Sunday, December 18, 2011

തോട്ടം തൊഴിലാളി സമരത്തിന്റെ അണയാത്ത ജ്വാല

മേലാറ്റൂര്‍ : തോട്ടംതൊഴിലാളി സമരമാണ് മേലാറ്റൂര്‍ , കീഴാറ്റൂര്‍ മേഖലകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചതിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നു. നെന്മിനി എസ്റ്റേറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവയെല്ലാം. നെന്മിനി - പന്തല്ലൂര്‍ മലയടിവാരം മുഴുവന്‍ രാജകുടുംബമായിരുന്ന നെന്മിനി വള്ളോടിമാരുടെ കൈവശമായിരുന്നു. കാലക്രമേണ യങ് ഇന്ത്യാ ഗ്രൂപ്പിന്റെ കൈക്കലായി.

1948 സെപ്തംബറിലാണ് നെന്മിനി എസ്റ്റേറ്റില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരത്തുള്ള മാതാംകുന്നിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. കൊങ്ങശേരി കൃഷ്ണന്‍ , അയംകുറുശി ശങ്കരന്‍ , മണ്ണാര്‍ക്കാടന്‍ സൈതാലി തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കള്‍ . ഡിസംബറില്‍ എസ്റ്റേറ്റില്‍ തൊഴിലാളി സമരം പൊട്ടിപ്പുറപ്പെട്ടു. കമ്പിളി, കുട ചികിത്സാസഹായം, പ്രസവവേതനം എന്നിവ നിഷേധിച്ചതിനെതിരെയായിരുന്നു അത്. സമരം ഒത്തുതീര്‍ന്നെങ്കിലും നേതൃത്വം കൊടുത്ത അഞ്ച് തൊഴിലാളികളെ പിരിച്ചുവിട്ടു. 1955-ലാണ് പ്രദേശത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ അനുഭാവി ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഇത് നെന്മിനി, പന്തല്ലൂര്‍ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പാര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. തുടര്‍ന്നാണ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടന്നത്. എന്നാല്‍ നാട്ടുകാരായ ചിലരെ സ്വാധീനിച്ച് ഭിന്നിപ്പുണ്ടാക്കി മാനേജ്മെന്റ് സമരം പൊളിച്ചു. ഫലം കണ്ടില്ലെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ സംഘടനാ ബോധം വളര്‍ത്താന്‍ സമരത്തിലൂടെ കഴിഞ്ഞു.

1958-ലും എസ്റ്റേറ്റില്‍ പ്രക്ഷോഭത്തിന്റെ കാറ്റുവീശി. അറുനൂറിലധികം തൊഴിലാളികള്‍ ജോലിചെയ്തിരുന്നുവെങ്കിലും ആരെയും സ്ഥിരപ്പെടുത്തിയിരുന്നില്ല. സ. കുഞ്ഞാലി, കെ എന്‍ മേനോന്‍ , സി കെ അബ്ദുള്ള തുടങ്ങിയ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വള്ളുവനാട് താലൂക്ക് പ്ലാന്റേഷന്‍ യൂണിയന്‍ (എഐടിയുസി) അക്കാലത്ത് ഊര്‍ജിതമായിരുന്നു. തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിനെതിരെ യൂണിയന്‍ സമരം തുടങ്ങി. ലേബര്‍ കോടതിയില്‍ കേസുകൊടുത്തു. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍ന്നെങ്കിലും മാനേജ്മെന്റ് കാലുമാറി. എന്നാല്‍ അന്ന് രാത്രി തന്നെ എസ്റ്റേറ്റിലേക്ക് വന്ന സൂപ്രണ്ടിനെ തൊഴിലാളികള്‍ വളഞ്ഞു. സൂപ്രണ്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്ന് സമ്മതിച്ച് ഒപ്പിട്ടുനല്‍കുകയുംചെയ്തു.

നെന്മിനി പ്രദേശത്ത് പാര്‍ടിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ മറ്റൊരു സമരമാണ് മാളുവമ്മ സംഭവം. ഇടത്തരം കൃഷിക്കാരിയായിരുന്ന ഇവര്‍ കന്നുകാലികളെ വാങ്ങാന്‍ പണം കടം വാങ്ങി. കടം വീട്ടാന്‍ വേണ്ടി സ്ഥലത്തെ മറ്റൊരു മുതലാളിയുടെ പക്കല്‍നിന്നും പണം വാങ്ങി. ഇയാള്‍ മാളുവമ്മയുടെ ഭൂമി ഈടായി സ്വീകരിച്ച് വായ്പ നല്‍കി. മാളുവമ്മ പണം തിരിച്ചുനല്‍യിട്ടും മുതലാളി സ്ഥലം വിട്ടുകൊടുത്തില്ല. ഇതിനെതിരായിരുന്നു സമരം. ഒടുവില്‍ മറ്റു വഴിയില്ലാതെ പ്രമാണി സ്ഥലം മാളുവമ്മക്ക് വിട്ടുകൊടുത്തു. ബോണസ് പ്രശ്നത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 1978ല്‍ എസ്റ്റേറ്റ് ഘെരാവോ ചെയ്തതും തോട്ടം തൊഴിലാളി സമരത്തിന്റെ അവിസ്മരണീയ ഏടാണ്. 1993ല്‍ ബാലന്നൂര്‍ എസ്റ്റേറ്റില്‍ ആറുമാസംനീണ്ട പ്രക്ഷോഭം നടന്നതും ചുവപ്പന്‍ ഓര്‍മയാണ്. തൊഴിലാളികളെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിക്കെതിരെയായിരുന്നു സമരം.

deshabhimani 181211

1 comment:

  1. തോട്ടംതൊഴിലാളി സമരമാണ് മേലാറ്റൂര്‍ , കീഴാറ്റൂര്‍ മേഖലകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചതിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നു. നെന്മിനി എസ്റ്റേറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവയെല്ലാം. നെന്മിനി - പന്തല്ലൂര്‍ മലയടിവാരം മുഴുവന്‍ രാജകുടുംബമായിരുന്ന നെന്മിനി വള്ളോടിമാരുടെ കൈവശമായിരുന്നു. കാലക്രമേണ യങ് ഇന്ത്യാ ഗ്രൂപ്പിന്റെ കൈക്കലായി.

    ReplyDelete