Saturday, December 17, 2011

നവലിബറല്‍ നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുക

ബഹുജന പ്രകടനത്തോടെ ഇന്ന് സമാപനം

മുക്കം: ബഹുജനപ്രകടനത്തോടെ സിപിഐ എം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച സമാപനമാകും. മലയോര മേഖലയില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റത്തിന്റെ വിളംബരമാകും വൈകിട്ട് നടക്കുന്ന പ്രകടനം. മലയോരത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നല്‍കിയതിലൂടെ സമീപകാലത്ത് പുതിയ ജനവിഭാഗങ്ങളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനായിട്ടുണ്ട്. സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാട് അംഗീകരിച്ച് പുതുതായി കൊടിക്കീഴിലേക്ക്വന്നവരും ജില്ലാസമ്മേളനറാലിക്കെത്തും. ഒരുമാസത്തിലധികമായി സമ്മേളന സന്ദേശമറിയിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ആവേശവും അലയടിക്കും.

നാല് സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാകും റാലി. കോടഞ്ചേരി ഈസ്റ്റ്, വെസ്റ്റ്, പുല്ലൂരാമ്പാറ, തിരുവമ്പാടി ലോക്കലുകള്‍ അഗസ്ത്യന്‍മൂഴി -തൊണ്ടിമ്മല്‍ റോഡിലും മുക്കം സൗത്ത് വെസ്റ്റ് മാമ്പറ്റയിലും കേന്ദ്രീകരിക്കും. കാരശ്ശേരി നോര്‍ത്ത്, കൂടരഞ്ഞി ലോക്കലിലെ പ്രവര്‍ത്തകര്‍ മുക്കം വെന്റ്പൈപ്പ് പാലത്തിലും കൊടിയത്തൂര്‍ , കാരശ്ശേരി സൗത്ത് ലോക്കലുകള്‍ നോര്‍ത്ത് കാരശ്ശേരിയിലും കേന്ദ്രീകരിക്കും. പൊതുസമ്മേളനം മുക്കം- അരീക്കോട് റോഡിലെ കെ കെ ഉണ്ണിക്കുട്ടി നഗറിലാണ്. പൊതുസമ്മേളനാനന്തരം നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ സുവര്‍ണഗീതം അരങ്ങേറും. വ്യാഴാഴ്ചയാണ് മൂന്നുദിവസത്തെ സമ്മേളനം ആരംഭിച്ചത്. 15 ഏരിയകളില്‍നിന്ന് തെരഞ്ഞെടുത്ത 303 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.


നവലിബറല്‍ നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുക

മുക്കം: വിലക്കയറ്റം സൃഷ്ടിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരരംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായംതകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് നിത്യോപയോഗ സാധന വിലക്കയറ്റത്തിന് കാരണം. അവശ്യസാധന നിയമം എടുത്ത് കളഞ്ഞതും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാവശ്യമായ രീതിയില്‍ അവധി വ്യാപാരം നടപ്പിലാക്കിയതും വിലക്കയറ്റം നിയന്ത്രണാതീതമാക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കുകവഴി അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധനവിനിടയാക്കി. പൊതുവിതരണം ശക്തിപ്പെടുത്താനും, അവധി വ്യാപാരം എടുത്തുകളയാനും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാരിലേക്ക് തിരിച്ചുകൊണ്ടുവരാനും ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണം.

ഇടതുപക്ഷ സര്‍ക്കാര്‍ പൊതുവിതരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍നിന്നും വലിയ ആശ്വാസമേകിയിരുന്നു. എന്നാല്‍ യുഡിഎഫ് കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ഇത് തിരുത്തണമെന്നും പി കെ ദിവാകരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. ഇ കെ നാരായണന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മലബാറിന്റെ ആകാശസ്വപ്നമായ വിമാനത്താവളത്തിന്റെ വികസനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാട്ടുന്ന അലസ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു.

തീര മേഖലയിലെ പ്രശ്നങ്ങള്‍ : സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം

മുക്കം: തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റമറ്റതാക്കിയിരുന്നു. തീരദേശത്തെ ആയിരങ്ങളുടെ ജീവിതത്തെ വറുതിയുടെ കടലില്‍നിന്ന് ആശ്വാസത്തിന്റെ തീരത്തെത്തിക്കാനുള്ള നിരവധി ക്ഷേമപദ്ധതികള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. എന്നാല്‍ ഇന്ന് പെന്‍ഷന്‍ പദ്ധതിവരെ അവതാളത്തിലാണ്. അഴിയൂര്‍ മുതല്‍ ബേപ്പൂര്‍വരെ 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ജില്ലയുടെ തീരദേശം. രണ്ട്ലക്ഷത്തിലധികം പേര്‍ മത്സ്യബന്ധനത്തിലും അനുബന്ധതൊഴിലുകളിലും ഏര്‍പ്പെടുന്നവരാണ്. 10 വര്‍ഷംകൊണ്ട് മത്സ്യബന്ധന യാനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. എന്നാല്‍ മത്സ്യബന്ധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആനുപാതികമായി വര്‍ധിച്ചിട്ടില്ല. അതുകൊണ്ട് ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. പുതിയാപ്പ- ചോമ്പാല -കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറുകളുടെ വികസനം പൂര്‍ണതയിലെത്തിക്കണം.

