Monday, January 2, 2012

മത്സ്യത്തൊഴിലാളി ഭവനപദ്ധതി ഇല്ലാതാക്കാന്‍ നീക്കം

ദേശീയ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കാന്‍ നീക്കം. പൂര്‍ണമായും കേന്ദ്ര ഫണ്ടില്‍ നടപ്പാക്കാറുള്ള പദ്ധതിയില്‍ ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചില്ല. വര്‍ഷംതോറും 1500ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എല്ലാ വര്‍ഷവും സെപ്തംബറില്‍ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് വഴിയാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. തുടര്‍ന്ന് നവംബറില്‍ മത്സ്യഭവന്‍ വഴി അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബറില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. എന്നാല്‍ , ഈ വര്‍ഷം നടപടിയൊന്നുമായിട്ടില്ല. സേവനമേഖലയില്‍ നിന്ന് പിന്മാറാനുള്ള യുപിഎ സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ഫണ്ട് മരവിപ്പിച്ച് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്കാണ് കേന്ദ്ര കൃഷി വകുപ്പ് പദ്ധതിയിലേക്ക് വര്‍ഷംതോറും ഫണ്ട് കൈമാറാറുള്ളത്. ധനകാര്യവകുപ്പ് വഴിയാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെടാറുള്ളത്. എന്നാല്‍ , ഇതുവരെ ഇതുസംബന്ധിച്ച നടപടികള്‍ ഫിഷറീസ് വകുപ്പോ ധനകാര്യവകുപ്പോ നടത്തിയിട്ടില്ല. അധികാരത്തിലേറിയ ഉടനെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനനിര്‍മാണ ഫണ്ട് രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , നിലവില്‍ ലഭിക്കുന്ന തുകപോലും ലഭ്യമാക്കാതെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ .

ജൂലൈയില്‍ എറണാകുളത്ത് നടന്ന വകുപ്പ്, ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭവനനിര്‍മാണത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫിഷറീസ് ഡപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ മാത്രമാണ് അപേക്ഷ സ്വീകരിച്ചത്. പദ്ധതിയുടെ ഫണ്ടിന് കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്ന് അറിഞ്ഞ് മറ്റു ജില്ലകളില്‍ അപേക്ഷ സ്വീകരിച്ചിട്ടില്ല. കാസര്‍കോട്ട് സ്വീകരിച്ച നൂറിലധികം അപേക്ഷകള്‍ ഓഫീസില്‍ കെട്ടിക്കിടപ്പാണ്. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യവര്‍ഷങ്ങളില്‍ ഒരു ഗുണഭോക്താവിന് 25,000 രൂപയാണ് നല്‍കിയിരുന്നത്്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമ്മര്‍ദ്ദഫലമായി പദ്ധതി തുക 50,000 രൂപ വരെ കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. 2010-11 വര്‍ഷങ്ങളില്‍ അപേക്ഷിച്ച മുഴുവന്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കും പാര്‍പ്പിടം ലഭ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു.

deshabhimani 020112

1 comment:

  1. ദേശീയ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കാന്‍ നീക്കം. പൂര്‍ണമായും കേന്ദ്ര ഫണ്ടില്‍ നടപ്പാക്കാറുള്ള പദ്ധതിയില്‍ ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചില്ല. വര്‍ഷംതോറും 1500ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എല്ലാ വര്‍ഷവും സെപ്തംബറില്‍ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് വഴിയാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. തുടര്‍ന്ന് നവംബറില്‍ മത്സ്യഭവന്‍ വഴി അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബറില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. എന്നാല്‍ , ഈ വര്‍ഷം നടപടിയൊന്നുമായിട്ടില്ല. സേവനമേഖലയില്‍ നിന്ന് പിന്മാറാനുള്ള യുപിഎ സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ഫണ്ട് മരവിപ്പിച്ച് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം.

    ReplyDelete