Sunday, December 18, 2011

മേളയുടെ നിറം കെടുത്തിയത് മന്ത്രിയുടെ ധാര്‍ഷ്ട്യം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ നിറം കെടുത്തിയത് സംഘാടനത്തിലെ പിഴവും സിനിമാമന്ത്രിയുടെ ധാര്‍ഷ്ട്യവും. അനവസരത്തിലുള്ള ഇടപെടലും വിവാദ പ്രസ്താവനകളുംകൊണ്ട് മന്ത്രി ഗണേശ് കുമാര്‍ മേള അലങ്കോലമാക്കി. നവാഗത സംവിധായകന്‍ ഷെറിയുടെ "ആദിമധ്യാന്തം" മേളയില്‍നിന്ന് തിരക്കിട്ട് ഒഴിവാക്കിയതുമുതല്‍ കൂവുന്നവര്‍ക്ക് പാസില്ലെന്ന് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതുവരെ മന്ത്രിയുടെ ധാര്‍ഷ്ട്യം നീണ്ടു. പ്രതിനിധികള്‍ സെന്‍സര്‍ചെയ്യാത്ത ചിത്രം കാണാനെത്തിയവരാണെന്ന് വിളിച്ചുകൂവി മന്ത്രി മേളയെ അപമാനിക്കുകയുംചെയ്തു. ചെയ്യേണ്ട ജോലി ചെയ്യാതെ എല്ലാം ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള മന്ത്രിയുടെ വാചകക്കസര്‍ത്തിന് ആരും വിലകല്‍പ്പിച്ചില്ല.

സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച "ആദിമധ്യാന്ത"ത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അഭിപ്രായം പറയുന്നതിനുമുമ്പ് മന്ത്രി എടുത്തുചാടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആദ്യം വായില്‍നിന്ന് വീണ അബദ്ധം ന്യായീകരിക്കാനായുള്ള ശ്രമമായിരുന്നു പിന്നീട്. അവാര്‍ഡിന് അയച്ച സെന്‍സര്‍ചെയ്യാത്ത സിനിമ പകര്‍പ്പവകാശനിയമത്തിനു വിരുദ്ധമായി മന്ത്രി പരസ്യമായി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ചിത്രം തള്ളാനുള്ള മന്ത്രിയുടെ തീരുമാനം അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് നടപ്പാക്കേണ്ടി വരികയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ സിനിമ അപൂര്‍ണമെന്ന് അക്കാദമി നിലപാടെടുത്തില്ല. സബ്ടൈറ്റില്‍ ഇല്ലെന്നുമാത്രമായിരുന്നു പരാതി. സബ്ടൈറ്റില്‍ ചെയ്യേണ്ടത് അക്കാദമിയുടെ ഉത്തരവാദിത്തവുമായിരുന്നു. സംവിധായകന്‍ ഷെറിക്ക് നിരാഹാരമിരിക്കേണ്ടിവന്നതും രാജ്യാന്തരമമേളയുടെ നിറം കെടുത്തി. ഗതികെട്ട് സംഘാടകര്‍ക്ക് "ആദിമധ്യാന്തം" പ്രദര്‍ശിപ്പിക്കേണ്ടി വന്നു

ഗോവന്‍മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ആദാമിന്റെ മകന്‍ അബു അടക്കം രണ്ടു ചിത്രം ഒഴിവാക്കിയതോടെ മത്സരവിഭാഗത്തിലെ മലയാളസാന്നിധ്യം ഇല്ലാതായി. മേള തുടങ്ങി രണ്ടു ദിവസം കഴിഞ്ഞാണ് പ്രതിനിധികള്‍ക്ക് ഷെഡ്യൂളും ഫെസ്റ്റിവല്‍ ബുക്കും ലഭിച്ചത്. ഓണ്‍ലൈന്‍ , എസ്എംഎസ് സീറ്റ് ബുക്കിങ്ങുകള്‍ പാടെ പാളുകയും ചെയ്തു. എന്നിട്ടും ബാല്‍ക്കണി സീറ്റുകള്‍ ചലച്ചിത്രതാരങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്ന് മന്ത്രിയും അക്കാദമി ചെയര്‍മാനും ആവര്‍ത്തിച്ച് പറഞ്ഞു. റിസര്‍വേഷന്‍ നല്‍കിയിട്ടും താരങ്ങളൊന്നും സിനിമ കാണാന്‍ വന്നില്ല. ഓപ്പണ്‍ഫോറത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചവരെ വിരട്ടാനായി ഗുണ്ടകളെ ഏര്‍പ്പാടാക്കിയതും ചോദ്യങ്ങള്‍ ചോദിച്ചവരെ കൈയേറ്റംചെയ്തതും വ്യാപക പ്രതിഷേധമുയര്‍ത്തി.

deshabhimani 181211

1 comment:

  1. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ നിറം കെടുത്തിയത് സംഘാടനത്തിലെ പിഴവും സിനിമാമന്ത്രിയുടെ ധാര്‍ഷ്ട്യവും. അനവസരത്തിലുള്ള ഇടപെടലും വിവാദ പ്രസ്താവനകളുംകൊണ്ട് മന്ത്രി ഗണേശ് കുമാര്‍ മേള അലങ്കോലമാക്കി. നവാഗത സംവിധായകന്‍ ഷെറിയുടെ "ആദിമധ്യാന്തം" മേളയില്‍നിന്ന് തിരക്കിട്ട് ഒഴിവാക്കിയതുമുതല്‍ കൂവുന്നവര്‍ക്ക് പാസില്ലെന്ന് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതുവരെ മന്ത്രിയുടെ ധാര്‍ഷ്ട്യം നീണ്ടു. പ്രതിനിധികള്‍ സെന്‍സര്‍ചെയ്യാത്ത ചിത്രം കാണാനെത്തിയവരാണെന്ന് വിളിച്ചുകൂവി മന്ത്രി മേളയെ അപമാനിക്കുകയുംചെയ്തു. ചെയ്യേണ്ട ജോലി ചെയ്യാതെ എല്ലാം ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള മന്ത്രിയുടെ വാചകക്കസര്‍ത്തിന് ആരും വിലകല്‍പ്പിച്ചില്ല.

    ReplyDelete