Friday, December 2, 2011

പൊലീസ് ക്രിമിനലുകളാകുന്നു; നിയന്ത്രിക്കാനാളില്ല

കാസര്‍കോട്: പൊലീസില്‍ കുറ്റ കൃത്യങ്ങള്‍ പെരുകുന്നത് ഗുരുതര സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പണമുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില പൊലീസുകാര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുപോലും കൂട്ടുനില്‍ക്കുകയാണ്. പൊലീസുകാരുടെ മദ്യപാനം പല പൊലീസ് സ്റ്റേഷനുകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താറുമാറാക്കി. എന്തുചെയ്താലും നടപടിയെടുക്കില്ലെന്ന ഉറപ്പാണ് പൊലീസിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരുടെ പരുഷ പെരുമാറ്റം മൂലം സ്റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. ജില്ലയിലെ ഭൂരിപക്ഷം സ്റ്റേഷനുകളും മദ്യപരെക്കൊണ്ട് നിറഞ്ഞു. പാറക്കട്ടയിലെ എആര്‍ ക്യാമ്പ് വ്യാജ മദ്യ കേന്ദ്രമായെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്പി, ഡിവൈഎസ്പി തുടങ്ങിയ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുള്ള ഇവിടെ മദ്യപരായ പൊലീസുകാരെക്കൊണ്ട് ആളുകള്‍ക്ക് വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വ്യാജമദ്യ വില്‍പനക്കാരുടെ പ്രധാന സഹായികള്‍ ഇവിടെയാണെന്നാണ് പരാതി. എആര്‍ ക്യാമ്പിലേക്ക് മദ്യം എത്തിച്ചുകൊടുക്കാന്‍ പ്രത്യേക സംഘവുമുണ്ട്. വ്യാജമദ്യ വില്‍പനക്കാര്‍ക്ക് സഹായം ചെയ്യുന്നതിന്റെ പ്രത്യുപകാരമായാണ് ഇവിടെ മദ്യം എത്തുന്നത്. മദ്യപാനമുള്‍പ്പെടെ എല്ലാസാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും ഇവിടെയുണ്ടെന്നാണ് പറയുന്നത്.
മണല്‍ കടത്തിനും പ്രധാന സഹായികള്‍ പൊലീസുകാരാണ്. മണല്‍ പിടിക്കാന്‍ പോകുന്ന പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നീക്കങ്ങള്‍ അപ്പപ്പോള്‍ മാഫിയസംഘത്തെ അറിയിക്കുന്നത് പൊലീസുകാരാണ്. റവന്യു ഉദ്യോഗസ്ഥര്‍ റെയ്ഡിന് പോകണമെന്നാവശ്യപ്പെട്ടാല്‍ സഹായം നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്. ഇതിന് പുറമെ സ്ത്രീ പീഡനക്കേസുകളില്‍ പ്രതികളായ രണ്ട് ഡസനോളം പൊലീസുകാര്‍ ജില്ലയിലുണ്ട്. പല സ്ഥലത്തും നാട്ടുകാര്‍ പൊലീസുകാരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായി.

ഇതിനൊക്കെ പുറമെയാണ് തീവ്രവാദ സംഘവുമായി ബന്ധമുള്ള നിരവധിയാളുകള്‍ക്ക് വ്യാജ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ പൊലീസ് കൂട്ടുനിന്നെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പതിനായിരക്കണക്കിന് രൂപ കൈക്കൂലി കൊടുത്താല്‍ ആര്‍ക്കും ഏത് വിലാസത്തില്‍ വേണമെങ്കിലും പാസ്പോര്‍ട്ട് ഉണ്ടാക്കാമെന്നതാണ് ജില്ലയിലെ അവസ്ഥ. കാഞ്ഞങ്ങാട്, അമ്പലത്തറ, ബേക്കല്‍ സ്റ്റേഷനുകളില്‍ ഇത്തരത്തിലുള്ള അമ്പതോളം പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പത്തോളം പൊലീസുകാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കാസര്‍കോട്, കുമ്പള സ്റ്റേഷനുകളില്‍ ഇത്തരം പാസ്പോര്‍ട്ട് മുമ്പേ നല്‍കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമായാണ് പാസ്പോര്‍ട്ട് വെരിഫിക്കേഷനെ പലരും കാണുന്നത്.

എന്ത് കാണിച്ചാലും നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകില്ലെന്ന് വന്നതോടെ പൊലീസിലെ കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍നിന്ന് സ്ഫോടകവസ്തുക്കളുടെ ശേഖരം കാണാതായത് ഇതിന്റെ ഭാഗമാണ്. ക്വാറികളില്‍നിന്ന് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് കാണാതായത്. ഒരാഴ്ച മുമ്പുവരെ ഇത് ഗോഡൗണില്‍ ഉണ്ടായിരുന്നെന്നാണ് സൂക്ഷിപ്പുകാരന്‍ വെടിമരുന്ന് വില്‍പനക്കാരന്‍ പറയുന്നത്. പൊലീസ് പിടിച്ചെടുത്ത സ്ഫോടകവസ്തു മാത്രമായി മോഷണം പോയതിന് പിന്നില്‍ പൊലീസിന്റെ കൈയുണ്ടാകുമെന്നാണ് കരുതുന്നത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റാണ് കാണാതായത്. തീരദേശത്ത് ശക്തി പ്രാപിക്കുന്ന തീവ്രവാദ സംഘത്തിനുവേണ്ടി ഈ വെടിമരുന്ന് എത്തിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. വ്യാജപാസ്പോര്‍ട്ടിന് കൂട്ടുനിന്ന പൊലീസ് ഇതും ചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

deshabhimani 021211

No comments:

Post a Comment