Friday, December 2, 2011

ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു

പന്തളം: ആര്‍എസ്എസ് ഗുണ്ടാസംഘം ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ കൈപ്പുഴ യൂണിറ്റ് സെക്രട്ടറിയും ദേവസ്വം ബോര്‍ഡിന്റെ ഉള്ളന്നൂര്‍ ഭദ്രാദേവീ ക്ഷേത്രത്തിലെ കഴകക്കാരനുമായ സുദേവി(30)നെ പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദേവിന്റെ കൂടെയുണ്ടായിരുന്ന ക്ഷേത്രം ശാന്തിക്കാരനെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച രാത്രി 8.30ന് ഉളളന്നൂര്‍ ഹോമിയോ ആശുപത്രിക്ക് സമീപമുളള റബര്‍തോട്ടത്തിന് സമീപത്തുവച്ചാണ് സുദേവിനെ നാലംഗസംഘം ആക്രമിച്ചത്. അമ്പലത്തിലെ കഴക ജോലി കഴിഞ്ഞ് ശാന്തിക്കാരന്‍ രഞ്ജിത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു ആക്രമണം. റബര്‍തോട്ടത്തിലെ ഇരുളില്‍നിന്ന് എത്തിയ രണ്ടുപേര്‍ ബൈക്കിന് കൈകാണിച്ച് വര്‍ക്ക് ഷോപ്പ് അടുത്തുണ്ടോ എന്ന് തിരക്കി. ഇതിനിടെ ഒരാള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. മറ്റൊരാള്‍ പിന്നിലിരുന്ന സുദേവിന്റെ കാലുകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ വേറൊരാള്‍ കമ്പിയും വടിയും ഉപയോഗിച്ച് അടിച്ചുവീഴിത്തി. ഇതിനിടെ, ബൈക്കില്‍ മറ്റ് രണ്ടുപേര്‍കൂടി എത്തി. സുദേവിനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച രഞ്ജിത്തിനെ ആയുധംകാട്ടി ഭിഷണിപ്പെടുത്തി. സുദേവിന്റെ കൈകള്‍ക്കും നട്ടെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഉളളന്നൂര്‍ ഭദ്രാദേവീ ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് ആര്‍എസ്എസ്- സംഘപരിവാര്‍ സാമൂഹ്യവിരുദ്ധസംഘം സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പരക്കെ പരാതിയുണ്ട്. സുദേവിനെ കഴകക്കാര്യത്തില്‍ സഹായിക്കുന്നെന്ന കാരണത്താല്‍ നേരത്തെ ഒരു സുഹൃത്തിനെ ചിലര്‍ മര്‍ദിച്ചിരുന്നു. ഈ സംഭവം പൊലീസ് എത്തി പറഞ്ഞുതീര്‍ത്തിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ കുളനട മേഖലാ കമ്മിറ്റിയും കൈപ്പുഴ യൂണിറ്റ് കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് മേഖലാ സെക്രട്ടറി സായിറാം, പ്രസിഡന്റ് ലിജുജേക്കബ്ബ് എന്നിവര്‍ അവശ്യപ്പെട്ടു.

deshabhimani 021211

No comments:

Post a Comment