Wednesday, August 24, 2011

കണ്ടം ബെച്ചകോട്ടിന് അന്‍പത് വയസ്


മലയാളത്തിലെ ആദ്യ കളര്‍ സിനിമ "കണ്ടംബെച്ചകോട്ടി"ന് ബുധനാഴ്ച സുവര്‍ണ ജൂബിലി. നിശ്ബ്ദ ചിത്രങ്ങളും ബ്ലാക്ക് ആന്റ് വൈറ്റ് ശബ്ദസിനിമകളും മാത്രം കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്കിടയിലേക്ക് 1961 ആഗസ്ത് 24ന് തിരുവോണനാളിലാണ് മോഡേണ്‍ തിയറ്റേഴ്സിന്റെ ബാനറില്‍ കണ്ടംബെച്ച കോട്ട് എത്തുന്നത്. മുഹമ്മദ് യൂസഫിന്റെ കോളിളക്കമുണ്ടാക്കിയ നാടകമാണ് പ്രശസ്ത സംവിധായകന്‍ ടി എസ് സുന്ദരം സിനിമയാക്കിയത്. സുന്ദരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. മുസ്ലീം സമുദായത്തിലെ സ്ത്രീധനവും അനാചാരങ്ങളുമാണ് സിനിമയുടെ പ്രമേയം. തനി കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളുമായി നൂറുദിവസം സിനിമ നിറഞ്ഞോടി.

പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കെ ടി മുഹമ്മദാണ് കഥയും തിരക്കഥയും രചിച്ചത്. തിക്കുറിശ്ശി, നെല്ലിക്കോട് ഭാസ്കരന്‍ , പ്രേംനവാസ്, പങ്കജവല്ലി, ആറന്മുള പൊന്നമ്മ, അംബിക, നിലമ്പൂര്‍ ആയിഷ, കെടാമംഗലം സദാനന്ദന്‍ , നിലമ്പൂര്‍ ബാലന്‍ , നാണുക്കുട്ടന്‍ നായര്‍ തുടങ്ങിയ പ്രതിഭാധനരായ താരനിര സിനിമയില്‍ അണിനിരന്നു. ഹജ്ജ് തീര്‍ഥാടനത്തിനായി ജീവിത സമ്പാദ്യം മുഴുവന്‍ അനേകം കീശകളുള്ള കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്ന മുഹമ്മദ്കാക്കയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. കോട്ടിന്റെ ഓരോ കീശയിലും പണം നിറയുമ്പോള്‍ അടുത്തത് തുന്നിചേര്‍ക്കുകയാണ് മുഹമ്മദ് കാക്ക. സ്ത്രീധനത്തിന്റെ പേരില്‍ അന്യയായ ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങുന്ന വേളയില്‍ മുഹമ്മദ്കാക്ക കോട്ടിലെ സമ്പാദ്യം മുഴുവന്‍ പെണ്‍കുട്ടിക്ക് നല്‍കുന്നതാണ് കഥ.

ഹജ്ജിനേക്കാള്‍ വിലമതിക്കപ്പെടുന്ന പുണ്യത്തിലൂടെ മുഹമ്മദ്കാക്കയുടെ ത്യാഗം ലോകം അംഗീകരിക്കുന്നു. ദേശീയ- സംസ്ഥാന അവാര്‍ഡ് നേടിയ "ആദാമിന്റെ മകന്‍ അബുവിന്റെ" കഥയോട് അടുത്തുനില്‍ക്കുന്നതാണ് സനിമയുടെ സന്ദേശം. നിലമ്പൂര്‍ ചന്തക്കുന്നിലെ രാധാതിയറ്റിലാണ് സിനിമ റിലീസ് ചെയ്തത്. സംവിധായകരും നിര്‍മ്മാതാക്കളും അഭിനേതാക്കളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങും ഉണ്ടായിരുന്നു. യുഗോസ്ലാവ്യന്‍ നിര്‍മ്മിതമായ പ്രൊജക്ടര്‍ ഉപയോഗിച്ചാണ് മുഴുനീള ഈസ്റ്റ്മെന്‍ കളര്‍ സിനിമ പ്രദര്‍ശിപ്പിക്കുകയെന്ന് ദേശാഭിമാനി അന്നേ ദിവസം പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട്. പി ഭാസ്കരനും എംഎസ് ബാബുരാജും ഒരുക്കിയ ഒന്‍പത് പാട്ടുകളില്‍ മിക്കതും മെഗാഹിറ്റുകളായിരുന്നു. സംഗീതപ്രേമികള്‍ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന "കണ്ടം ബെച്ചൊരു കോട്ടാണ്..." എന്ന പാട്ടും ഈ സിനിമയിലാണ്. സേലം മോഡേന്‍ തിയറ്ററിലായിരുന്നു സിനിമയുടെ ചിത്രീകരണം.

