Monday, January 2, 2012

വാള്‍സ്ട്രീറ്റില്‍ പ്രക്ഷോഭത്തിന്റെ പുതുപ്പിറവി


ലോകം ആഘോഷലഹരിയുടെ മായാവലയത്തില്‍ പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ വാള്‍സ്ട്രീറ്റില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് ആവേശകരമായ പുതുപ്പിറവി. നേരത്തെ പൊലീസ് ഒഴിപ്പിച്ച ലോവര്‍ മാന്‍ഹട്ടനിലെ സുകോട്ടി പാര്‍ക്ക് പുതുവര്‍ഷരാവില്‍ പ്രക്ഷോഭകര്‍ വീണ്ടും പിടിച്ചെടുത്തു. "എല്ലാ ദിവസവും, എല്ലാ വര്‍ഷവും ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകു"മെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിനെ മറ്റിടങ്ങളിലേക്ക് നിയോഗിച്ച സാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രക്ഷോഭകര്‍ വീണ്ടും പാര്‍ക്ക് പിടിച്ചെടുത്തത്.

പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ തന്ത്രപരമായ നീക്കമാണ് പ്രക്ഷോഭകര്‍ നടത്തിയത്. വൈകിട്ട് ഏഴോടെ ലോക വ്യാപാരകേന്ദ്രത്തിനു സമീപത്തെ പാര്‍ക്കിലേക്ക് എത്തിയ നൂറോളം പ്രക്ഷോഭകര്‍ അവിടെ ചെറിയ തമ്പ് കെട്ടിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്ചെയ്തു. പിന്നീട് കൂടുതല്‍പേര്‍ പാര്‍ക്കിലേക്ക് എത്തിയതോടെയാണ് സംഭവം പൊലീസ് തിരിച്ചറിഞ്ഞത്. പ്രക്ഷോഭകരെ പാര്‍ക്കില്‍ കയറ്റാനാകില്ലെന്നും തമ്പ് കെട്ടുന്നത് നിയമവിരുദ്ധമാണെന്നും പൊലീസ് ശഠിച്ചു. എന്നാല്‍ , പ്രക്ഷോഭകര്‍ പിന്മാറിയില്ല. ബാരിക്കേഡുകള്‍ ചാടിക്കടന്നും പാര്‍ക്കിന്റെ മറ്റ് ഭാഗങ്ങളിലൂടെയും ചിലര്‍ ഉള്ളിലെത്തി. തമ്പ് പൊളിച്ചുമാറ്റിയാല്‍ പ്രക്ഷോഭകരെ കടത്തിവിടാമെന്നായി പൊലീസ്. ഇതിന് പ്രക്ഷോഭകര്‍ വഴങ്ങി. അഞ്ഞൂറിലേറെ കുത്തകവിരുദ്ധ പ്രക്ഷോഭകരാണ് സുകോട്ടിപാര്‍ക്കില്‍ പുതുവര്‍ഷത്തെ വരവേറ്റത്. പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായി ലോകചരിത്രം അടയാളപ്പെടുത്തിയ "ഞങ്ങളാണ് 99 ശതതമാനം" ആറാഴ്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്നുകേട്ടു. "ഇതാരുടെ വര്‍ഷം? ഞങ്ങളുടെ വര്‍ഷം"- ഈ മുദ്രാവാക്യമാണ് ഘടികാരസൂചി 12 പിന്നിട്ടപ്പോള്‍ ഉയര്‍ന്നുകേട്ടത്.

പുലര്‍ച്ചെ ഒന്നരയോടെ പാര്‍ക്കിലേക്ക് കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചു. നിരവധിപേരെ അറസ്റ്റുചെയ്ത് വിലങ്ങുവച്ച് നീക്കി. നഗരത്തിലെ മറ്റ് പാര്‍ക്കുകള്‍ക്ക് മുന്നിലേക്കും പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ പ്രകടനം നടത്തി. 13-ാം സ്ട്രീറ്റിലും സെക്കന്‍ഡ് അവന്യൂവിലും പുലര്‍ച്ചെ മൂന്നിന് നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റുചെയ്തു. അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്പന്നാനുകൂല നയത്തിനും കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കുമെതിരെയാണ് വാള്‍സ്ട്രീറ്റില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭം രൂപംകൊണ്ടത്. സുകോട്ടി പാര്‍ക്ക് കൈയേറി മാസങ്ങള്‍ സമരംചെയ്ത പ്രക്ഷോഭകരെ അര്‍ധരാത്രി പൊലീസ് അതിക്രമത്തിലൂടെയാണ് ആഴ്ചകള്‍ക്കുമുമ്പ് ഒഴിപ്പിച്ചത്.

deshabhimani 020112

1 comment:

  1. ലോകം ആഘോഷലഹരിയുടെ മായാവലയത്തില്‍ പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ വാള്‍സ്ട്രീറ്റില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് ആവേശകരമായ പുതുപ്പിറവി. നേരത്തെ പൊലീസ് ഒഴിപ്പിച്ച ലോവര്‍ മാന്‍ഹട്ടനിലെ സുകോട്ടി പാര്‍ക്ക് പുതുവര്‍ഷരാവില്‍ പ്രക്ഷോഭകര്‍ വീണ്ടും പിടിച്ചെടുത്തു. "എല്ലാ ദിവസവും, എല്ലാ വര്‍ഷവും ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകു"മെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിനെ മറ്റിടങ്ങളിലേക്ക് നിയോഗിച്ച സാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രക്ഷോഭകര്‍ വീണ്ടും പാര്‍ക്ക് പിടിച്ചെടുത്തത്.

    ReplyDelete