വെള്ളയില്‍ മിനി ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വിലയിരുത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ഇതൊഴിവാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ തുക വകയിരുത്തി ഉടനെ നിര്‍മാണമാരംഭിക്കണം. തിക്കോടി ഫിഷ്ലാന്റിങ് സെന്ററും വിപുലപ്പെടുത്തണം. കോരപ്പുഴ, പയ്യോളി, മൂരാട് പുലിമൂട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃകാ മത്സ്യ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പള്ളിക്കണ്ടി, എലത്തൂര്‍ ഗ്രാമങ്ങള്‍ യുഡിഎഫ് ഒഴിവാക്കത് പുനഃപരിശോധിക്കണം. മറ്റ് പ്രദേശങ്ങളെ തീരദേശവുമായി കൂടുതല്‍ ബന്ധിപ്പിക്കാനും മത്സ്യബന്ധനം സുഗമമാക്കാനും ആവശ്യമായ തീരദേശ റോഡ് നിര്‍മാണവും ത്വരിതപ്പെടുത്തണം. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ കടല്‍ഭഭിത്തികെട്ടി സംരക്ഷിക്കാനും തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തീരസംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും എ പ്രദീപ്കുമാര്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സൗജന്യ വൈദ്യുതി കണക്ഷന്‍ നിഷേധിക്കുന്ന തീരുമാനം പിന്‍വലിക്കണം

മുക്കം: സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണമടക്കമുള്ള ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളെ ചെറുക്കുന്നതിന് ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു.
വൈദ്യുതി മേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ . ജില്ലയിലെ കോഴിക്കോട് ഒന്ന്, രണ്ട്, ബേപ്പൂര്‍ , പേരാമ്പ്ര, മേപ്പയ്യൂര്‍ , കൊയിലാണ്ടി മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണം നേടി. തിരുവമ്പാടി അടക്കമുള്ള മലയോര മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിക്കുകയുമുണ്ടായി. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒക്ടോബര്‍ 26ന് വൈദ്യുതി ബോര്‍ഡ് സൗജന്യ കണക്ഷനുകള്‍ നിര്‍ത്താനിറക്കിയ ഉത്തരവോടെ ഈ പ്രവര്‍ത്തനങ്ങളാകെ നിലച്ചിരിക്കയാണ്. കേരളം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യവുമായി ഇടതുപക്ഷ ഭരണത്തില്‍ മുന്നേറിയ നേട്ടങ്ങളെയൊക്കെ തകര്‍ക്കുന്ന സമീപനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത് പുനഃപരിശോധിച്ച് സാധാരണക്കാരന് വൈദ്യുതിവെളിച്ചം ലഭ്യമാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി വിശ്വന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ത്വരിതമാക്കി അടിയന്തരമായി കമീഷന്‍ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഇന്ന് ഇഴഞ്ഞുനീങ്ങുകയാണ്. പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനും ശുദ്ധജലമെത്തിക്കാനും ത്വരിതനടപടി സ്വീകരിക്കണമെന്ന് എം രാധാകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഉത്സവമായി "കാഴ്ച" സമാപിച്ചു


മുക്കം: സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒരാഴ്ചയായി മുക്കം ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തിയ ആരോഗ്യ-വിദ്യാഭ്യാസ-വ്യാവസായിക-കാര്‍ഷിക പ്രദര്‍ശനം "കാഴ്ച 2011" സമാപിച്ചു. കാഴ്ചയുടെ സമാപനച്ചടങ്ങ് പ്രസിദ്ധ സിനിമാതാരം ഇന്ദ്രന്‍സ് ഉദ്ഘാടനംചെയ്തു. പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ വി കെ വിനോദ് അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, വളപ്പില്‍ ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി രാജന്‍ സ്വാഗതവും സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ സുന്ദരന്‍ നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ അരലക്ഷത്തിലധികം പേരാണ് പ്രദര്‍ശന നഗരിയിലെത്തിയത്. സംഘാടകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച ജനപങ്കാളിത്തമാണ് പ്രദര്‍ശനത്തിനുണ്ടായത്. കോഴിക്കോട് മെഡിക്കല്‍കോളേജിന്റെയും കെഎംസിടി മെഡിക്കല്‍കോളേജിന്റെയും പവലിയനുകളിലാണ് ഏറെ തിരക്ക് അനുഭവപ്പെട്ടത്. പ്രദര്‍ശനത്തോടനുബന്ധിച്ച് ദിവസവും ഒരുക്കിയ കലാപരിപാടികളും പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി.

deshabhimani 171211

1 comment:

  1. വിലക്കയറ്റം സൃഷ്ടിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരരംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായംതകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് നിത്യോപയോഗ സാധന വിലക്കയറ്റത്തിന് കാരണം. അവശ്യസാധന നിയമം എടുത്ത് കളഞ്ഞതും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാവശ്യമായ രീതിയില്‍ അവധി വ്യാപാരം നടപ്പിലാക്കിയതും വിലക്കയറ്റം നിയന്ത്രണാതീതമാക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കുകവഴി അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധനവിനിടയാക്കി. പൊതുവിതരണം ശക്തിപ്പെടുത്താനും, അവധി വ്യാപാരം എടുത്തുകളയാനും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാരിലേക്ക് തിരിച്ചുകൊണ്ടുവരാനും ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണം.

    ReplyDelete