Friday, December 2, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയും ഫലംകണ്ടില്ല

കോലഞ്ചേരി സെന്റ്പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്സ് പള്ളിതര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഉമ്മന്‍ചാണ്ടി ഇരുവിഭാഗം നേതാക്കളെയും തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചത്. ഇടവകക്കാരുടെ ഭൂരിപക്ഷാഭിപ്രായം അറിഞ്ഞേ പള്ളിയുടെ ഉടമസ്ഥപ്രശ്നത്തില്‍ തീരുമാനമെടുക്കാവൂവെന്ന് യാക്കോബായ വിഭാഗവും കോടതിവിധി ഉടന്‍ നടപ്പാക്കണമെന്ന് ഓര്‍ത്തോഡോക്സ് വിഭാഗവും വാദിച്ചു. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷം ഇത് ആലോചിക്കാമെന്നും ഇടവക യോഗത്തില്‍ ഭൂരിപക്ഷം ഇല്ലെങ്കില്‍ ഒരവകാശവും ചോദിക്കാതെ സ്വയം ഇറങ്ങിപ്പോകാമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. പിറവം ഉപതെരഞ്ഞെടുപ്പിനുമുമ്പ് പ്രശ്നം പരിഹരിക്കണമെന്നും കോടതിവിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഓര്‍ത്തോഡോക്സ് വിഭാഗം വാദിച്ചു.

പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന മന്ത്രിസഭ രൂപീകരിച്ച ഉപസമിതി അഞ്ചുപ്രാവശ്യം ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലംകാണാന്‍ കഴിഞ്ഞില്ല. മന്ത്രിസഭായോഗത്തിനും യുഡിഎഫ് യോഗത്തിനും ഇടയ്ക്ക് രാത്രി വൈകി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു. യാക്കോബായ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത, മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാന്‍ , സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ , ട്രസ്റ്റി ജോര്‍ജ് മാത്യു എന്നിവരും ഓര്‍ത്തോഡോക്സ് വിഭാഗത്തെ പ്രതിനിധാനംചെയ്ത് മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, വൈദിക ട്രസ്റ്റി ഫാദര്‍ ജോണ്‍സ് എബ്രഹാം കോനാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാദര്‍ ജേക്കബ് കുര്യന്‍ എന്നിവരും പങ്കെടുത്തു.

deshabhimani 021211

No comments:

Post a Comment