Saturday, August 20, 2011

വിജിലന്‍സ് ഡയറക്ടറുടെ കത്ത് കാണാനില്ല

പാമൊലിന്‍ അഴിമതിക്കേസില്‍ അന്നത്തെ സപ്ലൈകോ എംഡി ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ ആഭ്യന്തരവകുപ്പിന് നല്‍കിയ കത്ത് ഉള്‍പ്പെട്ട ഫയല്‍ കാണാനില്ല. ജൂണ്‍ മൂന്നിനാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. എത്രയുംവേഗം പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു. പാമൊലിന്‍ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയും വിജിലന്‍സ് ഡയറക്ടര്‍ കത്തില്‍ വിശദീകരിച്ചിരുന്നു. ഈ കത്ത് കിട്ടിയശേഷമാണ് പ്രോസിക്യൂഷന്‍ അനുമതി തേടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കത്തും ഉത്തരവും റദ്ദാക്കാനുള്ള കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്.

ഇതിനിടെ, ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തിരക്കിട്ട നീക്കം തുടങ്ങി. അഡ്വക്കറ്റ് ജനറല്‍ , നിയമ സെക്രട്ടറി എന്നിവരുമായി കൂടിയാലോചന നടത്തി. വിജിലന്‍സ് കോടതിവിധിയില്‍ വ്യക്തിപരമായ പരാമര്‍ശം ഇല്ലാത്തതിനാല്‍ അത് നീക്കംചെയ്യണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കോടതി കണക്കിലെടുത്ത മൊഴിയില്‍ വൈരുധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന. എജിയുടെ അഭിപ്രായവും ഈ നിലയ്ക്കാണ്. ഓണത്തിനുമുമ്പ് അപ്പീല്‍ നല്‍കണമോ അതോ പിന്നീട് മതിയോ എന്ന് തീരുമാനിച്ചിട്ടില്ല. അപ്പീല്‍ നല്‍കുന്നതിനു മുന്നോടിയായി വിജിലന്‍സ് ഡയറക്ടറില്‍നിന്ന് അഭിപ്രായം തേടി. അപ്പീല്‍ നല്‍കണമെന്ന് അദ്ദേഹം അനൗപചാരികമായി അറിയിച്ചെന്നാണ് വിവരം. വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡയറക്ടറെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. അപ്പീലില്‍ തീരുമാനം വന്നശേഷം അന്വേഷണറിപ്പോര്‍ട്ട് നല്‍കിയാല്‍ മതി എന്നും ധാരണയില്‍ എത്തി. എന്നാല്‍ , വിജിലന്‍സ് ഡയറക്ടര്‍ അടുത്തമാസം 26ന് വിരമിക്കും. പകരം മുഖ്യമന്ത്രിക്ക് വിശ്വസ്തനായ ആളെ നിയോഗിച്ച് അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്. മൂന്നു മാസത്തെ കാലാവധിയാണ് കോടതി വിജിലന്‍സിന് നല്‍കിയത്. ഇതനുസരിച്ച് നവംബര്‍ എട്ടുവരെ സമയമുണ്ട്.
(കെ ശ്രീകണ്ഠന്‍)

deshabhimani 200811

1 comment:

  1. പാമൊലിന്‍ അഴിമതിക്കേസില്‍ അന്നത്തെ സപ്ലൈകോ എംഡി ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ ആഭ്യന്തരവകുപ്പിന് നല്‍കിയ കത്ത് ഉള്‍പ്പെട്ട ഫയല്‍ കാണാനില്ല. ജൂണ്‍ മൂന്നിനാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. എത്രയുംവേഗം പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു. പാമൊലിന്‍ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയും വിജിലന്‍സ് ഡയറക്ടര്‍ കത്തില്‍ വിശദീകരിച്ചിരുന്നു. ഈ കത്ത് കിട്ടിയശേഷമാണ് പ്രോസിക്യൂഷന്‍ അനുമതി തേടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കത്തും ഉത്തരവും റദ്ദാക്കാനുള്ള കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്.

    ReplyDelete