Friday, December 2, 2011

മുല്ലപ്പെരിയാര്‍: എജി യുടെ നിലപാട് വിവാദത്തില്‍; പരക്കെ പ്രതിഷേധം

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അതില്‍ നിന്നുള്ള വെള്ളം കൂടി താങ്ങാന്‍ ഇടുക്കി ജലാശയത്തിനു കഴിയുമെന്നും അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി ഹൈക്കോടതിയെ ബോധിപ്പിച്ചു. ഡാം സുരക്ഷയും ജലനിരപ്പും തമ്മില്‍ ബന്ധമില്ലെന്നും ഭീതി പടര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും ദണ്ഡപാണി പറഞ്ഞത് വന്‍ വിവാദമായിരിക്കുയാണ്. ജലനിരപ്പ് 142 അടിയാക്കണമെന്ന് സുപ്രിം കോടതി ഉത്തരവുള്ളതിനാല്‍ അത് താഴ്ത്താന്‍ കഴിയില്ലെന്നും ഏജി പറഞ്ഞു. എ ജി യുടെ നിലപാടിനെതിരെ കേരളമെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി വിശദീകരണമാവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭീതിജനകമായ അന്തരീക്ഷമാണല്ലോ നിലനില്‍ക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിനാണ് എ ജി ഈ രീതിയിലൊക്കെ ഉത്തരം നല്‍കിയത്. മുല്ലപ്പെരിയാറിന്റെ അഞ്ചിരട്ടിയല്ലേ ഇടുക്കിയെന്നും പൊട്ടിയാല്‍ ആ ജലം ഇടുക്കിഡാമിന് താങ്ങാനാവില്ലേയെന്നും മറ്റും കോടതി ചോദിച്ചിരുന്നു. തകര്‍ന്നാല്‍ വെള്ളം അറബിക്കടലിലെത്താന്‍ എത്ര സമയമെടുക്കുമെന്നും കോടതി ചോദിച്ചു. ഇതിനൊന്നും എ ജി കൃത്യമായി മറുപടി നല്‍കിയില്ല.

ഡാമിനു സമീപത്തു താമസിക്കുന്ന 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ എടുക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിച്ച് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. ജലനിരപ്പ് ദിവസേന പരിശോധിക്കാന്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഡിജിറ്റല്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ഇരു ഡാമുകളിലും ഇന്‍ഫ്രാറെഡ് ക്യാമറകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തിരസാഹചര്യം നേരിടാമെന്നും ദുരന്തനിവാരണ സേനയുടെ സഹായം തേടുമെന്നും ബോധിപ്പിച്ചു. ഇടുക്കിയിലെ എല്ലാ റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കും. പൊതുതാല്‍പര്യഹര്‍ജികളിലാണ് സര്‍ക്കാര്‍ കോടതിയെ മുല്ലപ്പെരിയാറില്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളെക്കുറിച്ച് എ ജി അറിയിച്ചത്.

താന്‍ സര്‍ക്കാര്‍നിലപാടിനെതിരായി കോടതിയില്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് എജി ദണ്ഡപാണി വാര്‍ത്താലേഖകരോട് വിശദീകരിച്ചു. മുല്ലപ്പെരിയാറിലെ ജലം താങ്ങാന്‍ ഇടുക്കിക്ക് കഴിവുണ്ട്. പക്ഷേ തകര്‍ന്നാല്‍ അതിനുള്ള സമയം കിട്ടില്ല. അതുകൊണ്ട് പുതിയഡാം വേണമെന്ന ആവശ്യമാണ് കോടതിയില്‍ ഉന്നയിച്ചത്.ഗവണ്‍മെന്റിന്റെ പണം മുടക്കി ഡാം പണിയും. എത്ര ഘനയടിവെള്ളം എത്രസമയം കൊണ്ടാണ് ഒഴുകിയെത്തുകയെന്ന് തനിക്ക് പറയാനാവില്ലെന്നും കോടതിയില്‍ പറഞ്ഞു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഒരു പങ്കുണ്ടെന്നും താന്‍ പറഞ്ഞു. മുന്‍പ് തന്റെ ഭാര്യ തമിഴ്നാടിനുവേണ്ടി ഇതേ കേസില്‍ ഹാജരായതിനാല്‍ ചിലര്‍ അതിന്റെ പേരില്‍ വാര്‍ത്തകളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എടുത്ത നടഎടികളും പൊട്ടിയാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെപ്പറ്റിയും കോടതി അന്വേഷിച്ചു. വാദം കേട്ടതിനുശേഷം കോടതി ഉത്തരവിറക്കിയത് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ തെളിവാണ്.

രാവിലത്തെ വാര്‍ത്ത കൂടി വായിക്കുക

ദണ്ഡപാണി ഹാജരാകുന്നത് സര്‍ക്കാരിന് കുരുക്കാകുന്നു 

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അതില്‍ നിന്നുള്ള വെള്ളം കൂടി താങ്ങാന്‍ ഇടുക്കി ജലാശയത്തിനു കഴിയുമെന്നും അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി ഹൈക്കോടതിയെ ബോധിപ്പിച്ചു. ഡാം സുരക്ഷയും ജലനിരപ്പും തമ്മില്‍ ബന്ധമില്ലെന്നും ഭീതി പടര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും ദണ്ഡപാണി പറഞ്ഞത് വന്‍ വിവാദമായിരിക്കുയാണ്.

    ReplyDelete