Friday, December 2, 2011

സംസ്ഥാന വാര്‍ത്തകള്‍ - കെ.എസ്.അര്‍.ടി.സി, ഡയറി ഫാം, വിജിലന്‍സ്...

കെഎസ്ആര്‍ടിസി എംഡി രാജിവച്ചു

ശമ്പളം സംബന്ധിച്ച തര്‍ക്കവും ഗതാഗതമന്ത്രി വി എസ് ശിവകുമാറുമായുള്ള അധികാര വടംവലിയും കാരണം കെഎസ്ആര്‍ടിസി എംഡി അലക്സാണ്ടര്‍ കെ ലൂക്ക് രാജിവച്ചു. രണ്ടര ലക്ഷം രൂപ ശമ്പളം വാഗ്ദാനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്ത് നിയമിച്ച ലൂക്ക് ഒടുവില്‍ ഒരു രൂപപോലും ശമ്പളം പറ്റാതെയാണ് കോര്‍പറേഷന്റെ പടിയിറങ്ങിയത്. ഗുജറാത്ത് കേഡറില്‍നിന്നു വിരമിച്ച ഈ ഐഎഎസ് ഉദ്യോഗസ്ഥനെ നാല് മാസംമുമ്പാണ് നിയമിച്ചത്. ചവറ കെഎംഎംഎല്ലിന്റെ മുന്‍ എംഡികൂടിയായ ലൂക്കിന് ചീഫ് സെക്രട്ടറിയുടെ പദവിയും വാഗ്ദാനം ചെയ്തിരുന്നു. ഒടുവില്‍ ശമ്പളം ഒന്നേ കാല്‍ ലക്ഷമായി നിശ്ചയിച്ചു. ചീഫ് സെക്രട്ടറി പദം നല്‍കിയതുമില്ല. തര്‍ക്കം രൂക്ഷമായെങ്കിലും നിയമനത്തിന് മുന്‍കൈ എടുത്ത മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല. കെഎസ്ആര്‍ടിസിയാകട്ടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുമായി. മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം നടത്തിയ നിയമനമായതിനാല്‍ ഗതാഗതമന്ത്രി വി എസ് ശിവകുമാറിന് എംഡിയോട് താല്‍പ്പര്യമുണ്ടായില്ല. ശമ്പളം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് എംഡി കത്ത് നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്. കെടിഡിസി എംഡി കെ ജി മോഹന്‍ലാലിനെ കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായി നിയമിച്ചു.

വിജിലന്‍സ് ഇന്ന് തെളിവെടുക്കും

ആലപ്പുഴ: കെഎസ്ഇബി പുന്നപ്ര -മാവേലിക്കര 66 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നവീകരണജോലിയുമായി ബന്ധപ്പെട്ട് 85 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെമ്പുകമ്പി മോഷണംപോയ സംഭവത്തെക്കുറിച്ച് വിജിലന്‍സ് സംഘം വെള്ളിയാഴ്ച തെളിവെടുക്കും. ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് വിജിലന്‍സിന് കൈമാറിയത്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടംവരുത്തിയ ഇടപാട് സംബന്ധിച്ച് വിജിലന്‍സ് ഡിവൈഎസ്പി പദ്ധതി സ്ഥലം സന്ദര്‍ശിക്കും. സംഭവുമായി ബന്ധപ്പെട്ടു മൂന്ന് ജീവനക്കാരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

