Friday, December 2, 2011

ഗ്രീസ് വീണ്ടും സ്തംഭിച്ചു

ആതന്‍സ്/ലണ്ടന്‍ : ചെലവുചുരുക്കലിന്റെപേരില്‍ ഐഎംഎഫും യൂറോപ്യന്‍ യൂണിയനും നിര്‍ദേശിച്ച ജനദ്രോഹനടപടികള്‍ പൂര്‍ണമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗ്രീസില്‍ വ്യാഴാഴ്ച നടന്ന പൊതുപണിമുടക്ക് വന്‍ തൊഴിലാളിമുന്നേറ്റമായി. രാജ്യത്ത് ഈ വര്‍ഷമുണ്ടായ ഏഴാമത്തെ പണിമുടക്കായിരുന്നു ഇത്. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ ഒരുപോലെ പങ്കെടുത്ത പണിമുടക്കില്‍ ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ബാങ്ക് ജീവനക്കാരും തൂപ്പുകാരും ചവറുശേഖരിക്കുന്ന തൊഴിലാളികളുമടക്കം നാനാരംഗങ്ങളിലുമുള്ളവര്‍ പങ്കെടുത്തു.

ജനക്ഷേമനടപടികള്‍ പലതും വെട്ടിക്കുറയ്ക്കുന്നതിനുള്ള ഐഎംഎഫ്-ഇയു നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച തര്‍ക്കം മൂലം കഴിഞ്ഞമാസമാണ് ഗ്രീസില്‍ ഭരണമാറ്റമുണ്ടായത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പുതിയ പ്രധാനമന്ത്രി ലൂക്കാസ് പാപാദെമോസ് വായ്പാദാതാക്കളുടെ കര്‍ക്കശനിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരിക്കെയാണ് ജനരോഷം അണപൊട്ടിയത്. തൊഴിലും ശമ്പളവും പെന്‍ഷനുമടക്കം വെട്ടിക്കുറയ്ക്കാനും നികുതികള്‍ കുത്തനെ കൂട്ടാനും മറ്റുമുള്ള കടുത്ത നിര്‍ദേശങ്ങളുമായി അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അടുത്തയാഴ്ച പാര്‍ലമെന്റ് പാസാക്കാനിരിക്കെയാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. തൊഴിലാളികളെ കൊല്ലുന്ന പട്ടിണി ബജറ്റാണിതെന്ന് ഒരു തൊഴിലാളിനേതാവ് പറഞ്ഞു.

ബ്രിട്ടനില്‍ 85 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പണിമുടക്ക് ബുധനാഴ്ചയായിരുന്നു. അധ്യാപകരും നേഴ്സുമാരും അതിര്‍ത്തി സേനാംഗങ്ങളുമടക്കം പൊതുമേഖലാതൊഴിലാളികള്‍ ഒന്നടങ്കം അണിനിരന്ന പണിമുടക്ക് തൊഴിലാളിവിരുദ്ധമായ പെന്‍ഷന്‍ പരിഷ്കരണത്തിനും കൂടുതലാളുകളെ തൊഴില്‍രഹിതരാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ ബ്രിട്ടീഷ് ജനതയുടെ രോഷത്തിന്റെ പ്രകടനമായി. 20 ലക്ഷത്തിലധികമാളുകള്‍ പണിമുടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെങ്ങുമായി ആയിരത്തിലധികം പ്രകടനങ്ങള്‍ നടന്നു. രാജ്യത്തിന്റെ നാനാമേഖലയും സ്തംഭിച്ചു. വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ച പണിമുടക്കിന്റെ മുന്നോടിയായി എയര്‍ ഇന്ത്യയടക്കം വിവിധ വ്യോമയാന കമ്പനികള്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച ലണ്ടനിലെ മുതലാളിത്തവിരുദ്ധ പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ ആംഗ്ലോ-സ്വിസ് ഖനന ഭീമനായ എക്സ്ട്രാറ്റയുടെ ബ്രിട്ടീഷ് ഓഫീസ് കൈയേറി. വന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന എക്സ്ട്രാറ്റ തലവനെ ലക്ഷ്യമിട്ട് അറുപതോളം പ്രക്ഷോഭകര്‍ ഓഫീസില്‍ കടന്നപ്പോള്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ പുറത്ത് നിലയുറപ്പിച്ചു. 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ ഫിലാഡെല്‍ഫിയയിലും ലൊസാഞ്ചലസിലും പൊലീസ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ തമ്പുകള്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഈ അതിക്രമം.

deshabhimani 021211

No comments:

Post a Comment