നിലമ്പൂര്‍ ആയിഷ ഉള്‍പ്പടെ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരില്‍ അപൂര്‍വം ആളുകളാണ് ജീവിച്ചിരിപ്പുള്ളത്. തറവാട്ടിലെ ചെറിയ അസ്വാരസ്യങ്ങള്‍ ഈതിപ്പെരുപ്പിക്കാന്‍ ശ്രമിക്കുന്ന വേലക്കാരിയുടെ വേഷമായിരുന്നു ആയിഷയുടേത്. നിലമ്പൂര്‍ ആയിഷയുടെ ആദ്യ ചിത്രമായിരുന്നു ഇത്. "അദ്യത്തെ കളര്‍ സിനിമ ജനം അത്ഭുതത്തോടെ കാത്തിരിക്കുകയായിരുന്നു. തിയറ്ററുകളില്‍ മിക്കിയിടത്തും നൂറുദിവസത്തോളം ജനം ഒഴുകിയെത്തി. തിരശ്ശീലക്ക് പിന്നില്‍ നിന്ന് കോഴിക്കോടന്‍ ഗ്രാമ്യഭാഷയില്‍ അഭിനേതാക്കളുടെ ശബ്ദം ഒഴുകിയെത്തിയപ്പോള്‍ കാണികള്‍ വീര്‍പ്പടക്കി നില്‍ക്കുകയായിരുന്നു. തങ്ങളുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുന്ന താരങ്ങളെ മലബാറുകാര്‍ ആദ്യമായി കാണുകയായിരുന്നു"- എഴുപത്തിഅഞ്ചിലെത്തി നില്‍ക്കുന്ന ആയിഷ പറയുന്നു.
(പിപി സതീഷ്കുമാര്‍)

deshabhimani 230811

1 comment:

  1. മലയാളത്തിലെ ആദ്യ കളര്‍ സിനിമ "കണ്ടംബെച്ചകോട്ടി"ന് ബുധനാഴ്ച സുവര്‍ണ ജൂബിലി. നിശ്ബ്ദ ചിത്രങ്ങളും ബ്ലാക്ക് ആന്റ് വൈറ്റ് ശബ്ദസിനിമകളും മാത്രം കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്കിടയിലേക്ക് 1961 ആഗസ്ത് 24ന് തിരുവോണനാളിലാണ് മോഡേണ്‍ തിയറ്റേഴ്സിന്റെ ബാനറില്‍ കണ്ടംബെച്ച കോട്ട് എത്തുന്നത്. മുഹമ്മദ് യൂസഫിന്റെ കോളിളക്കമുണ്ടാക്കിയ നാടകമാണ് പ്രശസ്ത സംവിധായകന്‍ ടി എസ് സുന്ദരം സിനിമയാക്കിയത്. സുന്ദരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. മുസ്ലീം സമുദായത്തിലെ സ്ത്രീധനവും അനാചാരങ്ങളുമാണ് സിനിമയുടെ പ്രമേയം. തനി കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളുമായി നൂറുദിവസം സിനിമ നിറഞ്ഞോടി.

    ReplyDelete