നേരിട്ട ദുരന്തം ബോധ്യപ്പെടാന്‍ സയന്‍സിന്റെയോ ശാസ്ത്രത്തിന്റെയോ വിദഗ്ധസമിതിയുടെയോ പിന്‍ബലം ആവശ്യമില്ല. കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
എന്‍ഡോസള്‍ഫാന്‍ നേരിട്ടോ, ലേബലുമാറ്റിയോ തിരികെ കൊണ്ടുവരാനുള്ള ഏതു ശ്രമത്തെയും എന്ത് വിലയും നല്‍കി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് നാടെങ്ങും വന്‍ പ്രതിഷേധം ഉയര്‍ത്താന്‍ എ ഐ വൈ എഫ് ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.
janayugom 030811
എന്‍ഡോസള്‍ഫാനെതിരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ ജനകീയ പോരാട്ടത്തിനും സമരങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പുല്ലുവില. ഒരു ജില്ലയാകെ കൊടിയ ദുരന്തം വിതച്ച എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി കാസര്‍കോട്ടെ ദുരന്തത്തിനു കാരണമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന് എന്‍ഡോസള്‍ഫാന്‍ കമ്പനിയോടുള്ള കടപ്പാടും പ്രീതിയും അടിവരയിട്ടുറപ്പിക്കുന്ന നടപടിയാണിത്.
ReplyDelete