Thursday, January 19, 2012

രക്തസാക്ഷി സ്മരണയില്‍ ശൂരനാട് വീണ്ടും ചുവന്നു

അനശ്വര രക്തസാക്ഷികളുടെ സ്മരണയില്‍ ശൂരനാടിന്റെ മനം വീണ്ടും ചുവന്നു. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ പോരാടി മരിച്ച ധീരന്മാരുടെ സ്മരണയില്‍ നാട് ഒന്നാകെ ശിരസ്സ് നമിച്ചു. സിപിഐ എമ്മും സിപിഐയും സംയുക്തമായി നടത്തിയ 62-ാമത് ശൂരനാട് രക്തസാക്ഷിദിനാചരണം നാടിനുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്കുള്ള സ്മരണാഞ്ജലിയായി. ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നാട് ഒന്നാകെ ഒഴുകിയെത്തി. സിപിഐ എം ശൂരനാട്, ശൂരനാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളും സിപിഐ ശൂരനാട്, കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റികളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

ബുധനാഴ്ച വൈകിട്ട് പൊയ്കയിലെ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാലിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. സിപിഐ എം ശൂരനാട് ഏരിയകമ്മിറ്റി ഓഫീസ് പരിസരം, ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളില്‍നിന്ന് ബൈക്ക് റാലികള്‍ ആരംഭിച്ചു. രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച ബഹുജനറാലിയും ബൈക്ക് റാലികളും പാറക്കടവ് രക്തസാക്ഷി സ്മാരക ഓഡിറ്റോറിയത്തില്‍ എത്തിയതോടെ പൊതുസമ്മേളനം ആരംഭിച്ചു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി സമ്മേളനം ഉദ്ഘാടനംചെയ്തു. കെ ഗോപിക്കുട്ടന്‍ അധ്യക്ഷനായി. ശൂരനാട് സമരസേനാനി പോണാല്‍ തങ്കപ്പക്കുറുപ്പിനെ വി വി ദക്ഷിണാമൂര്‍ത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സിപിഐ കേന്ദ്ര കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ , സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ , സിപിഐ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ , ഇ കാസിം, എം ഗംഗാധരക്കുറുപ്പ്, വി ദിവാകരന്‍ , എം ശിവശങ്കരപ്പിള്ള, കെ ശിവശങ്കരന്‍നായര്‍ , അഡ്വ. കെ സോമപ്രസാദ്, അഡ്വ. ജി ശശി, ജി രാധാകൃഷ്ണന്‍ , സി എം ഗോപാലകൃഷ്ണന്‍നായര്‍ , ആര്‍ എസ് അനില്‍ , പി ബി സത്യദേവന്‍ , ആര്‍ സുന്ദരേശന്‍ , സി ദിവാകരന്‍ , ബി കരുണാകരന്‍ , മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

ലോകം മാര്‍ക്സിന്റെ വഴിതേടുന്നു: വി വി ദക്ഷിണാമൂര്‍ത്തി

മാര്‍ക്സിസം കാലഹരണപ്പെട്ടെന്ന് കൊട്ടിഘോഷിച്ച മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ മാര്‍ക്സാണ് ശരിയെന്ന നിലപാടിലെത്തിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ശൂരനാട് രക്തസാക്ഷി അനുസ്മരണ സമ്മേളനം പാറക്കടവിലെ രക്തസാക്ഷി സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസവും സോഷ്യലിസവും മരിച്ചെന്നാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇനി മുതലാളിത്തമാണ് അവസാന വാക്കെന്നായിരുന്നു അവരുടെ വാദം. ഇന്ന് മുതലാളിത്ത വ്യവസ്ഥ ആഴത്തിലുള്ള പ്രതിസന്ധി നേരിടുന്നു. മുതലാളിത്തത്തിനുണ്ടാകുന്ന പ്രതിസന്ധി ചാക്രികമാണ്. മുപ്പതുകളിലാണ് മുതലാളിത്തം സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. അന്നത്തേക്കാളും രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്. കുഴപ്പം ഇനിയും രൂക്ഷമാകുമെന്നാണ് ഐഎംഎഫ് പോലും പറയുന്നത്.

അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ ജനം തെരുവിലിറങ്ങി സമരംചെയ്യുന്നു. ഒരു ശതമാനംവരുന്ന സമ്പന്ന വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരികള്‍ക്കെതിരെയാണ് അവരുടെ പ്രക്ഷോഭം. സാധാരണക്കാരായ 99 ശതമാനം ജനങ്ങളുടെ താല്‍പ്പര്യം ഭരണവര്‍ഗം നിഷേധിക്കുന്നെന്നാണ് അവര്‍ മുഴക്കുന്ന മുദ്രാവാക്യം. അമേരിക്കയിലെ നൂറോളം നഗരങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നു. 82 മുതലാളിത്ത രാജ്യങ്ങളിലും പ്രക്ഷോഭത്തിന്റെ അലയടി ഉയര്‍ന്നു. മാനവരാശിയുടെ അടിസ്ഥാനപ്രശ്നങ്ങളുടെ പരിഹാരത്തിന് മാര്‍ക്സിയന്‍ തത്വചിന്തയാണ് ശരിയായ വഴിയെന്ന് അവര്‍ തിരിച്ചറിയുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമാണെന്ന് പ്രചരിപ്പിച്ച മുതലാളിത്തം സ്വയം കുഴപ്പത്തിലായി. ഈ മാര്‍ഗം സ്വീകരിച്ച ഇന്ത്യയുടെ പോക്കും പ്രതിസന്ധിയിലേക്കാണ്.

രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിച്ചു. അഴിമതിയില്‍ ഭരണവര്‍ഗം മുങ്ങിക്കുളിച്ചു. അഴിമതി വ്യാപിച്ചപ്പോഴാണ് അണ്ണ ഹസാരെയെ പോലുള്ളവര്‍ സമരരംഗത്തുവന്നത്. രാജ്യത്താകെ അഴിമതിക്കെതിരായ ജനവികാരം സൃഷ്ടിക്കാന്‍ ഹസാരെയുടെ സമരത്തിനു കഴിഞ്ഞു. എന്നാല്‍ , അഴിമതിയുടെ മൂലകാരണങ്ങളിലേക്ക് കടന്നുചിന്തിക്കാന്‍ അവര്‍ തയ്യാറല്ല. സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് അറുപത്തിമൂന്നിലേക്ക് ഉയര്‍ന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ എംപിമാര്‍ക്ക് പണംനല്‍കിയത് ഈ ശതകോടീശ്വരന്മാരാണ്. തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുവേണ്ടി അവര്‍ പണമൊഴുക്കുന്നു. അധികാരം നിയന്ത്രിക്കുന്നത് അവരാണ്. വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന്റെ മുദ്രാവാക്യം ഇന്ത്യന്‍ തെരുവുകളിലും ഉയരാന്‍ അധികകാലം വേണ്ടിവരില്ലെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

deshabhimani 190112

1 comment:

  1. അനശ്വര രക്തസാക്ഷികളുടെ സ്മരണയില്‍ ശൂരനാടിന്റെ മനം വീണ്ടും ചുവന്നു. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ പോരാടി മരിച്ച ധീരന്മാരുടെ സ്മരണയില്‍ നാട് ഒന്നാകെ ശിരസ്സ് നമിച്ചു. സിപിഐ എമ്മും സിപിഐയും സംയുക്തമായി നടത്തിയ 62-ാമത് ശൂരനാട് രക്തസാക്ഷിദിനാചരണം നാടിനുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്കുള്ള സ്മരണാഞ്ജലിയായി. ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നാട് ഒന്നാകെ ഒഴുകിയെത്തി. സിപിഐ എം ശൂരനാട്, ശൂരനാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളും സിപിഐ ശൂരനാട്, കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റികളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

    ReplyDelete