Tuesday, December 20, 2011

കരളുറപ്പുള്ള "പ്രിയ നേതാവ്"


അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തെ കരളുറപ്പോടെ പ്രതിരോധിച്ച രാഷ്ട്രനേതാവെന്ന നിലയ്ക്കാകും കിം ജോങ് ഇല്ലിനെ ചരിത്രം അടയാളപ്പെടുത്തുക. ആഗോളവല്‍ക്കരണകാലത്തെ ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലും ഉത്തരകൊറിയ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ നിന്നത് ഇല്ലിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം കൊണ്ടുകൂടിയാണ്. കൊറിയന്‍മേഖലയില്‍ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം അമേരിക്കയുടെ കുതന്ത്രങ്ങളാണെന്ന് അദ്ദേഹം പലപ്പോഴും തുറന്നടിച്ചു. സാമ്രാജ്യത്വവിരുദ്ധ മുന്നണിയിലെ ചങ്കുറപ്പുള്ള പോരാളികളുടെ ശ്രേണിയിലാണ് ജനാധിപത്യ ജനകീയ കൊറിയന്‍ റിപ്പബ്ലിക്കിന്റെ "പ്രിയ നേതാവി"ന്റെ സ്ഥാനം.

ജപ്പാന്റെ കോളനിയായിരുന്ന കൊറിയയുടെ വിമോചനപേരാട്ടത്തിന്റെ കുന്തമുനയായിരുന്ന കിം ഇല്‍ സുങ്ങിന്റെ മകനായ കിം ജോങ് ഇല്ലിന് ദൃഢമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടായിരുന്നു. റഷ്യയില്‍ കേന്ദ്രീകരിച്ചാണ് വര്‍ഷങ്ങളോളം സുങ് സ്വാതന്ത്ര്യസമരം നയിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ തറപറ്റിയതിനെ തുടര്‍ന്ന് 1945ല്‍ കൊറിയയില്‍ മടങ്ങിയെത്തിയ അദ്ദേഹം രാജ്യത്തെ കമ്യൂണിസ്റ്റ് പാതയിലൂടെ നയിച്ചു. കൊറിയന്‍ വിഭജനത്തെ തുടര്‍ന്ന് ദക്ഷിണകൊറിയ അമേരിക്കന്‍ ചേരിയിലേക്ക് നീങ്ങിയെങ്കിലും ഉത്തരകൊറിയ സോവിയറ്റ് യൂണിയന്‍ പക്ഷത്ത് ഉറച്ചുനിന്നു. 1948ല്‍ കിം ഇല്‍ സുങ് ഉത്തരകൊറിയയുടെ സമുന്നതനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ വളര്‍ന്ന ഇല്ലിന്റെ പ്രവര്‍ത്തനം കൊറിയന്‍ വിപ്ലവപാതയില്‍ അടിയുറച്ചതായി. 1942 ഫെബ്രുവരി 16നാണ് കിം ജോങ് ഇല്‍ ജനിച്ചത്. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1964ലാണ് വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. 1974ല്‍ പാര്‍ടി പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ അദ്ദേഹം 1980 ഒക്ടോബര്‍ മുതല്‍ കേന്ദ്ര സൈനിക കമീഷനിലും അംഗമായി. കിം ഇല്‍ സുങ്ങിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കിം ജോങ് ഇല്ലിന് മുപ്പത്തിമൂന്ന് വയസ്സായിരുന്നു. തുടര്‍ന്ന് ഇരുപത് വര്‍ഷം നീണ്ട പ്രവര്‍ത്തനാനുഭവത്തിനുശേഷമാണ് 1994ല്‍ സുങ് അന്തരിച്ചതിനെ തുടര്‍ന്ന് ഇല്‍ അധികാരമേല്‍ക്കുന്നത്.

സ്വാശ്രയത്തില്‍ അടിയുറച്ച കര്‍മപരിപാടികളും നിലപാടുകളുമാണ് അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കു നടുവിലും ഉത്തരകൊറിയയെ ഉലയാതെ പിടിച്ചുനിര്‍ത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. എന്നും അമേരിക്കയുടെ പ്രഖ്യാപിതശത്രുവായിരുന്നു കിം ജോങ് ഇല്‍ . ഇറാനും ഇറാഖും ഉത്തരകൊറിയയും "തിന്മയുടെ അച്ചുതണ്ടാ"ണെന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ആക്ഷേപിച്ചിരുന്നു. ആണവായുധനിര്‍മാണത്തിനായി സ്വന്തം ജനങ്ങളെ ഇല്‍ പട്ടിണിക്കിടുകയാണെന്നും ബുഷ് ആരോപിച്ചു. ഈ വാചകക്കസര്‍ത്തുകള്‍ക്കെല്ലാം സ്വന്തം പ്രവൃത്തിയിലൂടെ മറുപടി നല്‍കാന്‍ ഇല്ലിന് കഴിഞ്ഞു.

