Monday, December 19, 2011

കര്‍ഷക ആത്മഹത്യയില്‍ രാജ്യസഭ സ്തംഭിച്ചു ജെ പി സി രൂപീകരിക്കും

രാജ്യത്താകമാനമുള്ള കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രോഷത്തില്‍ ഇന്നലെ രാജ്യസഭ സ്തംഭിച്ചു. കര്‍ഷക ആത്മഹത്യക്ക് സമാധാനം പറയാന്‍ എല്ലാ മന്ത്രിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന ഇടതുപക്ഷനിലപാടില്‍ സഭ ശബ്ദമുഖരിതമായി. ഒടുവില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ ഒടുവില്‍ കേന്ദ്രം എത്തിച്ചേര്‍ന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഒടുവില്‍ കേന്ദ്രം എത്തിച്ചേര്‍ന്നത്. കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയവേ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറാണ് ഇരുസഭകളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു സമിതിക്ക് രൂപംനല്‍കാമെന്ന് പ്രഖ്യാപിച്ചത്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പവാറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തിച്ചേരുമെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധികള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം ഒളിച്ചുകളിക്കുന്നതിനെതിരേ ഇടതുപക്ഷ കക്ഷികളടക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി.

കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കൃഷി മന്ത്രി ശരദ് പവാറിന് മാത്രമായി സാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ശരിയായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ശക്തിയില്ലാതെ മുടന്തുന്ന കൃഷിമന്ത്രിയാണ് പവാര്‍. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ പവാറിന് മാത്രമായി സാധിക്കില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കൃഷിവകുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. ധനവകുപ്പ്, വാണിജ്യവകുപ്പ്, പഞ്ചായത്തീരാജ് വകുപ്പ്, ജലസേചന വകുപ്പ് എന്നിവയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളാണ്. കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ ഈ വകുപ്പുകളുടെ മന്ത്രിമാരെല്ലാം സഭയിലുണ്ടായിരിക്കണം. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് ഇവരെല്ലാം മറുപടി പറയണമെന്നും ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടു. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ട തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലും കൃഷിമന്ത്രി ശരത് പവാറിന് സാധിക്കുന്നില്ലെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയുടെ രൂക്ഷത പരിഗണിച്ചാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാര്‍ കൂടാതെ പ്രധാന മന്ത്രിയും ധനമന്ത്രിയും സഭയില്‍ ഉണ്ടായിരിക്കണമെന്നും ഇവരെല്ലാവരും മറുപടി പറയണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സി പി ഐ, ബി എസ് പി എന്നീ പ്രതിപക്ഷ കക്ഷികളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുവന്നതോടെ സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.  പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥനും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ദേശീയ നയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച നടത്തണമെന്നായിരുന്നു ഈ നിര്‍ദേശങ്ങളിലൊന്ന്.

janayugom 201211

1 comment:

  1. രാജ്യത്താകമാനമുള്ള കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രോഷത്തില്‍ ഇന്നലെ രാജ്യസഭ സ്തംഭിച്ചു. കര്‍ഷക ആത്മഹത്യക്ക് സമാധാനം പറയാന്‍ എല്ലാ മന്ത്രിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന ഇടതുപക്ഷനിലപാടില്‍ സഭ ശബ്ദമുഖരിതമായി. ഒടുവില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ ഒടുവില്‍ കേന്ദ്രം എത്തിച്ചേര്‍ന്നു.

    ReplyDelete