Monday, December 19, 2011

കൂടംകുളം ആണവനിലയം പൂട്ടിയില്ലെങ്കില്‍ സമരം തീവ്രമാക്കും: പി എം എ എന്‍ ഇ

തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ആണവനിലയം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ പ്രതിഷേധറാലി നടത്തി.

കഴിഞ്ഞയാഴ്ചത്തെ മോസ്‌കോ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റ് ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രെംലിനില്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവുമായി നടന്ന കൂടിക്കാഴ്ചയില്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ ആണവനിലയത്തിലെ രണ്ടാം യൂണിറ്റും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കുപിതരായി പതിനായിരത്തോളം ഗ്രാമവാസികള്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി എം എ എന്‍ ഇ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൂടംകുളം മുതല്‍ രാധാപുരം വരെ പ്രതിഷേധറാലി നടത്തി.

കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും പതിനാലായിരം കോടിരൂപയോളം ചെലവഴിച്ച ആണവറിയാക്ടറുകള്‍ വെറുതെ ഇടാനാവില്ലെന്നും റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് പ്രധാനമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങളെ ആണവനിലയത്തിന്റെ സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കുമെന്നും ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തമിഴ്‌നാടിന്റെ ഊര്‍ജപ്രതിസന്ധിക്ക് കുറവുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആണവനിലയം ഈമാസം അവസാനത്തിനുള്ളില്‍ അടയ്ക്കണമെന്ന്, പി എം എ എന്‍ ഇ ആവശ്യപ്പെട്ടു. സമരം ശക്തമായ സാഹചര്യത്തില്‍ പ്രതിഷേധകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

കൂടാതെ പ്രതിഷേധക്കാര്‍ക്ക് വിദേശപണം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ആറ് എന്‍ ജി ഒ സംഘടനകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന വിദേശപണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഇന്ത്യയുടേയും റഷ്യയുടേയും സംയുക്ത സംരംഭമായ കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധക്കാര്‍ രംഗത്ത് വരുന്നത് ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവദുരന്തത്തോടെയാണ്. ഈ വര്‍ഷം അവസാനത്തോടെ ആണവനിലയം പൂട്ടിയില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ സമരം തീവ്രമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

janayugom 191211

1 comment:

  1. കൂടംകുളം ആണവനിലയത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ആണവനിലയം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ പ്രതിഷേധറാലി നടത്തി.

    ReplyDelete