Saturday, December 17, 2011

ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാബില്‍ സ്വീകാര്യമല്ല: സിപിഐ എം

കേന്ദ്രമന്ത്രിസഭ അംഗീകരിക്കാന്‍ പോകുന്ന ഭക്ഷ്യ സുരക്ഷാബില്‍ ഭക്ഷ്യസുരക്ഷ എന്ന ആശയത്തെ പരിഹസിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഭക്ഷ്യവിതരണത്തെ നവഉദാര സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തണം- പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഉതകാത്ത ഭക്ഷ്യസുരക്ഷാബില്‍ സ്വീകാര്യമല്ല. എപിഎല്‍ -ബിപിഎല്‍ തിരിച്ചുള്ള തെറ്റായ ഭക്ഷ്യവിതരണനയംതന്നെയാണ് മുന്‍ഗണനാവിഭാഗവും പൊതുവിഭാഗവും എന്നപേരിലുള്ള തരംതിരിവിലൂടെ പുതിയ ബില്ലിലും തുടരുന്നത്. റേഷന്‍സംവിധാനത്തിലെ പരിഷ്കാരങ്ങളുമായി പൊതുവിഭാഗത്തിലെ ഭക്ഷ്യധാന്യവിതരണത്തെ ബന്ധിപ്പിക്കുന്നതും അംഗീകരിക്കാനാകില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പണം കൈമാറുക, ഭക്ഷ്യകൂപ്പണ്‍ നല്‍കുക, ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കുക എന്നിവയാണ് ബില്ലില്‍ മുന്നോട്ടുവയ്ക്കുന്ന പരിഷ്കാരങ്ങള്‍ . നവഉദാര പരിഷ്കാരങ്ങളുടെ വേദിയായി മൊത്തം ബില്ലിനെ മാറ്റുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. പരിഷ്കാരങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള ഈ നീക്കം ജനതാല്‍പ്പര്യത്തിനെതിരാണ്. കൂടുതല്‍ പേരെ ഭക്ഷ്യലഭ്യതയില്‍നിന്ന് അകറ്റാനേ ഈ നിര്‍ദേശങ്ങള്‍ ഉപകരിക്കൂ.

മാത്രമല്ല, ഫെഡറല്‍ തത്വങ്ങള്‍ നഗ്നമായി ലംഘിച്ച് പൊതുവിതരണ സമ്പ്രദായത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നിര്‍ബന്ധമായും നടപ്പാക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ജനങ്ങളെ നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം കേന്ദ്രത്തിന് മാത്രമായിരിക്കുമെന്ന ബില്ലിലെ വ്യവസ്ഥ ഫെഡറല്‍തത്വങ്ങളുടെ ലംഘനമാണ്. ബില്ലില്‍ പരാമര്‍ശിക്കുന്ന മറ്റു പദ്ധതികളില്‍ സംസ്ഥാനവും കേന്ദ്രവും വഹിക്കേണ്ട പങ്ക് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ബില്‍ വേണമെന്നാണ് ജനാഭിലാഷം. എന്നാല്‍ , ബില്ലിനെ കാര്‍ഷിക വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും സങ്കുചിതമായ അജന്‍ഡ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചത്. റേഷന്‍സംവിധാനം തകര്‍ക്കുകയും ദുര്‍ബലമായ ഭക്ഷ്യസുരക്ഷാബില്ലിനെ കൂടുതല്‍ ദുര്‍ബലമാക്കുകയുമാണ് സര്‍ക്കാര്‍ - പിബി പറഞ്ഞു.

deshabhimani 171211

1 comment:

  1. കേന്ദ്രമന്ത്രിസഭ അംഗീകരിക്കാന്‍ പോകുന്ന ഭക്ഷ്യ സുരക്ഷാബില്‍ ഭക്ഷ്യസുരക്ഷ എന്ന ആശയത്തെ പരിഹസിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഭക്ഷ്യവിതരണത്തെ നവഉദാര സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തണം- പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete