Tuesday, December 20, 2011

സഭയെ പ്രക്ഷുബ്ധമാക്കി ഗീതയും ഗംഗയും മുല്ലപ്പെരിയാറും

റഷ്യയില്‍ ഭഗവദ്ഗീത നിരോധനഭീഷണി നേരിടുന്നതായി ആരോപിച്ച് ലോക്സഭയില്‍ ബഹളം. ശൂന്യവേളയില്‍ ബിജെഡിയിലെ ഭര്‍തൃഹരി മഹ്താബ് ആണ് റഷ്യയില്‍ ഇസ്കോണ്‍ സ്ഥാപകനായ ഭക്തിവേദാന്ത സ്വാമി റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഗീതയ്ക്കെതിരെ പ്രവിശ്യകോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചത്. ഒരു വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ടാണ് ഭര്‍തൃഹരി ആരോപണത്തിന് പിന്‍ബലമായി അവതരിപ്പിച്ചത്. ഇത് ബിജെപി, ശിവസേന അംഗങ്ങളും ലാലുപ്രസാദ്യാദവും ഏറ്റുപിടിക്കുകയായിരുന്നു. ശാന്തരാകാന്‍ അംഗങ്ങളോട് സ്പീക്കര്‍ മീരാകുമാര്‍ പലകുറി അഭ്യര്‍ഥിച്ചെങ്കിലും ബഹളം തുടര്‍ന്നു. ഇതിനിടെ സിപിഐ എമ്മിലെ എം ബി രാജേഷും പി കെ ബിജുവും ചിദംബരത്തിന്റെ കേരളവിരുദ്ധപ്രസംഗത്തിനെതിരെ രംഗത്തുവന്നു. ചിദംബരത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നടുത്തളത്തിലേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ പിന്തിരിപ്പിച്ചു. കേന്ദ്ര ക്യാബിനറ്റിലിരുന്ന് ചിദംബരം പക്ഷപാതപരമായി പ്രസ്താവനയിറക്കിയത് നിരുത്തരവാദപരമാണെന്ന് അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള പല യുഡിഎഫ് അംഗങ്ങളും സഭയിലുണ്ടായിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

ഗീത നിരോധിക്കാനുള്ള നീക്കത്തിനെതിരെയും ചിദംബരത്തിനെതിരെ നടപടിയാവശ്യപ്പെട്ടും ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാനടപടികള്‍ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചു. തുടര്‍ന്നും ഗീതയെ ചൊല്ലി ബഹളമുണ്ടായതിനാല്‍ നാല് മണിവരെ നിര്‍ത്തിവച്ചു. ഗീത നിരോധിക്കാനുള്ള ശ്രമത്തിനെതിരെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഇടപെടണമെന്നും അവിടത്തെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്നുമായിരുന്നു അംഗങ്ങളുടെ ആവശ്യം. നാലുമണിക്ക് ചേര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കിയതോടെ ബഹളം അവസാനിച്ചു. തുടര്‍ന്ന് ഗംഗാനദിയും ഹിമാലയവും നേരിടുന്ന ഭീഷണിയെകുറിച്ച് റൂള്‍ 193 പ്രകാരം ചര്‍ച്ച നടന്നു. കുന്‍വാര്‍ രേവതിരമണ്‍സിങ്ങും ശരത്യാദവും നല്‍കിയ നോട്ടീസ് പ്രകാരമായിരുന്നു ചര്‍ച്ച. ചര്‍ച്ച ഗംഗയെ കുറിച്ചായിരുന്നെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള അംഗങ്ങള്‍ ചര്‍ച്ചയെ മുല്ലപ്പെരിയാറിലേക്ക് വലിച്ചിഴച്ചത് ഒച്ചപ്പാടിനിടയാക്കി. സിപിഐ അംഗം ലിംഗവും വിസികെ അംഗം തിരുമാവളവനുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളം അനാവശ്യ ബഹളമുണ്ടാക്കുന്നുവെന്നാരോപിച്ചത്. നദികള്‍ ദേശസാല്‍ക്കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സിബിഐ ഇല്ല, പ്രത്യേക അന്വേഷണവിഭാഗം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാനുള്ള മന്ത്രിസഭായോഗം തിങ്കളാഴ്ച ചേര്‍ന്നില്ല. ബില്ലിന് അന്തിമരൂപം നല്‍കാനുള്ള ചുമതല മൂന്ന് ക്യാബിനറ്റ് മന്ത്രിമാരെ ഏല്‍പ്പിച്ചു. ഇവര്‍ തിങ്കളാഴ്ച രാത്രി അത് പൂര്‍ത്തിയാക്കിയെന്നറിയുന്നു. സിബിഐയെ ലോക്പാലിന്റെ ഭാഗമാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് മുതിര്‍ന്ന മന്ത്രിമാര്‍ ധാരണയായിട്ടുള്ളത്. ലോക്പാലിനു കീഴില്‍ പ്രത്യേക അന്വേഷണ സംവിധാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഭിഭാഷകര്‍ കൂടിയായ പി ചിദംബരം, കപില്‍സിബല്‍ , സല്‍മാന്‍ ഖുര്‍ഷിദ് എന്നവരാണ് ബില്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയത്. ഇവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള ബില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും. ലോക്പാലിനെ സഹായിക്കാനെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റു രണ്ടു ബില്‍ കൂടി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പൗരാവകാശ രേഖ, വിസില്‍ബ്ലോവര്‍ ബില്ലുകളാണ് അവതരിപ്പിക്കുക.

ലോക്പാലിന് പുറത്ത് ഇവ മറ്റൊരു സംവിധാനമാകുന്നത് അണ്ണ ഹസാരെ ശക്തമായി എതിര്‍ത്തിരുന്നു. ലോക്പാല്‍ ബില്‍ ഏതുവിധത്തില്‍ അവതരിപ്പിച്ച് പാസാക്കിയാലും അതിന്റെ നേട്ടം അണ്ണ ഹസാരെ സംഘത്തിനു പോകുമെന്ന കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ്വിജയ്സിങ്ങിന്റെ വാദമാണ് സര്‍ക്കാരിനെ കുഴക്കിയിരിക്കുന്നത്. ഹസാരെ സംഘം പറയുന്ന തീയതിക്ക് ബില്‍ പാസാക്കി നല്‍കേണ്ടതില്ലെന്ന ദിഗ്വിജയ് അനുകൂലികളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ബില്ലിനെ കുറിച്ചുള്ള അന്തിമ തീരുമാനവും മന്ത്രിസഭാ അംഗീകാരവും വൈകുന്നത്. 27 മുതല്‍ ഹസാരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക്പാല്‍ ബില്ലിന് ചില കടലാസുപണികള്‍ കൂടി ബാക്കിയുണ്ടെന്നും ചൊവ്വാഴ്ച അത് പൂര്‍ത്തിയാകുമെന്നും നിയമമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് പറഞ്ഞു. അന്തിമരൂപം പാര്‍ലമെന്റാണ് നല്‍കേണ്ടത്. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. സിബിഐയുടെ അഴിമതിയന്വേഷണവിഭാഗം ലോക്പാലിന് കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഇനിയും പരിഹരിക്കപ്പെടാതെ നില്‍ക്കുന്നത്. സിബിഐ ഡയറക്ടര്‍ പ്രധാനമന്ത്രിയെ കണ്ട് ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിബിഐയുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കരുതെന്ന അഭിപ്രായമാണ് പ്രതിപക്ഷ പാര്‍ടികള്‍ക്കുള്ളത്. അതേസമയം, ലോക്പാല്‍ പോലെ ഭരണഘടനാപദവിയുള്ള ഓംബുഡ്സ്മാന്‍ സംവിധാനത്തിന് അന്വേഷണവിഭാഗമില്ലെങ്കില്‍ പോസ്റ്റോഫീസിന്റെ വിലയേ ഉണ്ടാകൂവെന്ന അണ്ണ ഹസാരെയുടെ വാദത്തില്‍ പ്രസക്തിയുണ്ടെന്ന് വാദിക്കുന്നവരും സര്‍ക്കാരിലുണ്ട്. ലോക്പാലിന് പ്രത്യേക അന്വേഷണസംവിധാനമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന മാര്‍ഗം. പരാതിയിന്മേല്‍ പ്രത്യേക അന്വേഷണവിഭാഗം ആദ്യം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം സിബിഐ ഏല്‍പ്പിക്കും. സിബിഐ ആവശ്യമെങ്കില്‍ വീണ്ടും അന്വേഷിച്ച് ലോക്പാലിന് അന്തിമറിപ്പോര്‍ട്ട് നല്‍കും. അധിക ചെലവും സമയവുമെടുക്കുന്ന നടപടികളാണ് ഇവയെങ്കിലും സിബിഐയുടെ സ്വതന്ത്ര നിലനില്‍പ്പിന് കോട്ടംതട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.
(ദിനേശ്വര്‍മ)

deshabhimani 201211

No comments:

Post a Comment