Thursday, December 15, 2011

'നീര'യ്ക്കായി കേര കര്‍ഷകര്‍ കാത്തിരിപ്പ് തുടരുന്നു

തെങ്ങില്‍നിന്ന് നീര ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് അനുമതി തേടി 10 വര്‍ഷക്കാലമായി കേരളത്തിലെ നാളികേര കര്‍ഷകര്‍ കാത്തുനില്‍ക്കുമ്പോള്‍ കര്‍ണാടകത്തില്‍ നീര ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് നാളികേര വികസന ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ദക്ഷിണ കര്‍ണാടകത്തിലെ തുമ്പെയിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഫാമില്‍ പുതിയ യൂണിറ്റ് തുടങ്ങാനായി കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച 1.15 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ബോര്‍ഡ് നടപ്പിലാക്കിവരുന്ന നാളികേര ടെക്‌നോളജി മിഷനാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതിയില്‍ നാളികേര വികസന ബോര്‍ഡിന്റെ പദ്ധതിവിഹിതം 28.75 ലക്ഷം രൂപയാണ്.

വിലത്തകര്‍ച്ചയും രോഗബാധയുംമൂലം സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ നടുവൊടിഞ്ഞഘട്ടത്തിലാണ് നീര ഉല്‍പാദനത്തിലൂടെ നാളികേര കൃഷി ലാഭകരമാക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഒരു പ്രകൃതിദത്ത പാനീയമെന്നനിലയില്‍ നീരയ്ക്കുള്ള അനന്തസാധ്യതകളും വര്‍ഷങ്ങള്‍ക്ക് മുമ്പെ കണ്ടെത്തിയിരുന്നു. ആല്‍ക്കഹോളിന്റെ അംശം തീരെയില്ലാത്തതും 17 ശതമാനം പഞ്ചസാര അടങ്ങിയതുമായ രുചികരമായ പാനീയമാണ് നീര. മൂന്ന് മുതല്‍ ആറുമാസംവരെ നീര കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടിയും സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നീര സംസ്‌കരിച്ച് തേന്‍, തരിരൂപത്തിലുള്ള മധുര കള്ള്, ഗുണമേന്മയുള്ള തെങ്ങിന്‍ ശര്‍ക്കര, മിഠായികള്‍, ഐസ്‌ക്രീം എന്നിവയും ഉല്‍പാദിപ്പിക്കാനാകും. കൂടാതെ നീരയില്‍നിന്ന് ചക്കര പാനി, ജാം, വിനിഗര്‍, യീസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ടാക്കാം. ആറു മാസത്തെ ടാപ്പിംഗ് പിരീഡില്‍ ഒരു മരത്തില്‍ നിന്ന് 150 മുതല്‍ 180 ലിറ്റര്‍ വരെ നീര ലഭിക്കും. അതായത് ദിവസേന ഒരു മരത്തില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ ലഭിക്കും. ഒരു  ഏക്കര്‍ തെങ്ങിന്‍തോപ്പുള്ള കര്‍ഷകന് 30,000 രൂപവരെ വരുമാനവും ലഭിക്കും. കള്ളുചെത്താനായി നല്‍കിയാല്‍ കുലയൊന്നിന് നൂറുരൂപ പ്രകാരം കര്‍ഷകന് പരമാവധി 300 രൂപയാണ് ഒരു തെങ്ങില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുക. ഒരു തെങ്ങില്‍നിന്ന് 12,000 മുതല്‍ 15,000 രൂപയുടെ കള്ള് ലഭിക്കുമ്പോഴാണ് കര്‍ഷകന് 300 രൂപ കിട്ടുന്നത്.

