താനൂര്‍ : കുടിയൊഴിപ്പിക്കലിനെതിരെയും കുടികിടപ്പവകാശത്തിനുംവേണ്ടി നടന്ന സമരങ്ങള്‍ താനൂര്‍ മറന്നിട്ടില്ല. ആ പോരാട്ടകാലത്തിന്റെ വറ്റാത്ത ഓര്‍മ ഇന്നും കരുത്തുപകരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും സംഘടിപ്പിച്ച കൂട്ടായ്മയാണ് ഈ തീരപ്രദേശത്ത് വിപ്ലവത്തിന് വിത്തിട്ടത്. 1950കള്‍ക്കുശേഷമായിരുന്നു ഈ സമരങ്ങള്‍ . കണ്ടങ്ങായിന്‍ ചാത്തന്റെ കുടികിടപ്പ് സമരം, കോയക്കുട്ടിയെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവ തിളക്കം നഷ്ടപ്പെടാത്ത ധീരസ്മരണയാണ്. കാവേരി വേലായുധന്റെ കൈവശഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭവും ഏവരുടെയും ഉള്ളിലുലെ തിളയ്ക്കുന്ന ഓര്‍മ. പോരാട്ടം ചുവപ്പിച്ച ആ നാളുകള്‍ താനൂരില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കരുത്തുപകര്‍ന്നു. സ്ത്രീകളടക്കം വലിയ വിഭാഗം പിന്തുണയുമായി രംഗത്തെത്തി. നെയ്ത്ത് തൊഴിലാളികളുടെ കഞ്ഞി സമരവും ബീഡിത്തൊഴിലാളി സമരങ്ങളും പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കരുത്തേകി. തീക്ഷ്ണാനുഭവങ്ങളുടെ ചൂളയില്‍ നിലനില്‍പ്പിനുവേണ്ടി നടത്തിയ സമരപോരാട്ടങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പഴയകാല സഖാക്കളില്‍ ജീവിച്ചിരിക്കുന്ന പോരാളി കെ എം കമ്മുക്കുട്ടി അടക്കമുള്ളവരുടെ കണ്ണില്‍ വിപ്ലവവീര്യം ഇന്നും തുടിക്കുന്നു.
1948ലാണ് താനൂരില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നത്. എ കെ ജി ജയില്‍ മോചിതനായതോടെ പാര്‍ടിക്ക് കൈവന്ന ആവേശത്തിന്റെ അലയൊലികള്‍ താനൂരിലും പ്രകടമായി. കാര്‍ഷിക പരിഷ്കരണം നിലവില്‍വന്നതോടെ ഭൂസമരം ശക്തിപ്പെട്ടു. ഭൂവുടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമി പാവങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മിച്ചഭൂമി സമരം തുടങ്ങി. സാമുദായിക പ്രമാണിമാരുടെ അതൃപ്തി വര്‍ധിക്കുന്നതിന് അത് വഴിയൊരുക്കി. ഭൂപരിഷ്കരണത്തെ തള്ളിപ്പറഞ്ഞ് മതപ്രസംഗങ്ങള്‍പോലും സംഘടിപ്പിച്ചു. കുടികിടപ്പവകാശവും കൈവശാവകാശവും മതവിരുദ്ധമാണെന്ന പ്രഖ്യാപനവും ഇക്കാലത്ത് നടന്നു. നേതാക്കളുടെ വിവാഹങ്ങള്‍പോലും അലങ്കോലമായി. സാമുദായിക പ്രമാണിമാരുടെ ബഹിഷ്കരണങ്ങള്‍ പ്രതിരോധിച്ച് ഇന്‍ക്വിലാബ് ധ്വനികള്‍ക്ക് നടുവിലാണ് കെ എം കമ്മുക്കുട്ടിയുടെ വിവാഹം നടന്നത്. വര്‍ഗീയകോമരങ്ങളുടെ പിച്ചാത്തിപ്പിടിയില്‍ സഖാവ് ദാമുവിന്റെ ജീവിതം ബലിനല്‍കേണ്ടിവന്നതും ചരിത്രം. സാമുദായിക ചേരിതിരിവുകള്‍ക്കിടയില്‍ സമത്വത്തിന്റെ ആശയവുമായി നിലക്കൊണ്ട ചെങ്കൊടി പ്രസ്ഥാനം നിലനില്‍പ്പിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. എ കെ ഖാലിദ്, എ കെ മുഹമ്മദ്, സി പി കുട്ടി, ഉമ്മര്‍ , കെ എസ് സൈനുദ്ദീന്‍ , എ പി ആലിക്കുട്ടി, പി നാരായണന്‍ , കുഞ്ഞിക്കൊലവന്‍ , എം മുഹമ്മദ്, പി വേലായുധന്‍കുട്ടിമോന്‍ , പാറിക്കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി.
deshabhimani 171211
No comments:
Post a Comment