Friday, August 19, 2011

ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് നിര്‍ണായക സാക്ഷിമൊഴികള്‍

പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് വിജിലന്‍സ് മുമ്പാകെ രണ്ട് സാക്ഷികളുടെ നിര്‍ണായക മൊഴി. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സുപ്രധാന മൊഴി മറച്ചുപിടിച്ചാണ് ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നും കേസില്‍ പുനരന്വേഷണം നടത്തേണ്ടെന്നും വിജിലന്‍സ് എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് സാക്ഷികള്‍ക്കു പുറമെ കേസിലെ കൂട്ടുപ്രതിയായ ഐഎഎസുകാരന്‍ നല്‍കിയ മൊഴികൂടി പുറത്തുവന്നതോടെ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് മേധാവികള്‍ നടത്തിയ നീക്കവും വെളിച്ചത്തുവന്നു. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനമെടുത്ത 1991-92 കാലയളവില്‍ ധനവകുപ്പ് സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ , ഭക്ഷ്യപൊതുവിതരണ അണ്ടര്‍ സെക്രട്ടറി ഐ സോമരാജന്‍ എന്നിവരും കേസിലെ പ്രതിയും ഭക്ഷ്യ പൊതുവിതരണ സെക്രട്ടറിയുമായ സഖറിയാ മാത്യുവും നല്‍കിയ മൊഴികളിലാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി വ്യക്തമാവുന്നത്.

പാമൊലിന്‍ ഇറക്കുമതിയിലെ അപാകതകള്‍ ബന്ധപ്പെട്ട ഫയലില്‍ ധനവകുപ്പ് അണ്ടര്‍ സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ വി മാധവന്‍ മൊഴി നല്‍കി. ഈ ഫയല്‍ 1992 ജനുവരി 10 മുതല്‍ ഫെബ്രുവരി 29 വരെ ധനവകുപ്പില്‍ ഉണ്ടായിരുന്നു. ഈ ഫയല്‍ ധനമന്ത്രി കാണണമെന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജനുവരി 13, 14 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട ടെലക്സ് സന്ദേശം ധനമന്ത്രി കണ്ടിട്ടുണ്ട്. എന്നാല്‍ , ഇക്കാര്യം മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തില്ല. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനമന്ത്രി തന്നോട് അന്വേഷിച്ചിട്ടില്ലെന്നും മാധവന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പാമൊലിന്‍ ഇടപാടില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ ധനമന്ത്രി ഫയലില്‍ അത് രേഖപ്പെടുത്തേണ്ടതാണെന്ന് സോമരാജന്‍ മൊഴി നല്‍കി. സഖറിയ മാത്യു തയ്യാറാക്കി, ചീഫ് സെക്രട്ടറി അംഗീകരിച്ച് ഭക്ഷ്യമന്ത്രി ഒപ്പിട്ട കുറിപ്പില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ , എതിരഭിപ്രായം രേഖപ്പെടുത്തിയില്ല. അതിനര്‍ഥം ആ കുറിപ്പില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നാണ്. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15 ശതമാനം കമീഷന്‍ നല്‍കി പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള തീരുമാനത്തോട് ധനമന്ത്രിയും യോജിക്കുന്നുവെന്നാണ് ഈ ഒപ്പ് അര്‍ഥമാക്കുന്നത്. പാമൊലിന്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് കരാര്‍ എന്നും മൊഴിയില്‍നിന്ന് വ്യക്തമാകുന്നു. പാമൊലിന്‍ ഇറക്കുമതി തീരുമാനമെടുക്കുന്നതിന് താന്‍ തയ്യാറാക്കിയ കുറിപ്പില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും എതിരഭിപ്രായം രേഖപ്പെടുത്താത്തതിനാല്‍ ആ തീരുമാനം അവര്‍ അംഗീകരിക്കുന്നുവെന്നു തന്നെയാണ് വ്യക്തമാകുന്നതെന്ന് സഖറിയ മാത്യു മൊഴി നല്‍കി.
(എം രഘുനാഥ്)

deshabhimani 190811

1 comment:

  1. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് വിജിലന്‍സ് മുമ്പാകെ രണ്ട് സാക്ഷികളുടെ നിര്‍ണായക മൊഴി. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സുപ്രധാന മൊഴി മറച്ചുപിടിച്ചാണ് ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നും കേസില്‍ പുനരന്വേഷണം നടത്തേണ്ടെന്നും വിജിലന്‍സ് എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് സാക്ഷികള്‍ക്കു പുറമെ കേസിലെ കൂട്ടുപ്രതിയായ ഐഎഎസുകാരന്‍ നല്‍കിയ മൊഴികൂടി പുറത്തുവന്നതോടെ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് മേധാവികള്‍ നടത്തിയ നീക്കവും വെളിച്ചത്തുവന്നു. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനമെടുത്ത 1991-92 കാലയളവില്‍ ധനവകുപ്പ് സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ , ഭക്ഷ്യപൊതുവിതരണ അണ്ടര്‍ സെക്രട്ടറി ഐ സോമരാജന്‍ എന്നിവരും കേസിലെ പ്രതിയും ഭക്ഷ്യ പൊതുവിതരണ സെക്രട്ടറിയുമായ സഖറിയാ മാത്യുവും നല്‍കിയ മൊഴികളിലാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി വ്യക്തമാവുന്നത്.

    ReplyDelete