2009ല്‍ പുന്നപ്ര മേജര്‍ ട്രാന്‍സ്മിഷന്‍ സെക്ഷന്‍ പരിധിയില്‍ പുന്നപ്ര-മാവേലിക്കര 66 കെവി ലൈനില്‍ 32 കിലോമീറ്ററിലാണ് ഡബിള്‍ സര്‍ക്യൂട്ട് ലൈനില്‍ ചെമ്പ്കമ്പി മാറി അലുമിനിയം കമ്പി സ്ഥാപിച്ചത്. എഎന്‍ എന്‍ജിനീയറിങ് വര്‍ക്സ് ബംഗളുരു എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തത്. എസ്റ്റിമേറ്റ് പ്രകാരം 68.20 മെട്രിക് ടണ്ണോളം ചെമ്പുകമ്പി ബോര്‍ഡിന് തിരിച്ചു കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചത് 50.265 മെട്രിക് ടണ്‍ മാത്രം. ബാക്കി വരുന്ന 17.935 മെട്രിക് ടണ്‍ ചെമ്പുകമ്പി കരാറുകാരന്‍ തിരിമറി നടത്തിയതായാണ് ബോര്‍ഡിന്റെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് കരാറുകാരനില്‍ നിന്ന് 14 ലക്ഷത്തിലധികം രൂപ ബോര്‍ഡ് ഈടാക്കി. ബാക്കി 71,11,001 രൂപ തിരിച്ചടയ്ക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. സംഭവം പുറത്തായതോടെ പഴയ അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ മുരളീധരന്‍ , ഇവടെ നിന്നു പ്രമോഷനോടുകൂടി മൂലമറ്റത്തേക്ക് സ്ഥലംമാറിയ അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ധര്‍മരാജന്‍ , പുതുതായി വന്ന അസി. എന്‍ജിനിയര്‍ ലൈജു എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.

ബോര്‍ഡിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടംവരുത്തിയെന്ന് കുറ്റപ്പെടുത്തുന്ന കരാറുകാരന് പുന്നപ്ര- ആലപ്പുഴ 66 കെവിലൈനിന്റെ നവീകരണജോലി 2010 ജൂണില്‍ വീണ്ടും നല്‍കിയതില്‍ ദുരൂഹതയുണ്ട്. പുന്നപ്ര ലൈന്‍മെയിന്റനന്‍സ് ഓഫിസില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ലൈജു നടത്തിയ പരിശോധനയില്‍ അലുമിനിയം കമ്പിയുടെ കണക്കില്‍വന്‍കുറവ് കണ്ടെത്തി. മേലധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. പിന്നീട് ആലപ്പുഴ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ജയിംസ് എം ഡേവിഡ് തട്ടിപ്പിന്റെ യഥാര്‍ത്ഥ വിവരം തിരുവനന്തപുരം വൈദ്യുതി ഭവനിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഈ റിപ്പോര്‍ട്ടും പൂഴ്ത്തി. എന്നാല്‍ സംഭവം പുറത്തായതോടെ അഴിമതി കണ്ടുപിടിച്ച അസിസ്റ്റന്റ് എഞ്ചിനിയറെ ഉള്‍പ്പെടെ സസ്പെന്‍ഡു ചെയ്യുകയായിരുന്നു.

സര്‍ക്കാര്‍ ഇടപെടല്‍ : വിജിലന്‍സ് ജഡ്ജി നിയമനം നീളുന്നു

തൃശൂര്‍ : ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പാമൊലിന്‍ കേസ് വിചാരണ ചെയ്യേണ്ട തൃശൂര്‍ വിജിലന്‍സ് കോടതിയിലെ ജഡ്ജി നിയമനം നീളുന്നു. ജഡ്ജി വി ജയറാം സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് രണ്ടരമാസമായിട്ടും പകരം നിയമനമായില്ല. പുതിയ ജഡ്ജിയെ നിയമിക്കാനുള്ള ഹൈക്കോടതിനിര്‍ദേശം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചില്ല. ഇതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ വിജിലന്‍സ് ജഡ്ജിയായി തൃശൂര്‍ എംഎസിടി ജഡ്ജി വി ഭാസ്കരനെയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. പകരം എംഎസിടി കോടതിയില്‍ ഇരിങ്ങാലക്കുട സ്വദേശി അബ്ദുള്‍സത്താറിനെ നിയമിച്ച് ഹൈക്കോടതി ഉത്തരവായിരുന്നു. ചാര്‍ജെടുക്കാന്‍ എത്തിയെങ്കിലും വി ഭാസ്കരന് വിജിലന്‍സ് ജഡ്ജിയായി സര്‍ക്കാര്‍ നിയമനം നല്‍കാത്തതുമൂലം അബ്ദുള്‍സത്താറിന് എംഎസിടിയില്‍ ചുമതലയെടുക്കാനായില്ല. ഹൈക്കോടതിയുടെ അടിയന്തരസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് തൃശൂരില്‍ ഒഴിവുണ്ടായിരുന്ന ഫാസ്റ്റ്ട്രാക് നമ്പര്‍ -2 ജഡ്ജിയായി അബ്ദുള്‍സത്താര്‍ ചുമതലയേറ്റു. ജഡ്ജിമാരുടെ സേവനം ഡെപ്യൂട്ടേഷനില്‍ ഹൈക്കോടതി വിട്ടുകൊടുക്കുമെങ്കിലും വിജിലന്‍സ് കോടതികളില്‍ നിയമനം നടത്തേണ്ടത് സര്‍ക്കാരാണ്. ഹൈക്കോടതി നിര്‍ദേശിച്ച ജഡ്ജിയുടെ നിയമനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നത് അപൂര്‍വമാണ്. മന്ത്രിമാരും എംഎല്‍എമാരുമെല്ലാം പ്രതികളായ അഴിമതിക്കേസുകള്‍ പലതും വിചാരണയിലിരിക്കുന്നതിനാല്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി നിയമനത്തിന്റെ കാര്യത്തില്‍ യുഡിഎഫിനും സര്‍ക്കാരിനും അതീവജാഗ്രതയുണ്ട്.

പാലൊഴുകിയില്ല; ഹൈടെക് ഡയറിഫാം പൂട്ടല്‍ ഭീഷണിയില്‍

കൊല്ലം: സംസ്ഥാനത്തെ പാലുല്‍പ്പാദനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കുളത്തുപ്പുഴ ഹൈടെക് ഡയറിഫാം അടച്ചു പൂട്ടല്‍ ഭീഷണിയില്‍ . 230 പശുക്കളെ വളര്‍ത്താന്‍ വിഭാവനം ചെയ്തിരുന്ന ഫാമില്‍ ഇപ്പോള്‍ ആകെയുള്ളത് 110 പശുക്കള്‍ . കോടികള്‍ മുടക്കി ഇറക്കുമതി ചെയ്ത ആധുനിക യന്ത്രങ്ങള്‍ ടെസ്റ്റ് ചെയ്ത് നോക്കാന്‍പോലും കഴിയാതെ നശിക്കുന്നു. മുതല്‍ മുടക്ക് ഭീമമായതിനാല്‍ പാലുല്‍പ്പാദനച്ചെലവ് ലിറ്ററിന് 120 രൂപയായി മാറി. നഷ്ടം സഹിച്ച് ഫാം പ്രവര്‍ത്തിപ്പിക്കുന്നതില്‍ സര്‍ക്കാരും താല്‍പര്യം കാണിക്കാത്തതിനാല്‍ താമസിയാതെ പൂട്ടുമെന്നതാണ് അവസ്ഥ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കുളത്തുപ്പുഴയില്‍ ഹൈടെക് ഫാമിന് തുടക്കമിട്ടത്. എന്നാല്‍ , തുടര്‍നടപടികളില്ലാത്തതാണ് പ്രശ്നമായത്. 39 ഹെക്ടര്‍ സ്ഥലത്തായിരുന്നു നിര്‍മാണം. അയര്‍ലന്റിലെ "ഡയറി മാസ്റ്റര്‍" കമ്പനിയുടെ സാങ്കേതിക വിദ്യ ഗുജറാത്ത് ആസ്ഥാനമായ ഐഡിഎംസി ആണ് കുളത്തൂപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. കുളത്തൂപ്പുഴയ്ക്കു പുറമെ, മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും ഇത്തരം ഫാമുകള്‍ തുടങ്ങാനും പരിപാടിയുണ്ടായിരുന്നു. എന്നാല്‍ , കുളത്തൂപ്പുഴയിലെ പരീക്ഷണം പാളിയതോടെ മറ്റു രണ്ടു ഫാമുകളുടെ നിര്‍മാണവും ഉപേക്ഷിച്ചമട്ടിലാണ്. രാജ്യത്ത് പൊതുമേഖലയില്‍ ആരംഭിക്കുന്ന ആദ്യത്തെ ഹെടക്ഫാം ആയിരുന്നു ഇത്. മറ്റു സ്വകാര്യ സംരംഭകര്‍ക്ക് മാതൃക സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ , അതിന് കഴിയാത്ത അവസ്ഥയിലാണ് ഫാം ഇപ്പോള്‍ . ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണങ്ങളാണ് ഫാമിലുള്ളത്. പശുവിന്റെ കഴുത്തില്‍ ഘടിപ്പിക്കുന്ന ട്രാന്‍സ്പോണ്ടറായിരുന്നു അതിലൊന്ന്. പശുവിന് ആവശ്യമായ തീറ്റ, ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ എന്നിവ ഇതിലുടെ അറിയാന്‍ കഴിയും. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