സംസ്ഥാനത്ത് നീര ടാപ്പിംഗിന് അനുവാദം ലഭിച്ചാല്‍ കേര കര്‍ഷകരെ കൃഷിയില്‍ ഉറച്ചുനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും കഴിയും. മച്ചിങ്ങയും ഇളനീരും ഭക്ഷണമാക്കി പെരുകുന്ന മണ്ഡരിയെ പ്രതിരോധിക്കാന്‍ തെങ്ങിന്‍ കുലകള്‍ നീര ടാപ്പിംഗിനായി നല്‍കുന്നതിലൂടെ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് കൊപ്രാസംഭരണം ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടാതെ പോയതിനാല്‍ തേങ്ങവില അടിക്കടി ഇടിഞ്ഞു. പച്ചത്തേങ്ങ സംഭരണവും പരിമിതമായ സംവിധാനങ്ങളെ തുടര്‍ന്ന് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞില്ല. തേങ്ങ മുളച്ച് നശിക്കുന്ന അവസ്ഥ വന്നതോടെ കിട്ടിയ വിലയ്ക്ക് തേങ്ങ വില്‍ക്കുകയും വില കുത്തനെ ഇടിയുകയും ചെയ്തു. വിലത്തകര്‍ച്ചയ്ക്കും രോഗബാധയ്ക്കും ഇടയില്‍ വീര്‍പ്പു മുട്ടുന്ന കേര കര്‍ഷകരുടെ ഏക രക്ഷാ മാര്‍ഗമെന്ന നിലയിലാണ് നീര ഉല്‍പാദനമെന്ന ആശയം ഉടലെടുത്തത്.

1999 മുതല്‍ വിവിധ കര്‍ഷകസംഘടനകള്‍ നടത്തിയ നിരന്തരപ്രക്ഷോഭത്തിന്റെ ഫലമായി കൃഷിവകുപ്പിന് ആറളത്തും, നാളികേരവികസന ബോര്‍ഡിന് പേരാമ്പ്രയിലും ഇന്‍ഫാമിന് ചെറുപുഴയിലും നീര ടാപ്പിംഗ് തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. നീര ടാപ്പേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് എന്നപേരില്‍ സംഘടന രൂപവത്കരിച്ച് നീരസംസ്‌കരണത്തിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്. നീര പുളിച്ച് കള്ളാകുന്നത് തടയാനുള്ള വിദ്യയും നിലവിലുണ്ട്. 20 ഡിഗ്രിവരെ തണുപ്പിച്ച നീര ആറ് മാസംവരെ കേടുകൂടാതെ സൂക്ഷിക്കാനാവും.

പ്രവര്‍ത്തനങ്ങള്‍ക്കായി ആറളത്ത് നാളികേര വികസനബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ടും ലഭ്യമാക്കിയിരുന്നു. എന്നാല്‍ നീരടാപ്പിംഗിനുള്ള അന്തിമാനുമതിയും നടപടികളും പിന്നീടുണ്ടായില്ല. നിലവിലുള്ള അബ്കാരിനയത്തില്‍ കര്‍ഷകര്‍ക്ക് അഞ്ച്‌തെങ്ങ് ചെത്താനും മധുരക്കള്ള് എടുക്കാനും അനുമതിയുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഈ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്.

രാജേഷ് വെമ്പായം janayugom 151211

1 comment:

  1. തെങ്ങില്‍നിന്ന് നീര ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് അനുമതി തേടി 10 വര്‍ഷക്കാലമായി കേരളത്തിലെ നാളികേര കര്‍ഷകര്‍ കാത്തുനില്‍ക്കുമ്പോള്‍ കര്‍ണാടകത്തില്‍ നീര ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് നാളികേര വികസന ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ദക്ഷിണ കര്‍ണാടകത്തിലെ തുമ്പെയിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഫാമില്‍ പുതിയ യൂണിറ്റ് തുടങ്ങാനായി കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച 1.15 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ബോര്‍ഡ് നടപ്പിലാക്കിവരുന്ന നാളികേര ടെക്‌നോളജി മിഷനാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതിയില്‍ നാളികേര വികസന ബോര്‍ഡിന്റെ പദ്ധതിവിഹിതം 28.75 ലക്ഷം രൂപയാണ്.

    ReplyDelete