Wednesday, August 24, 2011

മാറാട്: സിബിഐ അന്വേഷണം തടയാന്‍ ബിജെപിയും കൂട്ടുനിന്നു

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അട്ടിമറിക്കാന്‍ ബിജെപിയും കൂട്ടുനിന്നതായി വെളിപ്പെട്ടു. കൂട്ടക്കൊല നടന്നതിനുപിന്നാലെയും ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതിന് ശേഷവും സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. എന്നാല്‍ രണ്ട് തവണയും കോടതിയില്‍ നിന്ന് അനുകൂല വിധി തേടാന്‍ ബിജെപി ശ്രമിച്ചില്ലെന്നാണ് ആരോപണം. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റും ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സലുമായിരുന്ന പി എസ് ശ്രീധരന്‍പിള്ളക്കെതിരെയാണ് ഇപ്പോള്‍ ആക്ഷേപം നീളുന്നത്.

2003 മെയ് രണ്ടിനാണ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊല നടന്നത്. ഇതിന്റെ തുടര്‍ച്ചയായി, കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പാലക്കാട്ടുള്ള ഗോകുല്‍ പ്രസാദ് എന്നയാള്‍ അഡ്വ. തോട്ടത്തില്‍ രാധാകൃഷ്ണന്‍ മുഖേന ഹൈക്കോടതിയിലെത്തി. അന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്ന പി എസ് ശ്രീധരന്‍പിള്ള ഹാജരായില്ല. പകരം കെ ബി സജീഷ് എന്ന സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ ജൂനിയറായ പി ഗോപിനാഥാണ് ഹാജരായത്. കേന്ദ്രത്തില്‍ ബിജെപിക്ക് സ്വാധീനമുള്ള ഭരണമായിട്ട് പോലും സിബിഐ അന്വേഷണം ആവാമെന്ന് പറയാമായിരുന്ന അവസരം പാഴാക്കി.

പിന്നീട് കലാപത്തില്‍ കൊല്ലപ്പെട്ട തെക്കെത്തൊടി പുഷ്പരാജ്, സന്തോഷ് എന്നിവരുടെ അമ്മയായ മാറാട്ടെ ശ്യാമളാദേവിയും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. ഈ കേസില്‍ പി എസ് ശ്രീധരന്‍ പിളളയുടെ ജൂനിയര്‍മാരായ സി എസ് സുനില്‍ , സി ആര്‍ ശ്രീജിത്ത്, പി ഗോപിനാഥ് എന്നിവരാണ് ഹാജരായത്. എന്നാല്‍ ഈ പരാതിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്തില്ല. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എന്ന നിലയില്‍ പിള്ളയ്ക്ക് മാറിനില്‍ക്കാനാണ് ഇത് ചെയ്തതെന്നാണ് ആരോപണം.

ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാലക്കാട്ടെ ഗോകുല്‍ പ്രസാദ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാമതും ഹൈക്കോടതിയിലെത്തി. തൊട്ട് പിന്നാലെ ശ്യാമളാദേവിയുടെ ഹര്‍ജിയുമെത്തി. ഇത്തവണ ശ്രീധരന്‍ പിള്ളയാണ് ഇവര്‍ക്കുവേണ്ടി ഹാജരായത്. ഇതിനിടെ സി എസ് ബാബു എന്ന ബിജെപി പ്രവര്‍ത്തകനും കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് യഥാര്‍ഥപ്രതികളെ രക്ഷിക്കാനേ ഉപകരിക്കൂ എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ശ്രീധരന്‍പിള്ളയുടെ ജൂനിയറായ അഡ്വ. സി ബി ശ്രീകുമാറാണ് ഈ കേസില്‍ കോടതിയില്‍ ഹാജരായത്.

deshabhimani 240811

2 comments:

  1. എത്രയെത്ര കോലീബികള്‍!

    ReplyDelete
  2. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോസ്ഥന്‍ അടങ്ങുന്ന സംഘമാണെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹം സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കാതെ ഭീകരമായി മര്‍ദ്ദിച്ച സമയത്ത് കമ്മീഷണര്‍ ഓഫീസ് സെര്‍ച്ച് ചെയ്യാനുള്ള വിധി സമ്പാദിച്ചത് താനാണ്. കൂടാതെ ഈ ഉദ്യോഗസ്ഥന്റെ മകനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായതും താനാണ്. ഈ വിദ്വേഷം വച്ചാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള ആരോപണങ്ങളുമായി ഇയാള്‍ മുന്നോട്ടു പോകുന്നത്. അന്വേഷണത്തിന് വിളിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് ഇയാള്‍ ബിജെപി നേതാക്കളെ വിളിപ്പിക്കാറുള്ളത്. എന്നാല്‍ മറ്റുരാഷ്ട്രീയകക്ഷികളെ മുന്‍ കൂട്ടി നോട്ടീസ് നല്‍കിയാണ് വിളിപ്പിക്കാറുള്ളതെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete