കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന കൊച്ചി മെട്രോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങുന്നു. പദ്ധതിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് കണ്‍സല്‍ട്ടന്റായിരുന്ന ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനും (ഡി എം ആര്‍ സി) അതിന്റെ മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച ഇ ശ്രീധരനും തുടര്‍ന്നുള്ള പദ്ധതി നടത്തിപ്പില്‍ ഇന്നത്തെനിലയില്‍ ഉണ്ടാവില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡി എം ആര്‍ സിയെയും ശ്രീധരനെയും ഒഴിവാക്കാനും പദ്ധതി പ്രവര്‍ത്തനം സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചുകൊടുക്കാനും സംസ്ഥാന സര്‍ക്കാരില്‍ ആര്‍ക്കൊക്കയോ നിര്‍ബന്ധമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന നീക്കങ്ങളാണ് കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ (സി എം ആര്‍ സി) ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
പദ്ധതി ആഗോള ടെണ്ടര്‍വഴി കരാര്‍ നല്‍കണമെന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരും സി എം ആര്‍ സിയും സ്വീകരിക്കുന്നത്. ജപ്പാനില്‍നിന്നുള്ള വായ്പ ലഭിക്കണമെങ്കില്‍ ആഗോള ടെണ്ടര്‍ നടത്തണമെന്നാണ് അവര്‍ ശഠിക്കുന്നത്. എന്നാല്‍ ആഗോള ടെണ്ടറില്‍ പങ്കെടുത്തു പദ്ധതി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഡി എം ആര്‍ സിയും ശ്രീധരനും സന്നദ്ധമല്ല. ഡി എം ആര്‍ സിയെ ഒഴിവാക്കി പദ്ധതി ചുമതല ഏല്‍ക്കാനും ശ്രീധരന്‍ തയ്യാറല്ല. ഡി എം ആര്‍ സിയെ നിര്‍മാണച്ചുമതല പൂര്‍ണമായി ഏല്‍പ്പിച്ചാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞുകഴിഞ്ഞു. മറ്റേതൊരു ഏജന്‍സിയും ഏഴു വര്‍ഷമെങ്കിലുമെടുത്ത് പൂര്‍ത്തിയാക്കുന്ന പദ്ധതി മൂന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്ന ആത്മവിശ്വാസവും ഇന്ത്യയുടെ 'മെട്രോമാന്‍' പരസ്യമായി പ്രകടിപ്പിച്ചു.
കൊച്ചി മെട്രോയുടെ പ്രാഥമിക ഘട്ടംമുതല്‍ അതിന് എല്ലാ അര്‍ഥത്തിലും നേതൃത്വം നല്‍കിവരുന്നത് ശ്രീധരനും ഡി എം ആര്‍ സിയുമാണ്. നാളിതുവരെ ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാന ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശവും നിര്‍ദേശവും നല്‍കിവന്നിരുന്നതും ശ്രീധരന്‍ തന്നെയാണ്. ശ്രീധരന്റെ അനുഭവസമ്പത്തിനെപ്പറ്റിയോ അദ്ദേഹം നടപ്പിലാക്കിയ ഡല്‍ഹി മെട്രോ അടക്കമുള്ള റയില്‍ വികസനപദ്ധതികളെപ്പറ്റിയോ ഭിന്നാഭിപ്രായം ആരില്‍നിന്നും ഉയര്‍ന്നിട്ടുമില്ല. പിന്നെ കേരള സര്‍ക്കാരിന്റെയും കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്റെയും ഇപ്പോഴത്തെ മറുകണ്ടംചാടലിനു പിന്നിലെ ചേതോവികാരം എന്തായിരിക്കാം?
