Wednesday, December 21, 2011

ചിദംബരം കലികാലചോളനെന്ന് കോണ്‍ഗ്രസ് മുഖപത്രം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിമന്ത്രി പി ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനം. തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രത്തിലെ മുഖപ്രസംഗത്തില്‍ ചിദംബരത്തെ കലികാലചോളനോടാണ് ഉപമിച്ചിട്ടുള്ളത്. ചിദംബരത്തിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും സാധാരണ ജനങ്ങളില്‍ വൈകാരിക പ്രതികരണത്തിന്റെ തീപ്പൊരി തെറിപ്പിക്കാന്‍ മാത്രം പ്രേരകമാകും വിധം പക്ഷപാതപരമായിട്ടാണ് കേന്ദ്രമന്ത്രി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസാരിച്ചത്. അഭിപ്രായം ഭാഗികമായി പിന്‍വലിക്കുകവഴി അദ്ദേഹം പഴനിയപ്പന്‍ ചിദംബരം എന്ന പ്രാദേശിക രാഷ്ട്രീയക്കാരനായി ചെറുതായെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

പിറവം ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ പ്രസ്താവന മാത്രമാണ് ചിദംബരം പിന്‍വലിച്ചിട്ടുള്ളത്. സുപ്രിംകോടതിയുടെ തീരുമാനം തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന മുന്‍വിധി കേന്ദ്രമന്ത്രി പിന്‍വലിച്ചിട്ടില്ല. ഇത് ഗുരുതരവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന അഭിപ്രായം ഉന്നയിച്ചുകൊണ്ട് മന്ത്രിയെ പുറത്താക്കണമെന്നു വരെ പറയുന്നവരുണ്ട്. രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ചോളരാജാവായിരുന്ന കലികാല ചോളന്‍ കാവേരി നദിക്കുകുറുകെ നിര്‍മിച്ച കല്ലണ ഇപ്പോഴും കേടുകൂടാതെ നില്‍ക്കുന്നുണ്ടെന്നാണ് ചിദംബരം പറയുന്നത്. 329 മീറ്റര്‍ നീളവും വെറും 20 മീറ്റര്‍ വീതിയും ഉള്ള ആ കല്ലണയുടെ ചോള മാഹാത്മ്യം വിളമ്പി, 116 വര്‍ഷം മുമ്പ് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ന്യായീകരിക്കാന്‍ ചിദംബരത്തിന് മാത്രമേ ധൈര്യമുണ്ടാകൂ എന്ന് പരിഹസിക്കുകയും ചെയ്യുന്നു.

കലികാല ചോളനടക്കമുള്ള രാജാക്കന്മാര്‍ ചേര സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട കേരളം അടക്കമുള്ള രാജ്യങ്ങളെ നിരന്തരം ആക്രമിച്ചുകൊള്ളയടിച്ചവരാണെന്നും നൂറു കൊല്ലത്തോളം കേരളത്തെ ആക്രമിച്ചിരുന്നുവെന്നും നീലകണ്ഠ ശാസ്ത്രികളുടെ ദക്ഷിണേന്ത്യന്‍ ചരിത്രം എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുച്ചിറപ്പള്ളിക്കടുത്ത് കാവേരിപ്പുഴയില്‍ കലികാല ചോളന്‍ നിര്‍മിച്ച കല്ലണയുടെ ആയുരാരോഗ്യത്തെപ്പറ്റി ആശ്ചര്യപ്പെട്ടുകൊണ്ട് വിള്ളല്‍ വീണുചോരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയെ അവഗണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പഴയചോളരാജാക്കന്മാരുടെ അനന്തരഗാമിയെപ്പോലെ സംസാരിക്കരുത്. റൂര്‍ക്കി, ഡല്‍ഹി ഐ ഐ ടികളിലെ വിദഗ്ധന്മാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചും അവിടത്തെ ഭൗമശാസ്ത്ര പഠനങ്ങളെക്കുറിച്ചും നടത്തിയ പഠനങ്ങളൊന്നും കേന്ദ്രമന്ത്രി ശ്രദ്ധിച്ചില്ലെന്നാണോയെന്നും മുഖ്യപ്രസംഗം ചോദിക്കുന്നു.

അതേസമയം, എഡിറ്ററുടെയും പ്രസാധകന്റെയും പേര് വ്യക്തമാക്കുന്ന പ്രിന്റ് ലൈന്‍ ഇല്ലാതെയാണ് തിങ്കളാഴ്ച പത്രം പുറത്തിറങ്ങിയിരിക്കുന്നത്.

janayugom 211211

No comments:

Post a Comment