Wednesday, December 21, 2011

മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നു

കോടികള്‍ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുമ്പോള്‍ വീണ്ടും ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. റോഡുസുരക്ഷയുടെ ഭാഗമായി ഏഴ് സ്പീഡ് റഡാറാണ് വകുപ്പ് പുതിയതായി വാങ്ങുന്നത്. വാഹനങ്ങളുടെ വേഗത അളക്കാനും ഇതു റെക്കാര്‍ഡ് ചെയ്യാനും പ്രിന്റുചെയ്ത് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് നല്‍കാനും കഴിയുന്ന അത്യാധുനിക ഉപകരണമാണിത്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.

ഏഴ് സ്പീഡ് റഡാര്‍ വാങ്ങുന്നതിന് ഏകദേശം അരക്കോടി രൂപയാണ്് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരം 16 ഉപകരണങ്ങള്‍ ഒരു വര്‍ഷം മുമ്പ് വകുപ്പ് വാങ്ങിയിരുന്നു. ഇവ പായ്ക്കറ്റുപോലും പൊട്ടിക്കാതെ നശിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഇതേ ഉപകരണങ്ങള്‍ വാങ്ങുന്നത്. ഈ ഉപകരണത്തിന് 10 മീറ്റര്‍ റേഞ്ച് മാത്രമേ ലഭിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്.  ഏതൊരു ഡ്രൈവര്‍ക്കും 30 മീറ്റര്‍വരെ കാണാന്‍ കഴിയും. പത്തുമീറ്റര്‍ ദൂരെ ഈ റഡാറുമായി ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് ദൂരെനിന്നു കാണുമ്പോള്‍ തന്നെ ഡ്രൈവര്‍ക്ക് വേഗത കുറയ്ക്കാനാകും. അതിനാല്‍ തന്നെ അമിതവേഗത റഡാറില്‍ പതിയുകയില്ല. നിയമലംഘനത്തിന്റെ റിപ്പോര്‍ട്ട് പ്രിന്റുചെയ്തു നല്‍കാനും കഴിയില്ല. ഇതിനായി ഇപ്പോള്‍ പൊലീസ് ഉപയോഗിക്കുന്ന ഇന്റര്‍സെപ്റ്ററിന് ഒന്നര കിലോമീറ്റര്‍ ദൂരം റേഞ്ച് കിട്ടും. കിലോമീറ്റര്‍ ദൂരെനിന്നുതന്നെ ഓവര്‍സ്പീഡില്‍ വരുന്ന വാഹനത്തെ ട്രാക്ക് ചെയ്യാനും വാഹനം അടുത്തുവരുമ്പോള്‍ തടഞ്ഞുനിര്‍ത്തി നിയമം ലംഘിച്ചതായുള്ള വിവരം രേഖാമൂലം നല്‍കാനും കഴിയും. ഇത്തരത്തിലുള്ള മെഷീന്‍ ഉള്‍ക്കൊള്ളുന്ന വാഹനം ഒന്നിന് 30 ലക്ഷത്തോളമാണ് വില. നാലെണ്ണം മോട്ടോര്‍ വാഹന വകുപ്പിന് ഉണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഇവ നന്നാക്കിയെടുത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം ഉപയോഗമില്ലാത്ത ഹാന്‍ഡ് റഡാര്‍ വീണ്ടും വാങ്ങുന്നത് കമ്മിഷന്‍ അടിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണെന്ന ആക്ഷേപമാണുയര്‍ന്നിട്ടുള്ളത്.

മാസങ്ങള്‍ക്ക് മുമ്പ് 1.10 കോടി രൂപ ചെലവിട്ട് വകുപ്പ് വാങ്ങിക്കൂട്ടിയ 10 പീഡിയോണ്‍ ഉപകരണങ്ങളും  വകുപ്പിന്റെ ആസ്ഥാനത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വാഹനപരിശോധനയ്ക്കായാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. കാഴ്ചയില്‍ കമ്പ്യൂട്ടറിന് സമാനമായ ഈ ഉപകരണം റേഡിയേഷന്‍, റേഞ്ച് ഇല്ലായ്മ തുടങ്ങിയ പോരായ്മകളെ തുടര്‍ന്ന് മറ്റൊരു സംസ്ഥാനത്തും ഉപയോഗിക്കുന്നില്ല. ഇത്തരം 100 എണ്ണത്തിനുകൂടി പുതിയതായി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.

മലിനീകരണത്തിന്റെ തോത് അളക്കുന്നതിന് ഉപയോഗിക്കുന്ന 65 ഉപകരണങ്ങള്‍ നേരത്തെ വകുപ്പ് വാങ്ങിയിരുന്നു. കൃത്യമായി നന്നാക്കി സൂക്ഷിക്കാത്തതിനാല്‍ ഉപയോഗിച്ചു കുറച്ചുകാലത്തിനകം തന്നെ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. രണ്ടര ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങളാണ് ഇവ. ഇതിനുമുമ്പ് ഒന്നിന് 65,000 രൂപ നിരക്കില്‍ വാങ്ങിയ പുക പരിശോധനയ്ക്കുപയോഗിക്കുന്ന 25 യന്ത്രങ്ങളും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. 30 ലക്ഷത്തോളം രൂപ വിലവരുന്ന കാമറയും പ്രിന്ററും അടക്കമുള്ള നാല് ഇന്റര്‍സെപ്റ്റര്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. നാലുമാസം മുമ്പ് 270 ഹാന്‍ഡി കാമറകള്‍ വകുപ്പ് വാങ്ങിയിരുന്നു. നിയമലംഘനം സംബന്ധിച്ച് വാഹനങ്ങളുടെ ഫോട്ടോ എടുക്കുക എന്ന ലക്ഷ്യവുമിട്ടാണ് ഇവ വാങ്ങിയത്. ഇവയില്‍ ചിലതുമാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ കൂട്ടിയിട്ടിരിക്കുകയാണ്.

janayugom 211211

1 comment:

  1. കോടികള്‍ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുമ്പോള്‍ വീണ്ടും ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. റോഡുസുരക്ഷയുടെ ഭാഗമായി ഏഴ് സ്പീഡ് റഡാറാണ് വകുപ്പ് പുതിയതായി വാങ്ങുന്നത്. വാഹനങ്ങളുടെ വേഗത അളക്കാനും ഇതു റെക്കാര്‍ഡ് ചെയ്യാനും പ്രിന്റുചെയ്ത് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് നല്‍കാനും കഴിയുന്ന അത്യാധുനിക ഉപകരണമാണിത്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.

    ReplyDelete