മനുഷ്യ സ്പര്‍ശമേല്‍ക്കാതെ യന്ത്രസഹായത്തോടെ പാല്‍ കറന്നെടുക്കുന്ന "മില്‍ക്ക് പാര്‍ലറും" ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 12 പശുക്കളുടെ ഗ്രൂപ്പായി തിരിച്ച് കറക്കുന്ന പാല്‍ ഒരു കൂളറിലേക്ക് എത്തിക്കുന്നതാണ് ഈ സംവിധാനം. ചുരുങ്ങിയത് 10,000 ലിറ്റര്‍ പാലങ്കിലുമുണ്ടെങ്കിലേ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റു. എന്നാല്‍ , ഹൈടെക് ഡയറിഫാമില്‍ ഇപ്പോള്‍ ലഭിക്കുന്നത് 600 ലിറ്ററില്‍ താഴെ പാല്‍ മാത്രം. ലക്ഷങ്ങള്‍ വിലയുള്ള മെഷീന്‍ ഇതുമൂലം പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കുളത്തൂപ്പുഴയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ "തൃപ്തി" എന്ന ബ്രാന്‍ഡ് നെയിമില്‍ തിരുവനന്തപരുത്തെ നഗരങ്ങളില്‍ വിതരണം ചെയ്യുമെന്നതും ഉദ്ഘാടന സമയത്തെ വാഗ്ദാനമായിരുന്നു. എന്നാല്‍ , ഒരു ലിറ്റര്‍ പാല്‍പോലും നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരാതികള്‍ വന്നതിനെ തുടര്‍ന്ന്, അര ലിറ്റിന്റെ 300 പായ്ക്കറ്റുകള്‍ പ്രാദേശികമായിമാത്രം വിതരണം നടത്തുന്നു.
(ആര്‍ സാംബന്‍)

പൊലീസ് കാന്റീന് 2000 രൂപവീതം പിരിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

പട്ടാള കാന്റീന്‍ മാതൃകയില്‍ പൊലീസ് ക്യാന്റീന്‍ തുടങ്ങാന്‍ പൊലീസുകാരില്‍നിന്ന് 2000 രൂപവീതം പിരിക്കുന്നു. ക്യാന്റീന്റെ പ്രാരംഭ ചെലവുകള്‍ക്കായി പലിശരഹിത നിക്ഷേപം എന്ന നിലയ്ക്ക് തുക പിരിച്ചെടുക്കാന്‍ , 34 (ക്ഷേമം) 91680/2011 എന്ന നമ്പരില്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉത്തരവിട്ടു. ഇതിനു പുറമെ അംഗത്വകാര്‍ഡിന് 150 രൂപ നിരക്കില്‍ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിരമിച്ചവര്‍ക്കും ഉത്തരവ് ബാധകമാണ്.

