Wednesday, December 21, 2011

ജനസമ്പര്‍ക്കം പൊടിപൊടിക്കുന്നു; പെന്‍ഷന്‍ കിട്ടാതെ കര്‍ഷകത്തൊഴിലാളികള്‍

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം ജില്ലതോറും പൊടിപൊടിക്കുമ്പോള്‍ സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം കര്‍ഷകത്തൊഴിലാളികള്‍ പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തില്‍ . ഈ ക്രിസ്മസ് ഇവര്‍ക്ക് പട്ടിണിയുടേതാകും. സര്‍ക്കാര്‍ സഹായങ്ങള്‍ ജനങ്ങള്‍ക്ക് വൈകുന്നത് ഒഴിവാക്കാനാണ് ജനസമ്പര്‍ക്ക പരിപാടിയെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോഴാണ് ഈ വൈരുധ്യം.

കഴിഞ്ഞ ഓണത്തിനും പെന്‍ഷന്‍ വിതരണം ചെയ്യാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഓണം കഴിഞ്ഞ് സെപ്തംബറില്‍ പെന്‍ഷന്‍ വിതരണം ചെയ്തു. പ്രധാന ഉത്സവദിനങ്ങള്‍ വരുമ്പോള്‍ പെന്‍ഷന്‍തുക മുടങ്ങാതെ വിതരണം ചെയ്യുമെന്ന് അന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതും വീണ്‍വാക്കായി. ജനസമ്പര്‍ക്കപരിപാടിക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിക്കുമ്പോഴാണ് കര്‍ഷകത്തൊഴിലാളികള്‍ ക്രിസ്മസിന് പട്ടിണിയിലാവുന്നത്.

നാനൂറു രൂപയാണ് പ്രതിമാസ പെന്‍ഷന്‍ . ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നുമാസത്തെ 1,200 രൂപയാണ് കുടിശികയുള്ളത്. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും ജില്ലാ ലേബര്‍ ഓഫീസുകള്‍ വഴി പഞ്ചായത്തുകളിലേക്ക് നല്‍കിയാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷനുള്ള പണം ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഇതുവരെയും കൈമാറിയിട്ടില്ല. ഇനി കൈമാറിയാലും ക്രിസ്മസിന് മുന്‍പ് വിതരണം ചെയ്യാന്‍ കഴിയില്ല. 130 രൂപയായിരുന്ന കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് നാനൂറു രൂപയാക്കി വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് 5,45,644 പേരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നത്. ഇവര്‍ക്ക് മൂന്നുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടത് 65,47,72,800 രൂപയാണ്. ജനസമ്പര്‍ക്ക പരിപാടിയുടെ ഒരു പന്തലിടാന്‍ വേണ്ടി മാത്രം 35 ലക്ഷത്തോളം രൂപ പൊടിക്കുമ്പോഴാണ് കര്‍ഷകത്തൊഴിലാളികളോട് ഈ അവഗണന. കോട്ടയം ജില്ലയില്‍മാത്രം 34,038 പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടാനുള്ളത്.

deshabhimani 211211

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം ജില്ലതോറും പൊടിപൊടിക്കുമ്പോള്‍ സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം കര്‍ഷകത്തൊഴിലാളികള്‍ പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തില്‍ . ഈ ക്രിസ്മസ് ഇവര്‍ക്ക് പട്ടിണിയുടേതാകും. സര്‍ക്കാര്‍ സഹായങ്ങള്‍ ജനങ്ങള്‍ക്ക് വൈകുന്നത് ഒഴിവാക്കാനാണ് ജനസമ്പര്‍ക്ക പരിപാടിയെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോഴാണ് ഈ വൈരുധ്യം.

    ReplyDelete