അസാധ്യമെന്നു കരുതിയിരുന്ന കൊങ്കണ്‍ റയില്‍പാതയുടെ നിര്‍മാണത്തിലും രാഷ്ട്രതലസ്ഥാനത്തിന്റെ മുഖഛായ മാറ്റിമറിച്ച ഡല്‍ഹി മെട്രോയുടെ നിര്‍മാണത്തിലും സ്വകാര്യ പങ്കാളിത്തംകൂടാതെ അവ എങ്ങനെ കാര്യക്ഷമമായും നിശ്ചിതസമയത്തിനുമുമ്പായും പൂര്‍ത്തിയാക്കാനാവുമെന്നു ശ്രീധരന്‍ രാഷ്ട്രത്തിനു കാട്ടിത്തന്നു. ജപ്പാന്‍ ബാങ്കിന്റെ സഹായത്തോടെ നിര്‍മിച്ച ഡല്‍ഹി മെട്രോ വായ്പ വേഗം തിരിച്ചടക്കാവുന്നവിധം ലാഭത്തിലേക്ക് നീങ്ങുകയുമാണ്. ഡി എം ആര്‍ സി മാതൃകയില്‍തന്നെ കൊച്ചി മെട്രോയും സാക്ഷാത്ക്കരിക്കാനാവുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഡി എം ആര്‍ സിയുടെ സാങ്കേതിക വൈദഗ്ധ്യം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം കൊച്ചി മെട്രോയുടെ നിര്‍മാണവും നടന്നേ മതിയാവൂ.
ഈ വസ്തുതയും ഡി എം ആര്‍ സിയുടെ വിജയകരമായ അനുഭവവും കണക്കിലെടുക്കാതെയാണ് സി എം ആര്‍ സിയും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ ആഗോളടെണ്ടറിനെക്കുറിച്ച് പറയുന്നത്. ഡല്‍ഹി മെട്രോ നിര്‍മ്മാണത്തിന് വായ്പ നല്‍കിയ ജപ്പാന്‍ ബാങ്ക് തന്നെയാണ് കൊച്ചി മെട്രോയ്ക്കും വായ്പ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. ഡല്‍ഹി മെട്രോയുടെ സാങ്കേതിക മികവും നിര്‍മ്മാണ വേഗതയും അതിന്റെ വാണിജ്യ വിജയവും ജപ്പാന്‍ ബാങ്കിന് ബോധ്യപ്പെട്ടിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമാണ്. ആ വിജയഗാഥയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അനുപമ വ്യക്തിത്വം ഇ ശ്രീധരനാണെന്ന് മറ്റാരേക്കാളും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നത് ജപ്പാന്‍ ബാങ്ക് തന്നെയാണ്. ഇപ്പോള്‍ കൊച്ചി മെട്രോയുടെ വായ്പക്ക് ശ്രീധരനെക്കാള്‍ മികച്ച മറ്റൊരു 'ബാങ്ക് ഗാരണ്ടി' ജപ്പാന്‍ ബാങ്ക് കാണുന്നുണ്ടാവില്ല. ഈ വസ്തുത ജനങ്ങള്‍ തിരിച്ചറിയില്ലെന്നു കരുതുന്നവരാണ് വായ്പയെക്കുറിച്ചും ആഗോളടെണ്ടറിനെപറ്റിയുമൊക്കെ വാചകകസര്‍ത്തു നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.
എല്ലാ നന്മയുടെയും അകിട്ടില്‍ അഴിമതിയുടെ ചോര മണക്കുന്ന ഉദാരവല്‍ക്കരണ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുപിന്നില്‍. ശ്രീധരനും ഡി എം ആര്‍ സിയും പദ്ധതിയുടെ പൂര്‍ണ്ണ ചുമതലയേറ്റാല്‍ തങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തെപ്പറ്റി ഉത്തമബോധ്യമുള്ളവരാണ് ഇക്കൂട്ടര്‍. എല്ലാ പദ്ധതിയും എല്ലാ വികസനവും തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള അവസരമായി കാത്തിരിക്കുന്ന ഒരുപറ്റം ജനദ്രോഹികള്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളുടെ മുന്‍നിരയിലുള്ള ഈ പദ്ധതി ഹൈജാക്ക് ചെയ്യാന്‍ അനുവദിച്ചുകൂടാ. ഭരണമുന്നണിയിലും കോണ്‍ഗ്രസില്‍ തന്നെയും ഒരു വിഭാഗം ഈ വസ്തുത തിരിച്ചറിയുന്നുവെന്നത് ആശ്വാസകരം തന്നെ. വികസനത്തെയും പുരോഗതിയേയും അഴിമതിയുടെ പര്യായമായി കാണുന്ന സാമൂഹ്യ വിപത്തിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം. നിതാന്തജാഗ്രതക്കു മാത്രമേ കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയില്‍ നിന്നും അട്ടിമറിയില്‍ നിന്നും സംരക്ഷിക്കാനാവൂ.
janayugom editorial 010112
No comments:
Post a Comment