മറ്റു സംസ്ഥാനങ്ങളില്‍ കാന്റീന്‍ തുടങ്ങുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സര്‍ക്കാര്‍തന്നെ വഹിക്കുമ്പോഴാണ് ഇവിടെ വിരമിച്ചവരില്‍നിന്ന് ഉള്‍പ്പെടെ തുക പിരിച്ചെടുക്കുന്നത്. നവംബറിലെ ശമ്പളത്തില്‍നിന്ന് തുക പിരിച്ചെടുക്കാന്‍ തുടങ്ങി. ചില ജില്ലകളില്‍ ഗഡുക്കളായാണ് പിരിവ്. കോടിക്കണക്കിനു രൂപയാണ് ഇവ്വിധം സംഭരിക്കുന്നത്. തുക എപ്പോള്‍ തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്ത ഗ്രാമീണപ്രദേശങ്ങളിലുള്ളവരും 2000 രൂപവീതം നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ക്യാന്റീന്‍ തുറക്കുന്നത് സംബന്ധിച്ച് 15നുള്ളില്‍ നിര്‍ദേശം സമര്‍പ്പിക്കാനും ഡിജിപി ഉത്തരവ് നല്‍കി. ക്യാന്റീന്‍ നടത്തിപ്പിനായി ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും മറ്റും ഭാരവാഹികളായി നിശ്ചയിച്ചതായി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസിന് സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലും അതിര്‍ത്തി രക്ഷാസേനയിലും ക്യാന്റീന്‍ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന പൊലീസുകാര്‍ക്കും വിരമിച്ചവര്‍ക്കും ക്യാന്റീന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ക്യാന്റീനില്‍ വില്‍ക്കുന്ന സാധനങ്ങളെ വാറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കുമെന്നും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ആഗസ്ത് എട്ടിന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.

deshabhimani 021211

1 comment:

  1. ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയ കുളത്തുപ്പുഴ ഹൈടെക് ഡയറി ഫാമില്‍ 10 മാസത്തിനിടെ ചത്തൊടുങ്ങിയത് 60 പശുക്കള്‍ . കാലാവസ്ഥ പറ്റാത്തതും പരിചരണത്തിലെ വീഴ്ചകളുമാണ് ഇത്രയും പശുക്കളുടെ മരണത്തിനിടയാക്കിയതെന്നാണ് സൂചന. വിദേശ ഇനമായ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളെയാണ് ഫാമില്‍ മുഖ്യമായും വളര്‍ത്തുന്നത്. 230 പശുക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫാമിലേക്കായി 206 പശുക്കളെ ആദ്യം വാങ്ങി. ഇതില്‍ 60 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് 110 പശുക്കള്‍ മാത്രമാണ് ഫാമിലുള്ളത്. അവശേഷിക്കുന്നവയെ ഇടുക്കി മാട്ടുപ്പെട്ടിയിലെയും പാലക്കാട് ധോണിയിലെയും ഫാമുകളില്‍ നിര്‍ത്തിയിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കള്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ രോഗങ്ങള്‍ക്ക് അടിപ്പെടുകയായിരുന്നു. ചൂടിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും പുനലൂര്‍ -കുളത്തുപ്പുഴ മേഖലയിലെ ഈര്‍പ്പം കൂടിയകാലാവസ്ഥയാണ്് ദോഷമായത്. പുല്ല് വേണ്ടത്ര ലഭിക്കാത്തതും ഫാമിന്റെ പ്രവര്‍ത്തനത്തിനു തടസ്സമായി. 39 ഹെക്ടറുള്ള ഫാമില്‍തന്നെ തീറ്റപ്പുല്‍ കൃഷി ആരംഭിക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇതിനായി മരം മുറിച്ചുമാറ്റാന്‍ അനുമതി ലഭിച്ചില്ല. കുളത്തൂപ്പുഴയില്‍ നിലവിലുണ്ടായിരുന്ന ഫാമിലെ പശുക്കളുടെ എണ്ണം പകുതിയാക്കിയശേഷമാണ് ഹൈടെക് ഫാം തുടങ്ങിയത്. പത്തുകോടി രൂപ ഇതിനകം മുടക്കിയിട്ടുള്ള ഹൈടെക് ഫാം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയാലെ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ.

    ReplyDelete