1990കളിലുണ്ടായ പ്രളയത്തില്‍ കൃഷിഭൂമിയുടെ ഭൂരിപക്ഷവും വെള്ളത്തിലായതോടെ വന്‍ ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യംനീങ്ങിയപ്പോഴും പ്രതിസന്ധിയില്‍നിന്ന് ജനതയെ കരകയറ്റാന്‍ ഇല്ലിന്റെ നേതൃപാടവത്തിനായി. 2006ലും 2009ലും വിജയകരമായി നടത്തിയ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ശക്തമാക്കിയതോടെ ഉത്തരകൊറിയ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി. ഭക്ഷ്യവസ്തുക്കളോ മരുന്നോ പോലും പ്യോങ്യാങ്ങിലേക്ക് അയക്കുന്നത് അമേരിക്കന്‍ ചേരി വിലക്കി. ഈ സാഹചര്യത്തിലും ഉത്തരകൊറിയ പിടിച്ചുനില്‍ക്കുന്നത് പ്രിയനേതാവിന്റെ നേതൃപാടവത്തിന് തെളിവാണ്.

സമര്‍ഥനും ഉത്സാഹിയും വാഗ്മിയുമായ നേതാവായിരുന്നു കിം ജോങ് ഇല്‍ എന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍പോലും സമ്മതിക്കും. ഇല്ലുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെക്കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം മാറ്റിമറിച്ചെന്ന് ഒരിക്കല്‍ വെളിപ്പെടുത്തിയത് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മദെലെയ്ന്‍ ആള്‍ബ്രൈറ്റാണ്. അറിവും ബുദ്ധിയുമുള്ള നേതാവാണ് അദ്ദേഹമെന്നായിരുന്നു ആള്‍ബ്രൈറ്റിന്റെ പ്രതികരണം. ഏറെ പ്രത്യേകതകളുള്ള നേതാവായിരുന്നു കിം ജോങ് ഇല്‍ . ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തിന് സിനിമയും ബാസ്കറ്റ്ബോളും ഏറെ ഇഷ്ടമായിരുന്നു. ചരിത്രപശ്ചാത്തലവും കമ്യൂണിസ്റ്റ് ആശയഗതിയുമുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ചുരുക്കം വിദേശയാത്രകള്‍ മാത്രമാണ് കിം ജോങ് ഇല്‍ നടത്തിയിട്ടുള്ളത്. വിമാനത്തില്‍ സഞ്ചരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ട്രെയിനിലായിരുന്നു യാത്രകള്‍ . റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്കുവരെ അദ്ദേഹം ഒരിക്കല്‍ ട്രെയിനില്‍ സഞ്ചരിച്ചു. 2001 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇല്‍ റഷ്യയിലൂടെ നടത്തിയ ട്രെയിന്‍ യാത്രയെക്കുറിച്ച് മുന്‍ റഷ്യന്‍ നയതന്ത്രജ്ഞന്‍ കോണ്‍സ്റ്റാന്റിന്‍ പുലികോവ്സ്കി "ദ ഓറിയന്റ് എക്സ്പ്രസ്" എന്നപേരില്‍ പുസ്തകമെഴുതി.

വിജേഷ് ചൂടല്‍ deshabhimani 201211

1 comment:

  1. അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തെ കരളുറപ്പോടെ പ്രതിരോധിച്ച രാഷ്ട്രനേതാവെന്ന നിലയ്ക്കാകും കിം ജോങ് ഇല്ലിനെ ചരിത്രം അടയാളപ്പെടുത്തുക. ആഗോളവല്‍ക്കരണകാലത്തെ ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലും ഉത്തരകൊറിയ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ നിന്നത് ഇല്ലിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം കൊണ്ടുകൂടിയാണ്. കൊറിയന്‍മേഖലയില്‍ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം അമേരിക്കയുടെ കുതന്ത്രങ്ങളാണെന്ന് അദ്ദേഹം പലപ്പോഴും തുറന്നടിച്ചു. സാമ്രാജ്യത്വവിരുദ്ധ മുന്നണിയിലെ ചങ്കുറപ്പുള്ള പോരാളികളുടെ ശ്രേണിയിലാണ് ജനാധിപത്യ ജനകീയ കൊറിയന്‍ റിപ്പബ്ലിക്കിന്റെ "പ്രിയ നേതാവി"ന്റെ സ്ഥാനം.

    ReplyDelete