ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ കേന്ദ്ര സൈനിക കമീഷന്റെ ഉപാധ്യക്ഷനും രാജ്യത്തിന്റെ പുതിയ ഭരണനായകനുമായ കിം ജോങ് ഇന്‍ , മറ്റ് മുതിര്‍ന്ന നേതാക്കള്‍ , സര്‍ക്കാരിലെ പ്രമുഖര്‍ , സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പാലസിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ദുഃഖാര്‍ത്തരായ ജനങ്ങളും ഇവിടേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. കിം ഇല്‍ സുങ് ചത്വരത്തിലും ഏപ്രില്‍ 25 സാംസ്കാരികഭവനം, പ്യോങ്യാങ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും ഇല്ലിന്റെ ദീര്‍ഘകായ ചിത്രങ്ങള്‍ക്ക് മുന്നില്‍ ജനങ്ങള്‍ കണ്ണീരോടെ വണങ്ങി. മധ്യ പ്യോങ്യാങ്ങിലെ മന്‍സു കുന്നിലും കിം ഇല്‍ സുങ് സര്‍വകലാശാലയിലും രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുങ്ങിന്റെ പ്രതിമയ്ക്ക് മുന്നിലും നിരവധിയാളുകള്‍ എത്തി ആദരവര്‍പ്പിച്ചു. 11 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവേളയില്‍ രാജ്യത്തെ സൈനികകേന്ദ്രങ്ങളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും വ്യവസായശാലകളിലും കൃഷിയിടങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലുമെല്ലാം ദേശീയപതാക താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. ശൈത്യകാല അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഉത്തരകൊറിയന്‍ സൈനികര്‍ പ്രിയനായകന്റെ മരണവാര്‍ത്തയറിഞ്ഞ് പരിശീലനം നിര്‍ത്തിവച്ച് ക്യാമ്പുകളിലേക്ക് മടങ്ങി.
ശനിയാഴ്ച തൊഴിലിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ ട്രെയിനില്‍ വച്ചാണ് അറുപത്തൊന്‍പതുകാരനായ കിം ജോങ് ഇല്‍ ഹൃദയാഘാതത്താല്‍ മരിച്ചത്. ദുഖഃസൂചകമായി പ്രതിനിധി സംഘങ്ങളെ അയക്കേണ്ടതില്ലെന്ന് ഉത്തര കൊറിയ മറ്റ് രാജ്യങ്ങളെ അറിയിച്ചതിനാല്‍ പല രാജ്യങ്ങളിലും കൊറിയന്‍ എംബസികളിലാണ് പ്രണാമമര്‍പ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ ബീജിങ്ങിലെ കൊറിയന്‍ എംബസിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിക്ക് അനുശോചന സന്ദേശവും അയച്ചു. ഇല്ലിന്റെ മരണത്തില്‍ അനുശോചിച്ച് ക്യൂബയില്‍ മൂന്നു ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അനുശോചനം രേഖപ്പെടുത്തി.
സോഷ്യലിസത്തില്‍ അടിയുറച്ചുനിന്ന നേതാവ്: സിപിഐ എം
ന്യൂഡല്‍ഹി: ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ടി ഓഫ് കൊറിയയുടെ പ്രസിഡന്റും വര്‍ക്കേഴ്സ് പാര്‍ടി ഓഫ് കൊറിയയുടെ ജനറല്‍ സെക്രട്ടറിയുമായ കിം ജോങ് ഇല്ലിന്റെ നിര്യാണത്തില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ലോകചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലാണ് കിം ജോങ് ഇല്‍ ഉത്തര കൊറിയയെ നയിച്ചതെന്ന് സിപിഐ എം അനുസ്മരിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഉത്തര കൊറിയക്ക് ഏല്‍പ്പിച്ചത്. അവസാനംവരെ മാര്‍ക്സിസം -ലെനിനിസത്തിനും സോഷ്യലിസത്തിനുംവേണ്ടി നിലകൊണ്ട നേതാവാണ് കിം ജോങ് ഇല്‍ . മാര്‍ക്സിസം ലെനിനിസത്തിലും സോഷ്യലിസത്തിലും ഉറച്ചു നില്‍ക്കുക എന്നതാണ് അന്തരിച്ച നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള യഥാര്‍ഥ വഴിയെന്നും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 211211
പോങ്ങ്യ്യാങ്: ഉത്തരകൊറിയുടെ രാജ്യത്തലവനായിരുന്ന കിം ജോങ് ഇല്ലിന് ജനതയുടെ അന്ത്യാഭിവാദ്യം. പതിനായിരങ്ങള്‍ അണിനിരന്ന സംസ്കാരചടങ്ങിന് രാജ്യത്തെ സേനാവിഭാഗങ്ങള്‍ നേതൃത്വം നല്‍കി. ഇല്ലിന്റെ മരണത്തെത്തുടര്‍ന്ന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കിമിന്റെ മകന്‍ കിം ജോങ് ഉന്‍ , കുടുംബാംഗങ്ങള്‍ , മന്ത്രിമാര്‍ , ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങി വലിയ നിരയുടെ അകമ്പടിയോടെയാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്നത്. ചുവന്ന കൊടി പുതപ്പിച്ച ഔദ്യോഗികവാഹനത്തിനുള്ളിലായിരുന്നു കിമ്മിന്റെ ശരീരം. വലിയചിത്രം പതിച്ച അകമ്പടിവാഹനത്തിനു പിന്നാലെ സൈനികവാഹനങ്ങള്‍ നീങ്ങി.
ReplyDeleteകനത്ത സുരക്ഷാവലയവും ഒരുക്കിയിരുന്നു. വഴിനീളെ ആയിരക്കണക്കിന് ജനങ്ങള്‍ നിലവിളിയോടെ അനുഗമിച്ചു. കനത്ത മഞ്ഞുവീഴ്ചക്കിടെ കുട്ടികളും സ്ത്രീകളും കറുത്ത വസ്ത്രമണിഞ്ഞ് വിലാപയാത്രയെ കാത്തുനിന്നു. സംസ്കാരം റിപ്പോര്‍ട്ടുചെയ്യുന്നതിന് ദേശീയമാധ്യമങ്ങള്‍ക്കുമാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. പാശ്ചാത്യമാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.